ഇടിവ് തുടരുന്നു; എണ്ണവില 63 ഡോളർ

ദോഹ∙ രാജ്യാന്തര എണ്ണ വില 10 മാസത്തെ കുറഞ്ഞ നിരക്കിൽ. ബാരലിന് 62.53 ഡോളർ വരെ താഴ്ന്ന ബ്രെന്റ് ക്രൂഡ് വില, പിന്നീട് യുഎസ് എണ്ണ ലഭ്യതയിൽ കുറവുണ്ടായതോടെ വർധിച്ച് 63.61 ഡോളറിലെത്തി. സാമ്പത്തിക മാന്ദ്യമാണ് വിലയിടിവിന് കാരണം.

ഒക്ടോബർ ആദ്യം ബാരലിന് 86 ഡോളർ കടന്ന എണ്ണ വില പിന്നീട് കുത്തനെ താഴുകയായിരുന്നു. ഒന്നര മാസത്തിനിടെ കുറഞ്ഞത് 20 ഡോളറിലേറെ. എണ്ണ ലഭ്യതയിലുണ്ടായ വർധനയാണു കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഒപെക് രാജ്യങ്ങൾ വീണ്ടും ഉൽപാദന നിയന്ത്രണത്തെ കുറിച്ച് ആലോചിക്കുകയാണ്.

എന്നാൽ ഉൽപാദന നിയന്ത്രണത്തെ എതിർക്കുന്ന യുഎസിന്റെ സമ്മർദം മറികടന്നുള്ള തീരുമാനമുണ്ടാകുമോ എന്ന് ഡിസംബർ ആദ്യം ചേരുന്ന ഒപെക് യോഗത്തിലേ വ്യക്തമാകൂ.