കരങ്ങൾ നീട്ടുന്നു; കനിവിനായ്

ചങ്ങനാശ്ശേരി∙ ജോസഫിന് ജീവിതം വഴിമുട്ടി നിൽക്കുകയാണ്. കഴിഞ്ഞ എട്ട് മാസക്കാലത്തോളമായി രണ്ടു വൃക്കകളും തകരാറിലായി, കോട്ടയം മെഡിക്കൽ കോളേജിൽ പെരിറ്റോണിയൽ ‍ഡയാലിസിസ് ചെയ്താണ് ഇരുപത്തഞ്ചുകാരനായ ഈ യുവാവിന്റെ ജീവൻ നിലനിർത്തുന്നത്.

ചങ്ങനാശ്ശേരി ചീരഞ്ചിറ ഈരയിൽ വീട്ടിൽ ഡ്രൈവറായ ഇ.സി തോമസിന്റെ രണ്ട് മക്കളിൽ മൂത്തവനാണ് ജോഫിൻ. പ്ലസ്ടു പഠനത്തിനുശേഷം ഐറ്റിസി ഡിപ്ലോമ പൂർത്തിയാക്കിയ ജോഫിൻ, പിതാവിന് കൈതാങ്ങാകുവാൻ അക്ഷയ കേന്ദ്രത്തിൽ ആധാർ ഒാപ്പറേറ്ററായി ജോലി നോക്കവേയാണ് വിധിയുടെ വിളയാട്ടം ആരംഭിച്ചത്.

ശരീരം കണക്കറ്റ് ക്ഷീണിക്കുകയും പല ഭാഗത്തും വലിയ പരുക്കുക്കൾ പ്രത്യക്ഷപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ക്രിയാറ്റിന്റെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തി. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ യൂറിറ്ററിന്റെ ബ്ലോക്ക് മൂലം രണ്ടു വൃക്കകളും തകരാറിലായെന്നും ഒാപ്പറേഷനിലൂടെ യൂറിറ്ററിലെ തടസ്സം നീക്കിയശേഷം തകരാറിലായ വൃക്കകൾ മാറ്റി വെയ്ക്കുകയും വേണമെന്ന് ഡോക്ടർമാർ നിഗമനത്തിലെത്തി.

ദൗർഭാഗ്യവശാൽ ഒാപ്പറേഷൻ താങ്ങാനാവാത്തവിധം ശരീരം ശോഷിച്ചിരിക്കുന്നതിനാൽ പെരിറ്റോണിയൽ ഡയാലിസിസ് ചെയ്താണ് ഈ യുവാവിന്റെ ജീവന്‍ നിലനിർത്തുന്നത്. എന്നാൽ ഇതിനായി ഭാരിച്ച ചിലവ് (ഏകദേശം 25000 രൂപ) പ്രതിമാസം വേണ്ടി വരുന്നു.

നാട്ടുകാരുടേയും സുമനസ്സുകളുടേയും കാരുണ്യമാണ് ഇത്രകാലം ഈ ജീവൻ പൊലിയാതെ സൂക്ഷിച്ചത്. സ്ഥിരവരുമാനമില്ലാത്ത പിതാവിന് മുന്നിൽ മകന്റെ ചികിത്സാചിലവുകളും വീട്ടുചിലവുകളും മകളുടെ വിദ്യാഭ്യാസചിലവുകളും ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. തുലാസിലായിരിക്കുന്ന ഈ ജീവൻ വീണ്ടും കരുപിടിപ്പിക്കണമെങ്കിൽ ജോഫിൻ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് ഒാപ്പറേഷനു വിധേയനാകുകയേ മാർഗമുളളൂ. അതുവരെ ഡയാലിസിസ് തുടരുന്നതിനും ചികിൽസയ്ക്കുമായി കനിവുവറ്റാത്ത മനസ്സുകളുടെ കാരുണ്യം തേടുകയാണ് ഈ നിർധനകുടുംബം.

നമ്മുടെ നിസംഗതമൂലം ഒരു ജീവന്റെ നാളം കൂടി അണയാതിരിക്കട്ടെ. ജോഫിൻ സഹായ നിധിയിലേക്കുള്ള സംഭാവനകൾക്കായി നാട്ടുകാർ ചേർന്ന് ചങ്ങനാശ്ശേരി ഇൻഡസ്ട്രിയൽ നഗർ എസ്ബിറ്റിയിൽ തുടങ്ങിയ അക്കൗണ്ടിന്റെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

NAME - JOFFIN THOMAS

A/C NO - 67210668007

IFSC CODE - SBTR0000230

MOB NO - 9995820093