ഭർത്താവിനെയും മകനെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സഹായം തേടി നുസെയ്ഫ

കോട്ടയം ∙ ഭർത്താവ് സിബിയും മകൻ കിച്ചുവും എന്നും കൂടെവേണമെന്നാണ് നുസെയ്ഫായുടെ പ്രാർഥന. വൃക്ക തകരാറിലായ ഭർത്താവിനെയും ഹൃദ്രോഗ ബാധിതനായ നാലുവയസുകാരനായ മകനെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ 27 വയസിനിടെ നുസെയ്ഫ മുട്ടാത്ത വാതിലുകളില്ല. കണ്ണീർ ഉണങ്ങാത്ത ദിവസങ്ങളിലൂടെയാണ് കഴിഞ്ഞ നാലു വർഷമായി നുസെയ്ഫായുടെ ജീവിതം കടന്നു പോകുന്നത്.

ഓട്ടോറിക്ഷ ഡ്രൈവറായ പള്ളം കൊന്നയിൽ സിബി കെ.ശശിയ്ക്കൊപ്പം വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ഫാഷൻ ഡിസൈൻ കോഴ്സ് വിദ്യാർഥിനിയായിരുന്ന നുസെയ്ഫ ഇറങ്ങിപോന്നത്. എന്നാൽ മകൻ കിച്ചു പിറന്ന് അധികം വൈകാതെ സിബിക്ക് ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി. വൃക്കരോഗമാണെന്ന് കണ്ടെത്തി ചികിൽസകൾ ആരംഭിച്ചെങ്കിലും ഒരു വൃക്കയുടെ പ്രവർത്തനം പൂർണമായും നിലച്ചിരുന്നു. പിന്നീട് ഏറെക്കാലം ഡയാലിസിസ് നടത്തി. എന്നാൽ പതുക്കെ രണ്ടാമത്തെ വൃക്കയും തകരാറിലായി. ഇതിനിടയിൽ മകൻ കിച്ചുവിന് ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ആരംഭിച്ചു. കിച്ചുവിന്റെ ഹൃദയഭിത്തിയിൽ സുഷിരമായിരുന്നു അരോഗ്യപ്രശ്നം.

ഗാന്ധിനഗർ സാന്ത്വനം ട്രസ്റ്റി ആനി ബാബുവിന്റെ സഹായത്തോടെ പണം കണ്ടെത്തി കുട്ടിക്ക് ശസ്ത്രക്രിയ നടത്തി. ഇതിന് ഒന്നര ലക്ഷത്തിലധികം രൂപയാണ് ചെലവായത്. അനേക വർഷത്തേക്ക് വിലകൂടിയ മരുന്നു കഴിക്കുകയും വേണം. രോഗം തളർത്തിയതോടെ സിബിക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്നു. ഇതോടെ പലരിൽ നിന്നും സഹായം തേടിയാണ് ഓരോ ദിവസവും സിബിയുടെ ചികിൽസയ്ക്കുള്ള പണം കണ്ടെത്തിയത്. ഇപ്പോൾ ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് വേണം. കോട്ടയം ഭാരത് ആശുപത്രിയിൽ നടക്കുന്ന ഒരോ ഡയാലിസിനും മൂവായിരം രൂപയോളം ചെലവാകുന്നുണ്ട്. ഓരോ തവണയും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടി സഹായം തേടിയാണ് നുസെയ്ഫ ഈ പണം കണ്ടെത്തുന്നത്.

ഇനിയും സിബി മുന്നോട്ടു ജീവിക്കണമെങ്കിൽ വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. തന്റെ വൃക്ക നൽകാൻ നുസെയ്ഫ സന്നദ്ധയാണ്. എന്നാൽ വൃക്ക മാറ്റിവയ്ക്കുന്നതിന് ആവശ്യമായ നാലു ലക്ഷത്തോളം രൂപ കണ്ടെത്താൻ ഒരു വഴിയും ഇവർക്കു മുന്നിലില്ല. മരുന്നിനും ഭക്ഷണത്തിനും പണമില്ലാതെ വന്നതോടെ മകൻ കിച്ചുവിനെ ഇവർ ഒരു സംരക്ഷണ കേന്ദ്രത്തിലാക്കി. സ്വന്തമായി വീടില്ലാത്തതിനാൽ കുടുംബവീട്ടിലാണ് ഇവർ കഴിയുന്നത്. ഏതു സമയവും ഇവിടെ നിന്ന് തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്നും നുസെയ്ഫ പറയുന്നു.

സിബിയുടെ ജീവൻ തിരിച്ചു നൽകാൻ സഹായവുമായി സുമനസുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ ഒരോ ദിവസവും തള്ളി നീക്കുന്നത്. നാഗമ്പടം എസ്ബിടി ശാഖയിൽ സിബിയുടെയും കിച്ചുവിന്റെയും ചികിൽസയ്ക്കായി പണം കണ്ടെത്തുന്നതിന് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

ബാങ്ക്:
എസ്ബിടി നാഗമ്പടം ബ്രാഞ്ച്.
അക്കൗണ്ട് നമ്പർ : 67366682183. (പേര് നുസെയ്ഫ ടി. സിബി, സിബി കെ. ശശി)
ഐഎഫ്എസ്‍സി കോഡ്: എസ്ബിടിആർ0000732.

വിലാസം.
സിബി കെ. ശശി,
കൊന്നയിൽ പള്ളം,
കോട്ടയം

ഫോൺ: 7558931559.