ആരും വരാനില്ലാതാകരുത് അനൂപിന്റെ വീട്ടിലേക്കിനി

കോട്ടയം∙ യൗവ്വനത്തിൽ തന്നെ ജീവിതം വഴിമുട്ടിയ അനൂപിന് മുന്നോട്ടു പോകണമെങ്കിൽ ഇനി കരുണയുള്ളവരുടെ സഹായം കൂടിയേ തീരൂ. എസ്എച്ച് മൗണ്ട് വലിയപറമ്പിൽ പി.എം.അനൂപ് (32) ആണു ജീവിത ഭാരങ്ങളുടെ നടുക്കടലിൽ എന്തുചെയ്യണമെന്നറിയാതെ ഉഴറുന്നത്. കാലിലെ ഞരമ്പിൽ രക്തം കട്ടപിടിക്കുന്ന അസുഖമാണ് വെല്ലുവിളി ഉയർത്തുന്നത്. അഞ്ചു വർഷം മുമ്പ് പിടിപെട്ട കാലിലെ രോഗം ഗുരുതരമായതോടെ അനൂപിനു ജോലിക്കു പോകാൻ സാധിക്കാതെയായി. തുടർച്ചയായി ബുദ്ധമുട്ടുകളുമായി മറ്റു ശാരീരിക അവശതകൾ കൂടി എത്തിയതോടെ മാനസികമായും അനൂപ് തകർന്നു.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന അനൂപ് ചികിത്സയ്ക്കായി പണം കണ്ടെത്താൻ കഴിയാതെ ഉഴലുകയാണ്. വീട്ടിനോടു ചേർന്നു നടത്തുന്ന മുറുക്കാൻ കടയാണു അനൂപും സഹോദരിയും പ്രായംചെന്ന മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗം. പത്രപ്രവർത്തകനായിരുന്ന അനൂപ് അസുഖത്തെ തുടർന്ന് ജോലി ഉപേക്ഷിക്കുകയായിരുന്നു. അനൂപിന്റെ ഒരു മാസത്തെ മരുന്നിനുള്ള തുകപോലും മുറുക്കാൻ കടയിൽ നിന്നു ലഭിക്കാത്ത അവസ്ഥയാണുള്ളത്. അതിനു പുറമെ വീട്ടു ചിലവുകളും കണ്ടെത്തേണ്ടതായുണ്ട്. കൂട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇതുവരെയുള്ള ചികിത്സ നടന്നത്. കുടുംബത്തിന്റെ നട്ടെല്ലായി മാറേണ്ട ഈ ചെറുപ്പക്കാരൻ സ്വന്തം ചികിത്സ പോലും നടത്താനാകാതെ കഷ്ടപ്പെടുകയാണ്.

സിഎംഎസ് കോളജിലെ ബാബു ചെറിയാൻ എന്ന അധ്യാപകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ അനൂപ് പുറത്തിറക്കിയ ‘ആരും വരാത്തവന്റെ വീട്ടിലേക്കുള്ള വഴി’ എന്ന കവിതാസമാഹാരത്തിനു ഈ വർഷത്തെ ഏറ്റുമാനൂർ കാവ്യവേദിയുടെ കാവ്യപുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതം മുമ്പോട്ടുപോകാനും തുടർചികിത്സകൾക്കുമായി ഇനിയും കരിയാത്ത കനിവ് ബാക്കിവെച്ചവർക്കായി കാത്തിരിക്കുന്നു അനൂപ്.

അക്കൗണ്ട് ഡീറ്റെയിൽസ്:

വി.എസ്.മോഹൻ നായർ

ഓറിയെന്റൽ ബാങ്ക് കോട്ടയം

അക്കൗണ്ട് നമ്പർ: 10942121003096

ഐഎഫ്എസ്‌സി: ഓആർബിസി 0101094