മാത്യു പൊരുതുന്നു ജീവനും ജീവിതത്തിനും വേണ്ടി

പരുമല∙ മകനൊന്നു ചിരിച്ചു കാണാനുള്ള പ്രാർഥനയിലാണ് ഈ കുടുംബം. ജീവിതവും ജീവനും കൈവിട്ടെന്നു തോന്നിയിടത്തു നിന്നു മകൻ മടങ്ങിയെത്തിയെങ്കിലും, അവന്റെ ജീവൻ നിലനിർത്തിക്കൊണ്ടു പോകുന്നതിനുള്ള കഠിനപരിശ്രമത്തിലാണ് ഇവർ. പരുമല ഉഴത്തിൽ കോളനിയിൽ ആന്റണി സേവ്യറിന്റെ മകനും ഫോട്ടോഗ്രാഫറുമായ മാത്യു കെ. ആന്റണിയുടെ (29) ജീവൻ നിലനിർത്തുന്നതിനാണ് കുടുംബം അതികഠിനമായി കഷ്ടപ്പെടുന്നത്. ബൈക്ക് അപകടത്തിൽ പരുക്കേറ്റ് 2011 മുതൽ ചികിത്സയിൽ കഴിയുന്ന മാത്യുവിന്റെ ചികിത്സയ്ക്കായി വീടും സ്ഥവും വരെ വിറ്റ് ഈ കുടുംബം ചെയ്യാവുന്നതെല്ലാം ചെയ്തു.

2011 ഒക്ടോബറിലായിരുന്നു ഈ കുടുംബത്തിന്റെ പ്രതീക്ഷകളെല്ലാം തകർത്ത അപകടമുണ്ടായത്. പരുമല ചെങ്ങന്നൂർ റോഡിലൂടെ ബൈക്കിൽ വരികയായിരുന്ന മാത്യുവിന്റെ മുന്നിലേയ്ക്കു കുതിച്ചു ചാടിയ തെരുവുനായയെ ബൈക്ക് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മാത്യു റോഡിലേയ്ക്കു തെറിച്ചു വീണു ഗുരുതരമായി പരുക്കേറ്റു. തുടർച്ചയായ ശസ്ത്രക്രിയകളും മരുന്നു പ്രാർഥനയും മൂലം മാത്യുവിന്റെ ജീവൻമാത്രം തിരികെ ലഭിച്ചു.

രണ്ടു വർഷം അബോധാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മാത്യുവിനു ബോധം തിരികെ ലഭിച്ചത് 2013 ലായിരുന്നു. ജീവിതത്തിലേയ്ക്കു പതിയെ പിച്ചവച്ചു തുടങ്ങിയ മാത്യുവിനെ വീണ്ടും തളർത്തി അണുബാധയുടെ രൂപത്തിൽ വില്ലനെത്തി. മൂക്കിലൂടെ ഇട്ടിരുന്ന ട്യൂബ് വയറ്റിലേയ്ക്കു മാറ്റാനുള്ള ശ്രമിത്തിനിടെ വയറിൽ അണുബാധയേൽക്കുകയായിരുന്നു. വീണ്ടും അബോധാവസ്ഥയിൽ കഴിഞ്ഞ നാളുകൾ. ഒടുവിൽ തലയിൽ നടത്തിയ നാലു ശസ്ത്രക്രിയയിലൂടെ മാത്യു ജീവിതത്തേലേയ്ക്കു തിരികെ എത്തുകയാണ്.

ഇതിനിടെ മാത്യുവിന്റെ ചികിത്സയ്ക്കായി ഈ കുടുംബത്തിന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും വരെ വിൽക്കേണ്ടി വന്നു. അരക്കോടി രൂപയിലധികമാണ് മാത്യുവിന്റെ ചികിത്സയ്ക്കായി ഇതുവരെ ചിലവഴിക്കേണ്ടി വന്നത്. ഒരു ദിവസം മരുന്നിനു മാത്രമായി അയ്യായിരത്തിലധികം രൂപയാണ് ഈ കുടുംബത്തിനു ചിലവഴിക്കേണ്ടി വരുന്നതും. കൃത്യമായ പരിചരണവും മരുന്നും നൽകിയാൽ മാത്യുവിനു ജീവിതം തിരികെ ലഭിക്കുമെന്ന ഉറപ്പാണ് വൈദ്യശാസ്ത്രം ഈ കുടുംബത്തിനു നൽകുന്നത്. പക്ഷേ, സാമ്പത്തികമായി തകർന്നു നിൽക്കുന്ന കുടുംബത്തിനു താങ്ങാവാൻ ഇനി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

വിലാസം:

ആന്റണി സേവ്യർ, ഉഴാട്ടിൽ കോളനി, കടപ്പാറ പിഒ, പരുമല, പത്തനംതിട്ട

ഫെഡറൽ ബാങ്ക് മാന്നാർ ശാഖയിൽ പിതാവ് ആന്റണി സേവ്യറിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ – 1131 0100 1551 42

ഐഎഫ്എസ്​സി കോഡ് – FDRL0001131