പരസ്യങ്ങളെ നാടനാക്കി പീയൂഷ് പാണ്ഡെ

എത്ര തട്ടിയാലും പൊട്ടാത്ത മുട്ടയുടെ വിഡിയോ ഫെവിക്കോളിന്റെ പരസ്യമാണ്. ഫെവിക്കോൾ ടിന്നിൽ നിന്നു കോഴി തീറ്റ കൊത്തി തിന്നതിന്റെ ഫലമാണു പോൽ! വൻ ചൂണ്ടയുമായി സായിപ്പിനെപ്പോലെ കോട്ടും തൊപ്പിയുമായി സ്റ്റൈലിൽ മീൻ പിടിക്കാൻ വന്നയാൾ ചൂണ്ടയൊന്നുമില്ലാത്ത തനി നാട്ടുമ്പുറത്തുകാരൻ കമ്പിൽ പശതേച്ചു വെള്ളത്തിലേക്കു നീട്ടി മീൻ പിടിക്കുന്നതു കണ്ട് അമ്പരക്കുന്ന വിഷ്വലും ഫെവിക്കോൾ പരസ്യത്തിന്റേതു തന്നെ. നൂറ്റാണ്ടിലെ മികച്ച പരസ്യമെന്ന് ആഡ് ക്ലബ് ഓഫ് മുംബൈ പ്രഖ്യാപിച്ച അതിന്റെ പിന്നിലെ പ്രതിഭയാകുന്നു പീയൂഷ് പാണ്ഡെ.

ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യ ഏജൻസി ഒ ആൻഡ് എം ചെയർമാനും ക്രിയേറ്റിവ് ഡയറക്ടറുമാണു പീയൂഷ്. പുകവലിക്കെതിരെയുള്ള പരസ്യം കാൻ ഫെസ്റ്റിവലിൽ രാജ്യാന്തര അവാർഡ് നേടിയതോടെയാണ് പീയൂഷ് ശ്രദ്ധിക്കപ്പെടുന്നത്. മാൾബറോമാൻ  എന്ന പേരിൽ കുതിരയുമായി നിൽക്കുന്ന വൈൽഡ് വെസ്റ്റ് കഥാപാത്രം ഏറെക്കാലം ബാൾബറോ സിഗരറ്റിന്റെ പൗരുഷം തികഞ്ഞ പരസ്യമായിരുന്നു. പുകവലിക്കെതിരെയുള്ള പ്രചാരണത്തിന് പീയൂഷ് പാണ്ഡെ ഈ പരസ്യ ചിത്രം തന്നെ വിഷയമാക്കി. സിഗരറ്റിന്റെ പുക ശ്വസിച്ച കുതിര ചത്തു കിടക്കുന്നതാണു ചിത്രമെന്നു മാത്രം. പുകവലി അസുഖത്തെ കാൻസർ സുഖപ്പെടുത്തും– എന്നൊരു വാചകവും.

ജയ്പൂർ സ്വദേശികളായ പീയൂഷും അനി‍‍യൻ പ്രസൂൻ പാണ്ഡെയും ഇന്ത്യൻ പരസ്യരംഗത്തെ അതികായൻമാരാണ്. ഫെവിക്കോളിന്റേതുൾപ്പടെ മിക്ക പരസ്യ വിഡിയോകളുടേയും സംവിധായകനാണ് പ്രസൂൻ പാണ്ഡെ. സൂപ്പർതാരമായി വിലസുന്നത് ജ്യേഷ്ഠൻ പീയൂഷ് പാണ്ഡെ. 600ലേറെ  അവാർഡുകൾ വാരിക്കൂട്ടിയിട്ടുണ്ട് ഈ കപ്പടാമീശക്കാരൻ. ഇന്ത്യയിലെ ഏറ്റവും പ്രബലനായ പരസ്യ പ്രതിഭയായി പത്തു വർഷം തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു.

ചിത്രം അല്ലെങ്കിൽ വിഡിയോ ചുണ്ടിലൊരു ചിരി വിരിയിച്ചാൽ വിജയിച്ചു എന്നതാണ് മിക്ക പരസ്യങ്ങളുടേയും അടിസ്ഥാനം. പക്ഷേ, അതിന് ആകാശത്തു ജീവിച്ചാൽ പോരാ, കുഗ്രാമങ്ങളിലെ ജീവിതം അറിയണം. കുട്ടിക്കാലത്ത് ജയ്പൂരിലെ കുടുംബ ജീവിതവും യാത്രകളുമാണ് അതിനു സഹായിച്ചതെന്ന് പീയൂഷ് പറയുന്നു.

ക്രിക്കറ്റ് പരസ്യങ്ങളിലൂടെയാണ് പീയൂഷ് പ്രതിഭ തെളിയിച്ചത്. ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ഓടിക്കയറി വന്ന് നൃത്തം ചെയ്യുന്ന കാമുകിയുടെ ചിത്രം ഓർമയുണ്ടോ? കാ‍ഡ്ബറീസ് ചോക്‌ലേറ്റിന്റേതാണ്. വിജയകരമായി ഇപ്പോഴും ഓടുന്ന വോഡഫോൺ സുസു പരസ്യങ്ങളും ഒഗിൽവി പ്രതിഭാ ഫാക്ടറിയിൽനിന്നു വരുന്നതാണ്.