ഭാര്യയ്ക്കു വേണ്ടി അലയുന്നു പോൾസൺ; പഠനം പ്രതിസന്ധിയിലായി മക്കൾ

മംഗളൂരുവിലെ ഫാദർ മുള്ളേഴ്സിൽ ചികിത്സയിൽ കഴിയുന്ന പോൾസണിന്റെ ഭാര്യ റെജി

കാഞ്ഞങ്ങാട്∙ ‘പഠനം പോലും ഉപേക്ഷിച്ചാണ് മകൻ ആശുപത്രിയിൽ കൂട്ടിരിക്കുന്നത്. ദൈവത്തിൽ എനിക്ക് വിശ്വാസമുണ്ട്. ഒരാഗ്രമേയുള്ളു, അവൾ പഴയതു പോലെ ഒന്നു ചിരിച്ചു കാണണം, അതിനു കഴിയുന്നതെല്ലാം ഞാൻ ചെയ്യും’.– വാക്കുകളിലെ ആത്മവിശ്വാസം മാത്രം പോരല്ലോ? ഭാര്യയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാൻ പക്ഷേ, എന്തു ചെയ്യണമെന്നു മാത്രം കാലിച്ചാനടുക്കത്തെ പോൾസൺ അറിയില്ല.

വീടോ സ്ഥലമോ സ്വന്തമായി ഇല്ലാത്ത ഈ കുടുംബം കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടത്തിലാണ്. കാലിലും കിഡ്നിയിലും തൈയ്റോയിഡ് ഗ്രന്ഥിയിലേക്കും അടക്കം പഴുപ്പു ബാധിച്ച ഭാര്യ റെജി മംഗളൂരുവിലെ ഫാദർ മുള്ളേഴ്സിൽ ഗുരുതരാവസ്ഥയിൽ ചികിൽസ തുടരുന്നു. വലതു കാൽപാദത്തിന്റെ പകുതിയും മുറിച്ചു മാറ്റേണ്ടി വന്നു.

18 വർഷമായി പ്രമേഹരോഗിയായ റെജിയുടെ കാലിലുണ്ടായ മുറിവാണ് ഈ കുടുംബത്തെ ഒന്നാകെ ദുരിതക്കയത്തിൽ തള്ളിയത്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതു പോലും കിടന്നകിടപ്പിൽ തന്നെ. ചികിൽസയ്ക്കുള്ള പണം കണ്ടെത്താനുള്ള പരക്കം പാച്ചിലിനിടെ, ടാപ്പിങ് തൊഴിലാളിയായ പോൾസണ് ജോലിക്കു പോകാൻ കഴിയാതെയായി. ഐടിഐ വിദ്യാർഥിയായ മകൻ അൻസൻ പഠനം ഉപേക്ഷിച്ചു അമ്മയ്ക്ക് കൂട്ടിരിക്കുന്നു. പ്ലസ്ടുവിന് പഠിക്കുന്ന മകൾ അലീനയുടെയും തുടർപഠനം ഇപ്പോൾ ഒരു ചോദ്യചിഹ്നമാണ്.

പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നാട്ടുകാർ ചികിൽസ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. തുടർചികിൽസയ്ക്കും കൃത്രിമകാൽ വച്ചുപിടിപ്പിക്കുന്നതിനും ആവശ്യമായ തുക കണ്ടെത്താനുള്ള ഇവരുടെ ഓട്ടത്തിൽ കൈത്താങ്ങായി ആരെങ്കിലും വരുമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കി.

മകൾ അലീന കെ. പോൾസണിന്റെ പേരിൽ കോർപറേഷൻ ബാങ്ക് വെള്ളരിക്കുണ്ട് ശാഖയിലുള്ള അക്കൗണ്ട് നമ്പർ: 179100101004300.
IFSC: CORP0001791

പോൾസണിന്റെ ഫോൺ: 8606712984.

വിലാസം:
റെജി പോൾസൺ
കൈതക്കോട്ടിൽ വീട്
കാലിച്ചാനടുക്കം പി.ഒ.
കാസർകോട് – 6713314