അലസരായിരുന്നാലും ധനികരാകാം!

നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മടിയൻ എന്നു വിളിച്ച് നിങ്ങളെ കളിയാക്കാറുണ്ടോ? എപ്പോഴും ചിരിക്കുന്ന ബാങ്ക് മാനേജരുടെ മുഖം നിങ്ങളെ കാണുമ്പോൾ വാടാറുണ്ടോ? ഇങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം അതെ എന്നാണോ, എങ്കിൽ നിങ്ങൾക്കു ധനികനാകാനുള്ള അവസരമുണ്ട്. തമാശ പറയുകയല്ല. മടിയൻമാർക്കും ധനികരാകാനുള്ള പ്ലാനുകൾ ഇപ്പോഴുണ്ട്.

പെട്ടെന്നു പണക്കാരനാകാൻ‍ഒട്ടേറെ മാർഗങ്ങളുണ്ട്. കോടീശ്വരനായ ആരെങ്കിലും ദത്തെടുക്കുക, കോടീശ്വരപുത്രിയെ വിവാഹം ചെയ്യുക, ലോട്ടറി അടിക്കുക.. ഇങ്ങനെ പലതും. പക്ഷേ ഇതൊന്നും അത്ര എളുപ്പത്തിൽ സംഭവിക്കുന്ന കാര്യങ്ങളല്ല.

പണക്കാരനാകാൻ നിങ്ങളുടെ പണം

നിങ്ങളുടെ പണം കൊണ്ടു തന്നെ പണക്കാരനാകണം. പക്ഷേ, കഠിനാധ്വാനം ചെയ്യേണ്ടതു നിങ്ങളല്ല, നിങ്ങളുടെ പണമാണ്. അങ്ങനെ മടിയൻമാർക്കും പണക്കാരനാകാനുള്ള എളുപ്പവഴിയാണ് മ്യൂച്വൽ ഫണ്ടുകൾ നൽകുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻസ്(എസ്ഐപി). നിശ്ചിത തുക എല്ലാ മാസവും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം കൊണ്ടു നിങ്ങൾക്കു ദീർഘകാലാടിസ്ഥാനത്തിൽ വലിയ നേട്ടങ്ങൾ കൊയ്യാം.

കോടിപതി, എളുപ്പവഴിയിൽ

നിങ്ങൾ പ്രതിമാസം 14,000 രൂപ വീതം 20 വർഷത്തേക്കു നിക്ഷേപിക്കുന്നൂ എന്നിരിക്കട്ടെ. നിക്ഷേപം 10 ശതമാനം വളർന്നാൽ നിങ്ങൾ കോടിപതിയാകുകയും ചെയ്യും. അതേസമയം എസ്ഐപിയിലൂടെ ഇക്വിറ്റി മാർക്കറ്റിലാണു നിക്ഷേപിക്കുന്നതിലോ, നിങ്ങളുടെ പണത്തിന്റെ മൂല്യം വിപണികൾക്കനുസരിച്ചു മാറും. ഇവിടെയാണു നിങ്ങളുടെ മടി പ്രയോജനം ചെയ്യുന്നത്. ഈ നിക്ഷേപം ദീർഘകാലത്തിൽ നിങ്ങൾക്കു നൽകുന്നത് അപ്രതീക്ഷിത തുകയായായിരിക്കും. എസ്ഐപി മ്യൂച്വൽ ഫണ്ടിലെ നിശ്ചിത നിക്ഷേപങ്ങൾ വിപണികളിലെ നഷ്ടത്തിൽ നിന്നും നിങ്ങളെ രക്ഷിക്കും.