ശ്രീലേഖ വിധിയോടു പൊരുതുകയാണ്: ജയിക്കാന്‍ നമുക്കു കൈത്താങ്ങാകാം

ഇറഞ്ഞാൽ (കോട്ടയം) ∙ ഇരുപത്തേഴാം വയസിലാണ് വിധി ആദ്യമായി ശ്രീലേഖയോടു ക്രൂരത കാട്ടുന്നത്. റബർ കമ്പനിയിലെ നൈറ്റ് ഡ്യൂട്ടി കഴി‍ഞ്ഞു മ‌ടങ്ങിവന്നശേഷം പശുവിനെ തീറ്റിക്കാൻ പാടത്തേക്കിറങ്ങിയ ഭർത്താവ് ജിബു പിന്നീടു മടങ്ങി വന്നില്ല; കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. അഞ്ചും മൂന്നും വയസുള്ള രണ്ടു പെൺമക്കളെ അനാഥരാക്കി ജിബു പോയെങ്കിലും റബർ കമ്പനിയിൽ ആശ്രിതനിയമനം വഴി കിട്ടിയ ജോലി കൊണ്ട് ശ്രീലേഖ കുടുംബം പുലർത്തി. ഇന്ന് മൂത്ത മകൾ അഖില ഡിഗ്രിക്കും ഇളയമകൾ ആതിര പ്ലസ് വണിനും പഠിക്കുന്നു.

പക്ഷേ, ദുരിതങ്ങൾ അവിടംകൊണ്ട്  അവസാനിച്ചില്ല. മൂന്നു മാസം മുന്‍പ് വയറു കമ്പിച്ചു വീർക്കുന്ന അസുഖവുമായാണ് ശ്രീലേഖ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ ഗർഭാശയ ക്യാൻസറാണെന്നു കണ്ടെത്തി. ഗുരുതരാവസ്ഥയിലായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. സ്വർണം വിറ്റും കടം വാങ്ങിയും ചികിത്സ തുടങ്ങിയെങ്കിലും മുൻപോട്ടു കൊണ്ടുപോകുവാൻ കഴിയാത്ത അവസ്ഥയിലാണ്.

ആകെയുള്ളത് ആറു സെന്റു പുരയിടവും ഒരു കൊച്ചുവീടും മാത്രമാണ്. രോഗിയായതിൽപ്പിന്നെ ജോലിക്കു പോകാനും സാധിക്കുന്നില്ല. പ്രായമായ രണ്ടു പെൺമക്കളെക്കുറിച്ചുള്ള ആശങ്കയാണ് നാൽപത്തൊന്നുകാരിയായ ഈ അമ്മയ്ക്ക്...കനിവുള്ളവർ കരുതാനുണ്ടെങ്കിൽ ആ കുട്ടികൾ അനാഥരാവില്ല...

ശ്രീലേഖയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ

Sreelekha C P
Ac No. : 31490294512
SBI Thirunakkara Branch, Kottayam
IFSC Code : SBIN0008633