വിലമധുരം ചോർന്ന് പൈനാപ്പിൾ

മറ്റു സംസ്ഥാനങ്ങളിൽ നിന്നു വൻതോതിൽ ആപ്പിളും ഓറഞ്ചും എത്തിയതോടെ പൈനാപ്പിളിനു വിലയിടിഞ്ഞു. വാഴക്കുളം മാർക്കറ്റിൽ കർഷകരെത്തിക്കുന്ന പൈനാപ്പിളിനു കിലോഗ്രാമിനു 15 രൂപയിൽ താഴെയാണു ലഭിക്കുന്നത്. അതേസമയം ഇവിടത്തെ ചില്ലറ വിൽപന ശാലയിൽ 50 രൂപയും.

മണ്ഡലകാലവും അനുകൂല സീസണും പ്രതീക്ഷിച്ചു വ്യാപകമായി പൈനാപ്പിൾ കൃഷി ചെയ്തിരുന്നു. വൻതോതിൽ വിലയിടിഞ്ഞതിനൊപ്പം ഹർത്താലിനെ തുടർന്നു വ്യാപാരം നടക്കാത്തതോടെ ഇന്നലെ മാർക്കറ്റിൽ ലക്ഷക്കണക്കിനു രൂപയുടെ പൈനാപ്പിളാണു നശിച്ചത്. കുറഞ്ഞ നിരക്കിൽ മറ്റു സംസ്‌ഥാനങ്ങളിൽ നിന്നുള്ള പഴങ്ങൾ വൻതോതിൽ എത്തുന്നുണ്ട്. പൈനാപ്പിൾ വില ഇടിയാതിരിക്കാൻ സർക്കാർ ഏജൻസികൾ ഇടപെടുന്നുമില്ല.

സമാന സാഹചര്യം നേരത്തേയുണ്ടായപ്പോൾ സർക്കാർ ഇടപെട്ട് 200 ടൺ പൈനാപ്പിൾ ശേഖരിക്കുമെന്നും ഹൈടെക് മാർക്കറ്റ് ആരംഭിക്കുമെന്നുമൊക്കെ പ്രഖ്യാപിച്ചെങ്കിലും ഇതെല്ലാം പാഴ്‌വാക്കായി. കുറെ പൈനാപ്പിൾ ശേഖരിച്ചെങ്കിലും ഇതിൽ പകുതിയോളം കമ്പനിയിൽ കെട്ടിക്കിടന്നു നശിക്കുകയും ചെയ്തു. പിന്നീടു പൈനാപ്പിൾ മാർക്കറ്റിൽ സർക്കാർ ഇടപെട്ടിട്ടില്ല.

കർഷകനു വില കിട്ടുന്നില്ലെങ്കിലും ചില്ലറ വിലയിൽ പൈനാപ്പിളിനു വലിയ ഇടിവൊന്നും സംഭവിക്കുന്നുമില്ല. വില ഇടി‍ഞ്ഞുവെന്നാൽ നഷ്ടം കർഷകനു മാത്രമുള്ളതാണ്. നേട്ടം ഇടനിലക്കാർക്കും. ഏതാനും ആഴ്ച മുൻപു വാഴക്കുളം മാർക്കറ്റിൽ 40 രൂപ വരെയായി ഉയർന്നിരുന്നു. തുടർന്നു പൊടുന്നനെയാണു വില 15ൽ താഴെയെത്തിയത്. അതേസമയം സൂപ്പർ മാർക്കറ്റുകളിലും ചില്ലറ വിൽപന കേന്ദ്രങ്ങളിലും കിലോഗ്രാമിന് 50 രൂപയ്ക്കു മുകളിലുണ്ട്.

വിലയിടിഞ്ഞാൽ അതിന്റെ കുറവു വിപണിയിൽ ഉണ്ടാകാത്തതിനു കാരണം ഇടനിലക്കാരുടെ കൊള്ളയാണ്. സംസ്ഥാനത്തിനു പുറത്തെത്തിയാൽ കിലോഗ്രാമിന് 80നു മുകളിലാണു പൈനാപ്പിൾ വില.