ഹോട്ടൽ വ്യവസായ രംഗത്ത് 1500 കോടിയുടെ നിക്ഷേപവുമായി ന്യൂക്ലിയസ് ഗ്രൂപ്പ്‌

കൊച്ചി ∙ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ ന്യൂക്ലിയസ് പ്രോപ്പർടീസിന്റെ സഹോദര സ്ഥാപനം, ന്യൂക്ലിയസ് ഹോട്ടൽസ് ആൻഡ് റിസോർട്സ് ‘ദി ന്യൂക്ലിയസ്’ എന്ന ബ്രാൻഡിൽ ഇന്ത്യയ്ക്ക് അകത്തും പുറത്തും 4 സ്റ്റാർ, 5 സ്റ്റാർ ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും ശൃംഖലയുമായി വരുന്നു.‌

വയനാട് നിർമാണം പുരോഗമിക്കുന്ന റിസോർട്ട്, തേക്കടിയിൽ പ്രവർത്തനം ആരംഭിച്ച റിസോർട്ട്, ഒമാനിലെ സലാലയിൽ നിർമാണത്തിലിരിക്കുന്ന അപാർട്മെന്റ് ഹോട്ടൽ എന്നിവ കൂടാതെ, കൊച്ചി വില്ലിങ്ടൻ ഐലൻഡിലെ ഹോട്ടൽ, മസ്കറ്റിലെ ഹോട്ടൽ, മാലിദ്വീപിലെ റിസോർട്ട് എന്നിവ 2019ൽ നിർമാണം തുടങ്ങും.

2025 ഓടെ മൊത്തം 22 ലക്ഷം ചതുരശ്ര അടിയിൽ 2000 റൂമുകളുമായി 25 ഹോട്ടലുകൾ എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. വിവാഹം, സമ്മേളനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉതകുന്ന ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ഫാമിലി ഫ്രണ്ട്‌ലി പ്രോപ്പർട്ടികളാണ‌ു ന്യൂക്ലിയസ് വിഭാവനം ചെയ്യുന്നതെന്നു ഗ്രൂപ്പ് വക്താക്കൾ പറഞ്ഞു.

ന്യൂക്ലിയസ് പ്രോപ്പർട്ടീസിന്റെ കീഴിലുള്ള ന്യൂക്ലിയസ് എലിഗൻസ 2019 മാർച്ചിലും കോട്ടയത്തുള്ള ന്യൂക്ലിയസ് ബേവ്യൂ ഏപ്രിലിലും മറ്റു നിർമാണത്തിലിരിക്കുന്ന പ്രൊജക്റ്റുകൾ തുടർന്നു വരുന്ന മാസങ്ങളിലുമായി ഇതേ വർഷം നിർമാണം പൂർത്തിയാക്കി കൈമാറ്റം ചെയ്യും. കോട്ടയത്തു ന്യൂക്ലിയസ് ബെവ്യൂവിന്റെ സെക്കൻഡ് ഫെയ്‌സും എറണാകുളത്തും തിരുവനന്തപുരത്തുമായി പുതിയ 2 റസിഡൻഷ്യൽ പ്രൊജക്റ്റുകളും ഒരു വർഷത്തിനകം ആരംഭിക്കുമെന്നും ഗ്രൂപ്പ് വക്താക്കൾ പറഞ്ഞു.