ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമുമായി കൊച്ചിയിലെ കമ്പനി

വിവിധ വിഷയങ്ങളിൽ ട്യൂഷൻ ലഭ്യമാക്കുന്ന ഇ-ലേണിങ് സൈറ്റുമായി കൊച്ചി ആസ്ഥാനമായ എഡ്യൂനെറ്റ് ടെലിക്ലാസ്‌റൂംസ്. ചുരുങ്ങിയ ഫീസിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ട്യൂട്ടർമാരിൽ നിന്നും തങ്ങൾക്കാവശ്യമുള്ള വിഷയങ്ങളിൽ വിദ്യാർഥികൾക്ക് ട്യൂഷൻ നേടാൻ അവസരം നൽകുന്നതാണ് ട്യൂട്ടർമൈൻ എന്ന ഈ സേവനം. വിദ്യാർഥികൾക്ക് നിശ്ചിത ഫീസടച്ച് ആവശ്യമുള്ള വിഷയങ്ങളിലെ പ്രഗൽഭ അധ്യാപകരുമായി ലൈവായി പരസ്പരം കണ്ടുകൊണ്ട് ട്യൂഷൻ സ്വീകരിക്കാമെന്നതാണ് ട്യൂട്ടർമൈന്റെ സവിശേഷത. നിലവിൽ ലോകമെമ്പാടുമുള്ള ആയിരത്തിലേറെ അധ്യാപകർ ട്യൂഷൻ നൽകുന്ന സൈറ്റിൽ ദിനംപ്രതി കൂടുതൽ അധ്യാപകർ ചേരുകയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു.
 
വിദ്യാർഥികൾ ആദ്യം സൈറ്റിൽ റജിസ്റ്റർ ചെയ്യണം. തുടർന്ന് സൈറ്റിലുള്ള ട്യൂട്ടർമാരെ അവരുടെ അക്കാദമിക യോഗ്യതകൾ വിലയിരുത്തി ബന്ധപ്പെടാവുന്നതാണ്. തുടർന്ന് അധ്യാപകർക്ക് വിദ്യാർഥികളുമായി നേരിട്ട് ഫീസും മറ്റ് കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കാം.

തീരുമാനമായാൽ മുഖാമുഖമുള്ള ആശയവിനിമയത്തിന് സൗകര്യമൊരുക്കുന്ന വെർച്വൽ ക്ലാസ്‌റൂം സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം വിദ്യാർഥികൾക്ക് ലഭ്യമാക്കും. നോട്ടുകളെഴുതാനും ഗ്രാഫുകളും ചിത്രങ്ങളും വരയ്ക്കാനും ഡിജിറ്റൽ റൈറ്റിങ് ബോർഡും സജ്ജമാക്കിയിട്ടുണ്ടെന്ന് എഡ്യൂനെറ്റ് ടെലിക്ലാസ്‌റൂംസ് സിഇഒ രാംമോഹൻ നായർ പറഞ്ഞു.

കമ്പനി നൽകുന്ന ഓൺലൈൻ ട്യൂഷൻ സംവിധാനത്തിന് നാല് ഘട്ടങ്ങളുണ്ട്. മൊത്തം പാഠ്യപദ്ധതിയും ട്യൂട്ടർമാർ ചെറു പഠന വീഡിയോകളായി മാറ്റുന്നതാണ് ആദ്യപടി. പാഠ്യപദ്ധതിയിലെ ഒരു അധ്യായം മുഴുവനായി ഒരു വീഡിയോയിലുണ്ടാകും. നേരത്തെ റെക്കോഡ് ചെയ്ത വീഡിയോകളിലൂടെ ഡിജിറ്റൽ ബോർഡ്, വീഡിയോ, ഓഡിയോ എന്നീ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ട്യൂറ്റർമാർ പഠിപ്പിക്കുക. രണ്ടാംഘട്ടത്തിൽ വിദ്യാർഥികൾക്ക് ട്യൂറ്റർമാരുമായി ലൈവായി ആശയവിനിമയം. ഓൺലൈൻ പരീക്ഷയാണ് മൂന്നാം ഘട്ടത്തിൽ. ട്യൂട്ടർമൈനിലെ സാമൂഹ്യ മാധ്യമത്തിലൂടെ മറ്റ് വിദ്യാർഥികളുമായി സംശയങ്ങൾ പങ്കുവെയ്ക്കുകയും അതിന് ഉത്തരം കണ്ടെത്തുകയും ചെയ്യാവുന്ന സംവിധാനമാണ് അവസാനഘട്ടത്തിൽ.

വിദ്യാർഥികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് വെർച്വൽ ക്ലാസ്‌റൂമിലേക്ക് ലോഗിൻ ചെയ്ത് ലൈവ് ക്ലാസുകളിൽ പങ്കെടുക്കാവുന്നതാണ്. വിദ്യാർഥികൾക്ക് അവരുടെ വീടിന്റെ സുരക്ഷിതത്വത്തിലിരുന്നുകൊണ്ട് ട്യൂഷൻ സ്വീകരിക്കാമെന്നത് മാത്രമല്ല രക്ഷിതാകൾക്ക് അവരുടെ ട്യൂഷൻക്ലാസുകൾ നിരീക്ഷിക്കുകയും ചെയ്യാം. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ അനേകം വിദ്യാർഥികൾക്ക് തങ്ങളുടെ വീടുകളിലിരുന്ന് ഒരേസമയം ട്യൂഷൻ നൽകാമെന്നിരിക്കെ ട്യൂട്ടർമാർ കുറഞ്ഞ ഫീസാണ് ഈടാക്കുകയെന്നും കമ്പനി പറയുന്നു.