ദുരിത ജീവിതത്തിൽനിന്ന് കരകേറാൻ മണിയമ്മക്ക് വേണം ഒരു കൈ സഹായം

ചിങ്ങവനം∙ സ്വന്തമായി കൈ ഒന്ന് അനക്കാൻ പറ്റുമായിരുന്നെങ്കിൽ കൂലിപ്പണിയെടുത്തോ, വീടുകളിൽ ജോലിക്കു പോയോ ജീവിക്കാമായിരുന്നു എന്നാണ് ചിങ്ങവനം കുഴിമറ്റത്തു താമസിക്കുന്ന കെ.എസ്. മണിയമ്മ പറയുന്നത്. പെൺമക്കൾ വിവാഹം കഴിച്ചു പോകുകയും ഭർത്താവിനു ജോലിക്കു പോകാനാകാത്ത അവസ്ഥ വരികയും ചെയ്തതിനു ശേഷം മണിയമ്മയുടെ ജീവിതം ദുരിത്തിലായി. അഞ്ചു ബ്ലോക്കുകളായിരുന്നു ഹൃദയത്തിലുണ്ടായിരുന്നത്. സ്വന്തമായുണ്ടായിരുന്ന അഞ്ചു സെന്റ് സ്ഥലവും വീടും വിറ്റിട്ടും ഓപ്പറേഷൻ കഴിഞ്ഞപ്പോൾ ലക്ഷങ്ങളുടെ കടം.

തുടർച്ചയായി നടത്തിയ ശസ്ത്രക്രിയകളോ‌ടെ മണിയമ്മയുടെ വലതു കൈയുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. ഇപ്പോൾ സ്വന്തം ആവശ്യങ്ങൾക്കു പോലും മണിയമ്മയ്ക്കു പരസഹായം വേണം. നടക്കാനോ, അധികനേരം നിൽക്കാനോ ആവാത്ത വിധം കാലിനു ചട്ടും ബാധിച്ചു.

മകളുടെ വീട്ടിലാണ് മണിയമ്മയും ഭർത്താവും ഇപ്പോൾ താമസിക്കുന്നത്. മൂന്നു പെൺകുട്ടികളാണ് മകൾക്ക്. ഭർത്താവ് കൂലിപ്പണിക്കാരനാണ്. ഒരു മാസം മരുന്നിനു മാത്രം മണിയമ്മയ്ക്കു 7000 രൂപയിലധികം വേണം. അതുകൂടാതെയാണ് പലിശ. ഇതിനായി വലിയൊരു തുക കണ്ടെത്തണം.

മകളുടെ വീട്ടിൽ നിന്നു മാറി സ്വന്തമായി ഒരു കൊച്ചു വീട്ടിൽ താമസിക്കണമെന്നാണ് മണിയമ്മയുടെ ആഗ്രഹം. മരുന്നു വാങ്ങാൻ പോലും മറ്റുള്ളവരുടെ കരുണ തേടുന്ന മണിയമ്മയെ സംബന്ധിച്ച് ഇതു നടക്കാത്ത സ്വപ്നം തന്നെയാണ്. നല്ലവരായ ആളുകൾ ഒന്നു മനസു വെച്ചാൽ ഒരു പക്ഷേ, മണയമ്മയുടെ ദുരിത ജീവിതത്തിൽ പ്രതീക്ഷയുടെ നാമ്പ് ഇനിയുമുണ്ടാകും. ഈ വിശ്വാസം മാത്രമാണ് മണിയമ്മയെ മുന്നോട്ടു നയിക്കുന്നത്.
കാനറാ ബാങ്കിന്റെ പരുത്തുംപാറ ശാഖയിൽ മണിയമ്മയുടെ പേരിൽ നാട്ടുകാർ ഒരു ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ– 4216108000570
IFFC CODE : CNRB0004216