ബൈജു സുമനസ്സുകളുടെ സഹായം തേടുന്നു

കോട്ടയം ∙ വിധിയുടെ കളിപ്പാവ പോലെ ജീവിതത്തിൽ ദുരന്തങ്ങൾ ഏറ്റുവാങ്ങുകയാണ് വൈക്കം അംബികാ മാർക്കറ്റ് വേലാശരിൽ വി.ടി. ബൈജു(45). കള്ളുചെത്തിലൂടെ ലഭിക്കുന്ന പണം കൊണ്ട് കുടുംബം പോറ്റിവന്ന ബൈജുവിന്റെ ജീവിതത്തിൽ വിധി ആദ്യപ്രഹരം ഏൽപ്പിക്കുന്നത് 12 വർഷം മുൻപാണ്. തെങ്ങിൽ നിന്ന് വീണ് നടുവിന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായി. ഏറെ നാളത്തെ ആശുപത്രിവാസവും ചികിൽസയുടെയും ഫലമായി നാലു വർഷത്തിനു ശേഷം എഴുനേറ്റ് നടന്നു തുടങ്ങി.

പിന്നീട് സ്വന്തമായി ജീവിക്കാമെന്നായപ്പോൾ തിരുവനന്തപുരത്തെ ഒരു ബാറിൽ ജോലി കിട്ടി. കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ച് ജീവിച്ചു തുടങ്ങിയപ്പോൾ ബാർ പൂട്ടി. ഇതോടെ തൊഴിലില്ലാതെ വീട്ടിൽ എത്തി. ഇതിനിടെ അമ്മയ്ക്ക് മരുന്നു വാങ്ങാനായി അടുത്തുള്ള വീട്ടിലേക്ക് പോകുന്നതിനായി തോട്ടിലെ തടിപ്പാലം കടക്കുന്നതിനിടെ കാൽ വഴുതി തോട്ടിലേക്ക് വീണു. വലതുകാലിന്റെ കുഴയുടെ ഭാഗം ഒടിയുകയും കുഴ തെന്നിമാറുകയും ചെയ്തു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബൈജുവിന് ഉടനടി രണ്ട് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും കാൽ ശരിയാക്കാനായില്ല. അതോടെ വീണ്ടും കട്ടിൽ തന്നെ കിടപ്പിലായി. ഇപ്പോൾ നാലു മാസമായി കട്ടിലിൽ നിന്ന് എഴുനേൽക്കാൻ പോലും കഴിയാതെ ബൈജു കിടപ്പിലാണ്. ഇതിനോടകം ഒന്നര ലക്ഷത്തോളം രൂപയാണ് ചികിൽസക്കായി ചിലവായത്.

സ്വന്തമായി ഒരു തുണ്ടുഭൂമിപോലും ഇല്ലാത്തതിനാൽ ബൈജുവും ഭാര്യയും ഏകമകനും കുടുംബ വീട്ടിലാണ് കഴിയുന്നത്. ഇനിയും ബൈജു എഴുനേറ്റ് നടക്കണമെങ്കിൽ മേജർ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് വൻതുക ചെലവാകും. എന്നാൽ ഭാര്യ കയറുപിരിച്ച് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഈ കുടുംബം പട്ടിണിയില്ലാതെ കഴിയുന്നത്. അതിനാൽ ഇനിയും ചികിൽസയ്ക്ക് പണം കണ്ടെത്തണമെങ്കിൽ നല്ലവരായ ജനങ്ങളുടെ സഹായം ഈ കുടുംബത്തിനു വേണം. ഫോൺ: 9656413808. വിലാസം: ബൈജു വി.ടി. വേലാശ്ശേരിൽ, അംബികാ മാർക്കറ്റ് പിഒ, വൈക്കം കോട്ടയം പിൻ: 686144.

ബാങ്ക് : എസ്ബിടി വെള്ളൂർ, അക്കൗണ്ട് നമ്പർ: 67225014535. ഐഎഫ്സി: എസ്ബിടിആർ0000127.