കുടുംബത്തിനായി ജീവിക്കാൻ മനോജിന് സഹായം വേണം

മനോജും കുടുംബവും

കോട്ടയം ∙ മനോജിന് രോഗക്കിടക്കയിൽ നിന്നിറങ്ങി കുടുംബത്തിനായി ജീവിക്കണമെന്നുണ്ട്. പക്ഷെ തലച്ചോറിൽ പിടിമുറിക്കിയ ക്യാൻസർ തളർത്തുകയാണ്. വേദനയുടെ ഈ കണ്ണുനീർ വറ്റണമെങ്കിൽ നന്മയുള്ളവർ കനിയണം. തുടർ ചികിത്സയ്ക്ക് ആറു ലക്ഷം രൂപയാണ് ആവശ്യം. മൂന്നുവർഷമായി കിടപ്പുരോഗിയായി മാറിയ മനോജ് (42) നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയപ്പെട്ടവനാണ്.

സുഹൃത്തുക്കളുടെ സഹായത്തോടയാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. ഈ മാസം അവസാനത്തോടെ ശസ്ത്രക്രിയ നടത്തിയാൽ മനോജിനെ രക്ഷിക്കാമെന്നാണ് ഡോക്ടർമാ‍ർ പറയുന്നത്. മുന്നിൽ വഴികളില്ലാതെ നിസഹായരാകുകയാണീ കുടുംബം. കാഞ്ഞിരപ്പള്ളി ആനക്കല്ല് മുരിക്കനാനിക്കൽ എംടി മനോജും കുടുംബവും ഇപ്പോൾ താമസിക്കുന്നത് മടുക്ക പാറമടയിലാണ്. കോരുത്തോട് പഞ്ചായത്തിലെ 12ാം വാർഡിലെ മെമ്പറായിരുന്ന പാറക്കടവ് വീട്ടിൽ ഷൈലജയാണ് ഭാര്യ.

രണ്ടു മക്കളും ഭാര്യയുടെ പിതാവിനും മാതാവിനുമൊപ്പം ഭാര്യവീട്ടിലാണ് മനോജ് താമസിക്കുന്നത്. 2013ലാണ് രോഗം തിരിച്ചറിയുന്നത്. മരപ്പണിക്കു പോയതാണ് . ലോറിയിൽ നിന്നു താഴേക്കു വീണ തടി ദേഹത്തു വീഴാതെ മനോജ് ചാടിമാറി. കാലുതെറ്റി നിലത്തു വീണു. കൂട്ടുകാരാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. കാര്യമായ പരിക്കുകളൊന്നും കണ്ടില്ലെങ്കിലും ഒരുറപ്പിനായി നടത്തിയ സ്കാനിങ്ങിലാണ് തലച്ചോറിൽ വളരുന്ന ക്യാൻസറിനെ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ നിന്നു തന്നെ ശസ്ത്രക്രീയ നടത്തി. ഒപ്പം 32 തവണ റേഡിയേഷനും ചെയ്തു.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ ശരീരം വല്ലാതെ ക്ഷീണിച്ചു. ആദ്യം കാലിനും പന്നീട് കൈകൾക്കും തളർച്ച അനുഭവപ്പെട്ടു .അങ്ങനെയാണ് തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ എത്തുന്നത്. മരുന്നു കഴിച്ചു തുടങ്ങിയെങ്കിലും മാറ്റം ഉണ്ടാകാതെ വന്നതോടെയാണ് ഒരു സുഹൃത്ത് മനോജിനെ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ എത്തിക്കുന്നത്.

തലച്ചോറിലെ ട്യൂമർ ഇതിനകം വളർന്നുവെന്നും അതിനു ചുറ്റും നീർക്കെട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.ഒരു മാസത്തേക്കാണ് മരുന്നു പറഞ്ഞിരിക്കുന്നത്. ഈ മാസം അവസാനത്തോട ശസ്ത്രക്രിയ നടത്താൻ കഴിയണം ഇല്ലെങ്കിൽ മനോജിനെ രക്ഷിക്കാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.വീട് പാറമടയിലെ കുന്നിൻ മുകളിലായതിനാൽ മനോജിന്റെ സുഹൃത്തായ കണ്ണന്തൊടിയിൽ നിവാസ് റോഡരികിലുള്ള തന്റെ വീടു താമസിക്കാൻ നൽകിയിരിക്കുകയാണ്. ഇതു വരെ കൂട്ടുകാർ സഹായിച്ചു.ഇനി എന്തു ചെയ്യും എന്നറിയാതെ വിങ്ങുകയാണീ കുടുംബം. എസ്ബിടി കോരുത്തോട് ശാഖയിൽ ഭാര്യ ഷൈലജയുടെ പേരിൽ അക്കൗണ്ടുണ്ട്.

അക്കൗണ്ട് നമ്പർ : 67223280102.

ഐഎഫ്എസ് കോഡ് :എസ്ബിടിആർ0000380.

ഫോൺ : 9562381049