ജോസിനു മുന്നിൽ ഇനി ഒരൊറ്റ ചോദ്യമേയുള്ളൂ, ഇനിയെങ്ങോട്ട്?

ജോസിന്റെ ഭാര്യ ഓമന.

പ്രവിത്താനം∙ ജീവിതത്തിൽ അടിക്കടിയുണ്ടാകുന്ന ദുരിതക്കയത്തിൽ ആഴ്ന്നു പോയ ജോസിനു മുമ്പിൽ ഈ മാർച്ച് മാസം പരീക്ഷണങ്ങളുടേതാണ്. ഇനിയെങ്ങോട്ട് എന്ന തീരുമാനം എടുക്കാനുള്ള ദിവസങ്ങളാണ് അയാൾക്കു മുമ്പിലത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ഒരു കുടുംബത്തിലെ ഗൃഹനാഥനെ സംബന്ധിച്ചിടത്തോളം തന്റെ കുടുംബത്തിന്റെ സുരക്ഷിതത്വമായിരുന്നു പ്രധാനം. കുടുംബത്തെ അല്ലലില്ലാതെ പോറ്റുകയായിരുന്നു പ്രധാനം. 

കുടുംബത്തെയൊട്ടാകെ, ആ വീട്ടിലെ എല്ലാവരെയും ദുരിതങ്ങളും രോഗങ്ങളുമൊക്കെ പരീക്ഷിക്കുകയായിരുന്നു. ആ പരീക്ഷണങ്ങൾക്കു മുമ്പിൽ നിന്നു കൊടുക്കാതെ തന്റെ കുടുംബത്തിന് ഒരാശ്വാസമാകാൻ, കുടുംബം താങ്ങി നിർത്താൻ ഏതറ്റം വരെയും പോയി യുദ്ധം ചെയ്യാൻ തയ്യാറായ ഒരു കുടുബനാഥന്റെ കഥയാണു ജോസിന്റേതും. കഴിഞ്ഞ 24 വർഷമായി മകന്റെ ചികിത്സ തുടങ്ങിയിട്ട്. 

രോഗം എന്തെന്നറിയാതെ ആശുപത്രികൾ മാറിയുള്ള ചികിത്സ. ശരീരത്തിൽ മുഴുവൻ മുഴകൾ രൂപപ്പെട്ടു വരികയായിരുന്നു. ഒടുവിൽ നാട്ടിലെ ഡോക്ടർമാർ കയ്യൊഴിഞ്ഞതോടെ ചികിത്സ വെല്ലൂരിലേക്കു മാറ്റി. കരളിൽ കുരുക്കളാണെന്നായിരുന്നു അവിടുത്തെ പരിശോധനകളിൽ നിന്നു കണ്ടെത്തിയത്. എങ്ങനെയും മകന്റെ ജീവിതം തിരിച്ചു പിടിക്കുക മാത്രമായിരുന്നു അവരുടെ ചിന്ത. 11 വർഷത്തെ ചികിത്സയ്ക്കൊടുവിൽ മകന്റെ രോഗം വിട്ടുമാറിയെങ്കിലും അതിനു പകരം നൽകേണ്ടി വന്നതു ആ കുടുംബത്തിന്റെ കിടപ്പാടമായിരുന്നു. പിന്നീട് വാടക വീട്ടിലേക്കായി താമസം. 

മകന്റെ രോഗമൊക്കെ ഏതാണ്ടു കുറഞ്ഞു തുടങ്ങിപ്പോൾ ദൈവം പിന്നീട് ജോസിനെ പരീക്ഷച്ചതു ഭാര്യയുടെ രോഗത്തിലൂടെയായിരുന്നു. സന്ധിവാതവും നട്ടെല്ല് അകലുകയുമൊക്കെയായിരുന്നു ജോസിന്റെ ഭാര്യയ്ക്ക്. പിന്നീട് അമ്മയ്ക്കും മകനും ചികിത്സകൾ. അതിനിടയിൽ ജോസിനെയും രോഗങ്ങളൊന്നായി അലട്ടി തുടങ്ങി. ആ ശരീരത്തിലും നടത്തി നാല് ഓപ്പറേഷനുകൾ. 

അപ്പോഴേക്കും ജോസിന്റെ ഭാര്യ ഓമനയുടെ രണ്ടു കാലിലും നീരു വന്നു നടക്കാനാവാത്ത അവസ്ഥയായി തുടങ്ങിയിരുന്നു. കാലിലെ അസ്ഥി പൊടിയുകയും ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയുകയുമൊക്കെയായിരുന്നു ഓമനയ്ക്ക്. ഏറണാകുളം അമൃതാ ആശുപത്രിയിൽ അതിന്റെ ചികിത്സയാരംഭിച്ചു. പിന്നെയും രോഗങ്ങൾ ആ ശരീരത്തെ പരീക്ഷിക്കുകയായിരുന്നു. ഓമനയ്ക്ക് ഒന്നെഴുന്നേറ്റ് നടക്കണമെങ്കിൽ ഓപ്പറേഷനു മാത്രം നാലു ലക്ഷം രൂപ വേണം. ബാക്കിയുള്ള ചെലവുകൾ വേറെയും. 

രോഗവും ചികിത്സയുമൊക്കെയായി ജീവിതം ഒരുവിധത്തിൽ ഉരുട്ടി മുമ്പോട്ടു കൊണ്ടുപോകാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ ജോസ് താമസിക്കുന്ന വാടക വീടിന്റെ കുടിശിക 30,000 രൂപയിലേക്കുയർന്നു. അതു കൊടുത്തു തീർത്ത് അടുത്ത മാസം വീട് ഒഴിഞ്ഞു കൊടുക്കാൻ വീട്ടുടമ പറയുക കൂടി ചെയ്തതോടെ എന്തു ചെയ്യണമെന്നോ എവിടേക്കു പോകണമെന്നോ അറിയാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. ആകെയുള്ള വരുമാനം ജോസിനു റബർവെട്ടലിൽ നിന്നു ദിവസവും കിട്ടുന്ന 250 രൂപയും. 

ഭാര്യയും മക്കളുമടങ്ങുന്ന ഈ കുടുംബം മുമ്പോട്ടു കൊണ്ടു പോകണമെങ്കിൽ, ഇവർക്കു ജീവിക്കണമെങ്കിൽ, വിധിയെ തോൽപ്പിക്കണമെങ്കിൽ സുമനസ്സുകളുടെ സഹായം കൂടിയേ തീരു. ഫോൺ– 9605960881 

അക്കൗണ്ട് വിവരങ്ങൾ 

പേര്– എം.ജെ. ജോസ് 

അക്കൗണ്ട് നമ്പർ– 11060100074757 

ഐഎഫ്എസ്‍സി– എഫ്ഡിആർസി0001106