അദ്വൈതിന് കിളികളുടെ ശബ്ദം കേൾക്കണം; സംസാരിക്കണം

കോട്ടയം∙ വീടിനു സമീപം കിളികൾ ഏറെ പാറിപ്പറക്കുന്നുണ്ടെങ്കിലും അവയുടെ ശബ്ദം ജനിച്ച് ഇതു വരെ അദ്വൈത് കേട്ടിട്ടില്ല. അമ്മയുടെയും അച്ഛന്റെയും മുഖത്തു നിന്നു കേട്ടു പഠിക്കേണ്ടതെന്നും കേൾക്കാൻ കഴിയാതിരുന്നതിനാൽ സംസാരിക്കാനും അവന് അറിയില്ല. ഇതു രണ്ടും സാധിക്കും; കനിവുള്ളവർ കൈപിടിച്ചാൽ.

മരങ്ങാട്ടുപിള്ളി ഒഴാക്കത്ത് തൊട്ടിയിൽ അദ്വൈത് എന്ന ആറു വയസുകാരൻ കേൾവിക്കും സംസാരശേഷിക്കും വേണ്ടി ഇതു വരെ സഹിച്ച വേദനകൾക്കു കണക്കില്ല. ഇതോടൊപ്പം ശരീരത്തിൽ എവിടെയെങ്കിലും മുറിവുണ്ടായാൽ രക്തം കട്ടിപിടിക്കാത്ത അവസ്ഥയും.

ആകെയുണ്ടായിരുന്ന മൂന്നു സെന്റ് ഭൂമി പണയപ്പെടുത്തി പിതാവ് ബിജു മകനെ ചികിൽസിച്ചെങ്കിലും അതും ഇതു വരെ കാര്യമായ ഫലം ഉണ്ടാക്കിയില്ല. അന്നന്നത്തെ ആഹാരത്തിനു വേണ്ടി കൂലിപ്പണി ചെയ്യുന്ന ബിജുവിനു മേൽ ബാധ്യതകൾ ഏറി വന്നു. മകനു കൂട്ട് ഇരിക്കേണ്ടതിനാൽ മാതാവ് സലിലയ്ക്കും ജോലിക്കു പോകാൻ കഴിഞ്ഞില്ല. കേരളത്തിലെ പ്രമുഖ ആശുപത്രികൾ കയ്യൊഴിഞ്ഞതോടെ കുഞ്ഞിനെ വെല്ലൂർ ആശുപത്രിയിലേക്കു കൊണ്ടു പോകണമെന്ന വിദഗ്ദ ഉപദേശം ലഭിച്ചു.

കേൾവി ശക്തി തിരിച്ചു കിട്ടാനുള്ള ശസ്ത്രക്രിയയ്ക്ക് എട്ടു ലക്ഷവും രക്തസ്രാവ പ്രശ്നം ചികിൽസിക്കാൻ രണ്ടു ലക്ഷത്തിലേറെ രൂപയും വേണമെന്നാണു ഡോക്ടർമാർ അറിയിച്ചത്. ഇത്രയും പണം സ്വപ്നം കാണാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് ബിജുവും സലിലയും. പക്ഷേ, അവർ പ്രതീക്ഷകൾ കൈവിടുന്നില്ല. ചികിൽസാ സഹായ ശേഖരണത്തിനായി ആദ്വൈതിന്റെ മാതാവ് സലില ബിജുവിന്റെ പേരിൽ എസ്ബിടി മരങ്ങാട്ടുപിള്ളി ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ: 672548 29 145. ഐഎഫ്എസ്‌സി എസ്ബിടിആർ0000234. ഫോൺ: 9562 88 48 42