ക്ഷീരമേഖലയ്ക്ക് 33.03 കോടി കേന്ദ്രസഹായം

കൊച്ചി∙ പ്രളയത്തിൽ നഷ്ടം നേരിട്ട കേരളത്തിലെ ക്ഷീരമേഖലയ്ക്ക് 44.03 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രസഹായം. മിൽമയ്ക്കാണു 33.03 കോടി രൂപയുടെ  ഗ്രാന്റ് അനുവദിക്കുക. ബാക്കി 11 കോടി രൂപ മിൽമ ചെലവഴിക്കണം. 2 വർഷംകൊണ്ട് പദ്ധതികൾ നടപ്പാക്കണം.  പ്രളയത്തിൽ നഷ്ടം നേരിട്ട 1658 കർഷകർക്ക് പശുക്കളെ വാങ്ങാനും 1012 കന്നുകുട്ടികളെ വാങ്ങാനും 1163 കാലിത്തൊഴുത്ത് പുനർനിർമിക്കാനും 2686 തൊഴുത്തുകൾ അറ്റകുറ്റപ്പണികൾ നടത്താനും കാലിത്തീറ്റ, കുളമ്പുരോഗപ്രതിരോധം തുടങ്ങിയവയ്ക്കുമാണ് ഫണ്ട്.

രാജ്യത്തെ പാലിന്റെ സ്ഥിതി അവലോകനം ചെയ്യാൻ സെപ്റ്റംബറിൽ ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് മിൽമ കേരളത്തിന് സഹായം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചത്. ഇതുസംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തെ അയയ്ക്കുമെന്ന് ആ യോഗത്തിൽത്തന്നെ ഉറപ്പും ലഭിച്ചു. അതേ മാസം തന്നെ ഡപ്യൂട്ടി കമ്മിഷണർ ചിന്മയോജിത്ത് സെന്നിന്റെ നേതൃത്വത്തിലുള്ള സംഘം കേരളം സന്ദർശിച്ചു. തുടർന്ന് മിൽമ, മൃഗസംരക്ഷണം, ഡെയറി വകുപ്പുകൾ ചേർന്ന് 54.84 കോടി രൂപയുടെ സഹായം തേടി പദ്ധതികൾ സമർപ്പിക്കുകയായിരുന്നു.