രണ്ടര വയസ്സിനിടെ മൂന്ന് ശസ്ത്രക്രിയ; സച്ചു നടക്കാൻ ഇനി നാം കൈപിടിക്കണം

മാതാപിതാക്കളായ സോബിനും അനിതയ്ക്കുമൊപ്പം സച്ചു.

കട്ടപ്പന ∙ രണ്ടര വയസ്സിനിടെ മൂന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ സച്ചുവിനെ ആരോഗ്യമുള്ള കുട്ടിയാക്കി മാറ്റാൻ പണമില്ലാതെ മാതാപിതാക്കൾ ബുദ്ധിമുട്ടുന്നു. കൊച്ചറ ചേറ്റുകുഴി കക്കാട്ടൂർ സോബിൻ- അനിത ദമ്പതികളുടെ ഏക മകനാണ് സച്ചു. അഞ്ചു വയസ്സിനു മുമ്പ് ലഭിക്കുന്ന ചികിത്സയിലൂടെ മാത്രമേ സച്ചുവിന് എഴുന്നേറ്റു നിൽക്കാനുള്ള കരുത്തുപോലും ലഭിക്കുകയുള്ളെന്ന് ഡോക്ടർമാരും പറയുന്നു. സച്ചു ജനിച്ചതു മുതൽ പലവിധത്തിലുള്ള അസുഖങ്ങൾ ഉണ്ടായതോടെ ചികിത്സയ്ക്കായി വൻതുക ഇതിനോടകം ചിലവായി. ആകെയുണ്ടായിരുന്ന മൂന്നുസെന്റ് ഭൂമിയും ഏക വരുമാന മാർഗമായിരുന്ന ഓട്ടോറിക്ഷയും വിറ്റ് സോബിൻ മകനെ ചികിത്സിച്ചു. ഇനി സ്പീച്ച് തെറാപ്പിയും ഫിസിയോ തെറാപ്പിയും കൃത്യമായി നടത്തിയാൽ മാത്രമേ സച്ചുവിന് ആരോഗ്യവും സംസാരശേഷിയും കൈവരിക്കാനാകൂ. നിത്യ ചെലവിനുപോലും ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് മകന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ യാതൊരു മാർഗവുമില്ല.

ഗർഭിണിയായിരുന്ന സമയത്ത് വിവിധ ശാരീരിക പ്രശ്‌നങ്ങളാൽ ആറാം മാസം മുതൽ അനിത കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സച്ചു ജനിച്ച് രണ്ടാമത്തെ ദിവസം ഫിക്‌സ് വന്നതോടെ വിദഗ്ധ പരിശോധന നടത്തിയപ്പോൾ വിവിധ ശാരീരിക പ്രശ്‌നങ്ങൾ കണ്ടെത്തി. തലയ്ക്കുള്ളിൽ വെള്ളക്കെട്ടും പുറത്ത് ഞരമ്പുകൾ കൂടിച്ചേർന്നുണ്ടായ മുഴയും കാലുകൾക്ക് ബലക്ഷയവും കണ്ടെത്തിയതോടെ ചികിത്സയ്ക്കായി വൻതുക കണ്ടെത്തേണ്ടിവന്നു. മൂന്നര മാസം പിന്നിട്ടതോടെ പുറത്തുള്ള മുഴ മാറ്റാനായി ആദ്യ ശസ്ത്രക്രിയ. ഏഴാം മാസത്തിൽ തലയിലെ വെള്ളക്കെട്ട് ഒഴിവാക്കാനും 10-ാം മാസത്തിൽ കാലിലെ ബലക്ഷയത്തിനും കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തലയിൽ നിന്ന് മൂത്രാശയത്തിലേയ്ക്ക് ഇട്ടിരിക്കുന്ന ട്യൂബ് ഇതുവരെ നീക്കിയിട്ടില്ല. ഇത് നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ ശസ്ത്രക്രിയ നടന്നിട്ടില്ല. ചെറിയൊരു പനി ബാധിച്ചാൽ പോലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകണം.

ചികിത്സാ സഹായം തേടുന്ന സച്ചു.

സോബിന്റെ പിതൃമാതാവ് തങ്കമ്മയുടെ സഹായത്തോടെ 50,000 രൂപ നൽകി ഒറ്റിക്കെടുത്ത ചേറ്റുകുഴി അപ്പാപ്പിക്കടയിലെ വീട്ടിലാണ് ഇവരുടെ താമസം. ഇതിനായി വാങ്ങിയ വായ്പയുടെ തിരിച്ചടവിനൊപ്പം കുട്ടിയുടെ ചികിത്സയ്ക്കും പണം കണ്ടെത്താൻ ഇവർക്ക് കഴിയുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞ കൃത്യമായ രീതിയിൽ തുടർ ചികിത്സ ലഭിക്കാത്തതിനാൽ സച്ചുവിന്റെ കാലുകൾക്ക് ബലം വന്നിട്ടില്ല. കുട്ടിയെ എഴുന്നേൽപ്പിച്ചു നിർത്താനുള്ള ബെൽറ്റ് കാരുണ്യ മനസ്‌കരുടെ സഹായത്താൽ ലഭിച്ചിരുന്നു. ഇനി നടക്കാനുള്ള ബെൽറ്റ് വാങ്ങണം. കൂടാതെ എല്ലാ ദിവസവും ആശുപത്രിയിലെത്തി സ്പീച്ച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ചെയ്യണം. കുട്ടിക്ക് നേരെ ഇരിക്കാൻ പോലും കഴിയാത്തതിനാൽ ടാക്‌സി വാഹനം വിളിച്ചാലേ ആശുപത്രിയിൽ പോകാനാകൂ. ഭാരിച്ച തുക കണ്ടെത്തേണ്ട സാഹചര്യത്തിൽ കൂലിപ്പണിയെടുത്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് സോബിനുള്ളത്. കാരുണ്യമനസ്‌കരുടെ സഹായം പ്രതീക്ഷിച്ച് സോബിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് കട്ടപ്പന ശാഖയിൽ 0603053000006737 എന്ന നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ്‌സി: എസ്‌ഐബിഎൽ 0000603. ഫോൺ: 9447313372, 8129065817