ആശുപത്രികളിലാണ് ഇൗ 11 കാരന്റെ ഓണം മരുന്നിന് പണമില്ല, പിന്നല്ലേ ഭക്ഷണം

കോട്ടയം ∙ കൃഷ്ണചന്ദ്രൻ എന്ന ഈ 11 കാരനെ പ്രസവിക്കാനായി അമ്മ സാവിത്രി ആശുപത്രിയിൽ കിടക്കുമ്പോഴാണ് ആലപ്പുഴയുടെ തീരങ്ങളിൽ സുനാമി ആഞ്ഞടിക്കുന്നത്. കടപ്പുറത്ത് ജോലിചെയ്തുകൊണ്ടു നിന്ന സാവിത്രിയുടെ ഭർത്താവ് ചന്ദ്രബാബുവിനെയു കൊണ്ട് സുനാമിതിരകൾ മടങ്ങിയത്. ഗർഭാവസ്ഥയിൽ തന്നെ നടത്തിയ പരിശോധനയിൽ കൃഷ്ണചന്ദ്രനു വൃക്കരോഗമുണ്ടെന്നു കണ്ടെത്തിയിരുന്നു. അന്നു മുതൽ തന്നെ അമ്മ സാവിത്രി ആശുപത്രികൾ കയറിയിറങ്ങി നടക്കാൻ തുടങ്ങിയതാണ്. ഭർത്താവിന്റെ മരണത്തിനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൃഷ്ണചന്ദ്രൻപിറന്നു. നിത്യരോഗിയായി തന്നെ....ഗുരുതരമായ വൃക്കരോഗം ബാധിച്ചു രണ്ടു വൃക്കകളും തകരാറിലായ കൃഷ്ണചന്ദ്രന്റെ ജീവിതം കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രികളിലാണ് പതിറ്റാണ്ടായി.

ഒരു പതിറ്റാണ്ടിന്റെ ജീവിതത്തിനിടെ ശസ്ത്രക്രിയാ മുറിയിൽ വേദന കടിച്ചമർത്തി കൃഷ്ണചന്ദ്രൻ കിടന്നത് നാലു തവണയാണ്. അവന്റെ കളിചിരികളെല്ലാം ആശുപത്രിമുറിക്കുള്ളിലായിരുന്നു. കുസൃതി വിടരേണ്ട കണ്ണുകളിൽ വിടരുന്നത് വേദനയായിരുന്നു. ഇതിനിടയിലും പുഞ്ചിരിക്കാൻ ശ്രമിക്കുന്ന മകനെ നോക്കി കണ്ണീരൊഴുക്കുന്ന അമ്മ സാവിത്രി. കായംകുളം എരുവ വെസ്റ്റ് മാരാവീട്ടിത്തറയിൽ പരേതനായ ചന്ദ്രബാബുവിന്റെയും സാവിത്രിയുടെയും ഏക മകനാണ് കൃഷ്ണചന്ദ്രൻ.

ആദ്യം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. പിന്നീട് കോട്ടയത്തെ മെഡിക്കൽ കോളജ് ആശുപത്രിയുടെ കുട്ടികളുടെ ആശുപത്രിയിലേക്കു മാറ്റി. പിന്നീട്, മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തുടർന്ന കൃഷ്ണചന്ദ്രന് ഇതിനിടെ നാലു ശസ്ത്രക്രിയയാണ് നടത്തിയിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മകനെയുമായി ആശുപത്രികൾ മാറിമാറികയറിയതോടെ മറ്റാരും തുണയില്ലാത്ത ഈ കുടുംബം കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും തീരത്താണ്.

ആശുപത്രികളിൽ കണ്ടു മുട്ടുന്നവരും, സുഹൃത്തുകളും അയൽവാസികളും അടക്കമുള്ളവരുടെ സഹായത്തോടെയാണ് പലപ്പോഴും ആശുപത്രിയിലേയ്ക്കുള്ള വണ്ടിക്കൂലി പോലും ഈ കുടുംബം കണ്ടെത്തുന്നത്. മകന് ഒരു നേരെ മരുന്നുവാങ്ങി നൽകാനുള്ള തുക പോലും ഈ അമ്മയുടെ കയ്യിലില്ല. തുടർ ചികിത്സയും മരുന്നും കൃത്യമായി നൽകായില്ലെങ്കിൽ മകന്റെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ഈ അമ്മയ്ക്കു സാധിക്കുകയുമില്ല. ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിൽ ഈ അമ്മ തേടുന്നത് കരുണയുള്ള ഹൃദയങ്ങളെയാണ്.

എസ്ബടി കായംകുളം
അക്കൗണ്ട് നമ്പർ – 57025819189
ഐഎഫ്സി കോഡ് –SBTR0000078
ഫോൺ – 9961712663