കേരളം ഡിജിറ്റൽ പുലി, ട്രാക്ടറിൽ എലി

വഴിവക്കിലെ പഴക്കടയിൽ, ഫുട്പാത്ത് കച്ചവടക്കാരിൽ, തേപ്പുകടയിൽ, തട്ടുകടയിൽ...വിപ്ളവം അരങ്ങേറുന്നുണ്ട്. പണം കൈമാറ്റം ഡിജിറ്റലായി മാറ്റിയിരിക്കുന്നു. ഡിജിറ്റൽ പണമിടപാടു കമ്പനിയുടെ ബോർഡ് വഴിവക്കിലും മരക്കൊമ്പിലും തൂങ്ങുന്നു. സാധനം അല്ലെങ്കിൽ സേവനം കഴിഞ്ഞ് പണം കൊടുക്കുന്നത് മൊബൈൽ ഫോൺ വച്ചിട്ടാണ്.

പേഴ്സ് എടുക്കുക, കാശെണ്ണുക, ബാക്കി വാങ്ങുക പോലുള്ള മിനക്കേടുകളില്ല. ചില്ലറ കൊടുക്കുന്ന സൊല്ല ഒഴിവായെന്ന് തട്ടുകടക്കാരൻ ഹാപ്പിയായി പറയുന്നു. ലോകത്തെ പല ബസുകളും നമ്മൾ മിസ് ആയിപ്പോയെന്നു പയ്യാരം പറയുന്നവരോട് ധൈര്യമായി പറയാം– ഡിജിറ്റൽ ബസ് നമ്മൾ മിസ് ആക്കുന്നില്ല.

കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ ആകെ സ്ഥിതിയും ബസ് മിസ് ആയിപ്പോയതിന്റെ, അഥവാ പോയ ബുദ്ധി ആന പിടിച്ചാലും കിട്ടാത്തതിന്റെ ഫലമാണ്. ഇരുമ്പും മറ്റു ലോഹങ്ങളും കണ്ടുപിടിച്ച് യൂറോപ്പിലാകെ വ്യവസായ വിപ്ളവം നടന്നപ്പോൾ നമ്മൾ ബ്രിട്ടിഷ് ഭരണത്തിൻ കീഴിലായിരുന്നു. വ്യവസായ വിപ്ളവം നമ്മൾ അറിയാതെ പോയി. സായിപ്പ് ഫാക്ടറികളിൽ ഉണ്ടാക്കി കൊണ്ടു വരുന്ന സാധനങ്ങൾ കണ്ടു വാ പൊളിച്ചു നോക്കാനായിരുന്നു വിധി.


പക്ഷേ ഇന്റർനെറ്റ് വിപ്ളവം വന്നപ്പോൾ ഇന്ത്യ കറക്ട് സ്ഥാനത്തുണ്ടായിരുന്നു. അതിലൊരു പിടിപിടിച്ചു. ഇന്ത്യ ഇൻഫർമേഷൻ സൂപ്പർ പവറായി മാറി. പക്ഷേ അതിന്റെ ആസ്ഥാനം ബംഗളൂരുവും മറ്റു പല നഗരങ്ങളുമായിരുന്നു. കേരളം ആ ബസും മിസ് ചെയ്തു. കുറച്ച് ഐടി ബിസിനസ് വൈകി എത്തിയെന്നു മാത്രം. പണി തരൂ പിന്നീടാകാം കംപ്യൂട്ടർ എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു കാലം പൊയ്പ്പോയി.

അതിനും മുമ്പ് ട്രാക്ടർ വന്ന കാലത്ത് കേരളം അടിച്ചോടിച്ചെന്ന് പലരും പരാതി പറയുന്നതു ശരിയാണ്. ട്രാക്ടർ ഇന്നും കേരളത്തിൽ ക്ളച്ചു പിടിച്ചിട്ടില്ല. കേരളത്തിൽ ട്രാക്ടറിന്റെ ഇന്നത്തെ സ്ഥിതി അന്വേഷിച്ചാൽ അത്ഭുതം തോന്നും. ഇവിടെ ട്രാക്ടർ സ്വന്തമായിട്ടുള്ള കൃഷിക്കാർ അപൂർവം. ക്വാറികളിൽ പണിക്കാണ് ട്രാക്ടർ കൂടുതലായി ഉപയോഗിക്കുന്നതത്രെ. നിലം ഉഴാൻ മാത്രമല്ലല്ലോ ട്രാക്ടർ. അതിന്റെ പിറകിൽ പലതരം ആവശ്യങ്ങൾക്ക് യന്ത്രങ്ങൾ ഫിറ്റ് ചെയ്യാം.

പിറകിൽ ബ്രേക്കർ ഫിറ്റ് ചെയ്തിട്ട് കുന്ന് ഇടിക്കാനും പാറ പൊട്ടിക്കാനുമാണ് ഇവിടെ ട്രാക്ടർ!  കേരളത്തിൽ വർഷം 300–350 ട്രാക്ടർ മാത്രമേ വിൽപ്പനയുള്ളു. യുപി പോലുള്ള സംസ്ഥാനങ്ങളിൽ മാസം പതിനായിരം ട്രാക്ടർ വിറ്റെന്നിരിക്കും. വർഷം 80000 ട്രാക്ടറാണ് യുപിയിലെ വിൽപ്പന. ഐടിഎല്ലും മഹീന്ദ്രയുമാണ് ട്രാക്ടർ വിപണിയിൽ മുൻനിരയിൽ.

സീസൺ അനുസരിച്ചു ട്രാക്ടറുകൾ ചൂടു ജിലേബി പോലെ വിറ്റഴിയും. കാലത്തേ ചൂടു ജിലേബിയും നിന്ന് ചായയും കുടിച്ചാണ് അവിടൊക്കെ പാടത്തു പണിക്കിറങ്ങുന്നത്. തമിഴ്നാട്ടിൽ വർഷം 16000, കർണാടകയിൽ 25000, ആന്ധ്രയിൽ 38000 ട്രാക്ടർ വർഷം വി‍ൽക്കുന്നുണ്ട്. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന പോലെ ട്രാക്ടർ എണ്ണം കണ്ടാലറിയാം കേരളത്തിൽ കൃഷിയുടെ പഞ്ഞം. 

ഒരു ട്രാക്ടറിന് എന്തു വില വരുമെന്നു പോലും നമുക്കറിയില്ല. ഹോഴ്സ് പവർ അനുസരിച്ചു നാലു ലക്ഷം മുതൽ ഏഴു ലക്ഷം രൂപ വരെ. ട്രാക്ടർ വാങ്ങുന്നതിന് വണ്ടി വായ്പ നൽകുന്ന കമ്പനികളേറെയുണ്ട്. കേരളത്തിൽ അങ്ങനെയൊരു വണ്ടി വായ്പ ആരും കേട്ടിട്ടില്ല.

നമ്മൾ സർവത്ര ടു വീലർ വായ്പയെടുത്ത് ബൈക്ക് വാങ്ങി ഹെൽമറ്റ് വയ്ക്കാതെ പറപറന്ന് ഗട്ടറിൽ വീണു തലപൊട്ടി സിദ്ധികൂടും. പാലക്കാടും മറ്റും നെൽക്കൃഷിക്ക് ട്രാക്ടർ ഉപയോഗിക്കുന്നുണ്ടെങ്കിലും വാടകയ്ക്ക് എടുക്കുന്നതാണത്രെ. സ്വന്തം ഉപയോഗത്തിന് ട്രാക്ടർ വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നതു കുറവാണ്.

ട്രാക്ടർ ഉണ്ടെങ്കിൽ തന്നെ സ്വന്തം ആവശ്യം ഏതാനും ദിവസത്തേക്കു മാത്രമേ കാണൂ. പിന്നെ മണിക്കൂർ കണക്കിനു വാടകയ്ക്കു കൊടുക്കലാണ്. മണിക്കൂറിന് 800 രൂപ വാടക. ഒന്നര മണിക്കൂർ മതി ഒരേക്കർ നിലം ഉഴാൻ. ഒടുവിൽ ലോകം ഡിജിറ്റൽ വിപ്ളവം നടത്തുമ്പോഴെങ്കിലും നമ്മളും കൂടെ പിടിക്കട്ടെ. ഓൺലൈൻ ബസ് എങ്കിലും മിസ് ചെയ്യാതിരിക്കട്ടെ. നമ്മൾ പണ്ടേ 100% ഡിജിറ്റൽ സാക്ഷരത നേടി റെഡിയായിരിക്കുകയായിരുന്നല്ലോ.

ഒടുവിലാൻ∙ ഇവിടെ ക്വാറികളിൽ ഓടുന്ന ട്രാക്ടറിനു പിന്നിൽ ജാക്ക് ഹാമർ ഫിറ്റ് ചെയ്തിട്ട് പാറതുരക്കും. എന്തിനാ? തൈ നടാനല്ല. പാറ പൊട്ടിക്കാൻ വെടിമരുന്നു നിറയ്ക്കാനുള്ള കുഴി ഉണ്ടാക്കാൻ!