ഓണം ഇവരുടെ പ്രതീക്ഷകൾക്കുമപ്പുറമാണ്

കോട്ടയം ∙ രാജമ്മ (96) യ്ക്ക് അഞ്ച് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. അഞ്ച് ആൺമക്കളും ഇൗ അമ്മയെ കാണാൻ വരാറില്ല. പെൺമക്കളായ സീതാലക്ഷ്മി (62), വല്ലി (52) എന്നിവർക്കൊപ്പമാണ് അമ്മ രാജമ്മ. സീതാലക്ഷ്മിയുടെയും വല്ലിയുടെയും ഭർത്താക്കന്മാർ മരിച്ചു. രണ്ടുപേർക്കും പെൺമക്കളാണുള്ളത്. അവരെല്ലാം വിവാഹം കഴിച്ചു പോയതോടെ മൂന്ന് അമ്മമാരും മാത്രമായി. കോട്ടയം തിരുവഞ്ചൂരിനടുത്ത് ചെറിയൊരു വാടകവീട്ടിലാണ് മൂവരും താമസിക്കുന്നത്.

ഇളയമകൾ വല്ലി വീട്ടുജോലിക്ക് പോയായിരുന്നു മൂന്നുപേരുടെയും ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്. വിധിയുടെ തിരിച്ചടി ഷോക്കേറ്റതുപോലെയാണ് ഇവരുടെ നിസഹായ ജീവിതത്തിലേക്കെത്തിയത്. രാജമ്മയ്ക്ക് പുറം ലോകവുമായുള്ള ഏകബന്ധം റേഡിയോ വാർത്തകളാണ്. ഒരു ദിവസം റേഡിയോ സ്വിച്ചിട്ടതാണ് വല്ലി. ഷോക്കടിച്ച് തെറുപ്പിച്ചു. തലയിടിച്ച് വീണ് വല്ലി കുറേനാൾ ചികിൽസയിലും കിടപ്പിലുമായി. അതോടെ വീട് പട്ടിണിയായി.

ഇനി ഓണം വരുന്നു. ഇൗ ഓണം നാട്ടിൽ മറ്റെല്ലാവർക്കും ഓണാഘോഷമാകുമ്പോൾ ഇൗ വീട്ടിൽ ദുരിതമാണ്. പട്ടിണിയുമായാണ് ഓരോ ദിനവും കടന്നുപോകുന്നത്. ഓണത്തിനു ഒരുനേരം വയറുനിറയെ കഴിക്കണം. മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല ഇവർ. സുമനസുകളിലാണ് ഇൗ അമ്മമാരുടെ പ്രതീക്ഷ. ആരുടെയും മുന്നിൽ ഭിക്ഷ യാചിക്കാൻ പോകാൻ അന്തസ് അനുവദിക്കാത്തതുകൊണ്ടാണ് ഇൗ അമ്മമാർ അതിന് തയാറല്ലെന്ന് പറയുന്നത്. ആഘോഷമായി കടന്നുപോയ പഴയ ഓണങ്ങളുടെ ഓർമ്മയാണ് ഇൗ അമ്മമർക്ക് കൂട്ട്. ഇൗ അമ്മമാരുടെ പട്ടിണിയൊഴിവാകാൻ അവർക്ക് ഒരുനേരത്തെ ആഹാരത്തിനു സഹായിക്കാനാകുമെങ്കിൽ ഇൗ ഓണം നമുക്കു നന്മയുടെ പൊന്നോണമാകും ഉറപ്പ്.
യൂണിയൻ ബാങ്കിന്റെ നാഗമ്പടം ശാഖയിലാണ് ഇവർക്ക് അക്കൗണ്ടുള്ളത്.

അക്കൗണ്ട് നമ്പർ–337002010010372
IFSC code-UBIN0533700