കനിവുള്ളവർ കാണാതിരിക്കരുത് അഭിനവിന്റെ ഈ വേദന

കൽപറ്റ∙ അഭിനവ് എന്ന എട്ടു വയസുകാരന് ഒരു വയസിൽ തുടങ്ങിയ ശസ്ത്രക്രിയകൾ ഇപ്പോൾ 11 എണ്ണത്തിൽ എത്തി. ഇതുവരെ ചെലവഴിച്ച പണത്തിന് കണക്കില്ല. മുട്ടിൽ അമ്പുകുത്തി രജിലേഷ്-ഷൈനി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അഭിനവ്. ഒരു വയസുള്ളപ്പോഴാണ് വൃക്കകൾക്ക് രോഗം തുടങ്ങിയത്. പൂർണമായി പ്രവർത്തനം നിലച്ച ഒരു വൃക്ക രണ്ടു വയസിനുള്ളിൽ നീക്കം ചെയ്തിരുന്നു. രണ്ടാമത്തെ വൃക്കയുടെ പ്രവർത്തനം നിലനിർത്താനായാണ് തുടർന്ന് പലതരത്തിലുള്ള ശസ്ത്രക്രിയകൾ നടത്തിയത്.

ഇപ്പോൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരുടെ ചികിൽസയിലാണ്. രണ്ടാമത്തെ വൃക്കയുടെ പ്രവർത്തനം മോശമായിട്ട് ഒരു വർഷത്തോളമായി. താമസിയാതെ രണ്ടാമത്തെ വൃക്കയും ശസ്ത്രക്രിയയിലൂടെ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

മുട്ടിൽ ഡബ്ല്യുഎം ഒ സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന അഭിനവ് ചികിൽസക്കായി അധിക ദിവസവും അവധിയിലായിരിക്കും. നാട്ടുകാരുടെയും വിവിധ സംഘടനകളുടെയുംസഹായത്താലാണ് ഇത്രയും ശസ്ത്രക്രിയയും ചികിൽസയും നടത്താൻ രജിലേഷിനായത്. രജിലേഷ് ഓട്ടോ ഓടിച്ചും ഷൈനി പശുവിനെ വളർത്തിയുമാണ് കുടുംബം കഴിയുന്നത്. ആറാം ക്ലാസിലും നഴ്സറിയിലും പഠിക്കുന്ന രണ്ട് കുട്ടികൾ കൂടിയുണ്ട് ഈ ദമ്പതികൾക്ക്.

അഭിനവിന്റെ ചികിൽസക്കായി മുട്ടിൽ ഗ്രാമ പഞ്ചായത്ത് മുൻ അംഗം ചെറുമൂല രമ പ്രസിഡന്റായും ലോഹിതാക്ഷൻ സെക്രട്ടറിയായുമുള്ള കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഉദാരമതികളിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കാനായി കനറാ ബാങ്ക് മുട്ടിൽ ശാഖയിൽ 5970101000857-ാം നമ്പറായി (ഐഎഫ്എസ്​സി -സിഎൻആർബി0005970) അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഫോൺ: 8129898323. ജോയിന്റ് അക്കൗണ്ടാണ്. അഭിനവ് ചികിൽസ കമ്മറ്റി.