സൻമനസുള്ളവരുടെ സഹായത്തിനായി കണ്ണനും ഉണ്ണിയും കാത്തിരിക്കുന്നു

കോട്ടയം∙ സൻമനസുള്ളവർ ഒന്നു സഹായിച്ചാൽ കണ്ണനും ഉണ്ണിക്കും ഇൗ ലോകം കാണാം. അച്ഛനെയും അമ്മയെയും ചേച്ചിയെയും കാണാം.
90 ശതമാനവും അന്ധത ബാധിച്ച ഇരട്ടക്കുട്ടികളുമായി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ചെങ്ങളം സൗത്ത് കടിയക്കോൽ മിടാവലി പാടം കൊച്ചുപറമ്പിൽ കൊച്ചുമോനും കുടുംബവും.

ഇരട്ടകളായ ഉണ്ണിക്കും കണ്ണനും രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണു കാഴ്‌ച മങ്ങിത്തുടങ്ങിയത്. ഇപ്പോൾ 16 വയസുള്ള ഇരുവരും ഏതാണ്ട് പൂർണ്ണമായും ഇരുട്ടിലാണ്. പരിശോധനയിൽ ഞരമ്പുകളുടെ തകരാറെന്നു കണ്ടെത്തി. ഇവരെക്കൂടാതെ ഒരു പെൺകുട്ടി കൂടി കൊച്ചുമോൻ– പ്രീത ദമ്പതികൾക്കുണ്ട്. കുട്ടികളുടെ ചികിൽസയ്ക്കും മകളുടെ പഠനത്തിനും ആവശ്യമായ തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണു കൊച്ചുമോൻ. ഓട്ടോറിക്ഷ ഓടിച്ചാൽ ലഭിക്കുന്ന തുച്ഛമായ തുക എല്ലാവരുടെയും വയർ നിറയാൻ തന്നെ പലപ്പോഴും തികയാറില്ല. അതിനോടൊപ്പം കടങ്ങളും കൂടിയായപ്പോൾ ജീവിതം വഴിമുട്ടി.

കനത്ത മഴ പെയ്താൽ ഒറ്റപ്പെട്ടു പോകുന്ന സ്ഥലത്താണ് ഇവരുടെ താമസം. വെള്ളപ്പൊക്കം ഉണ്ടായാൽ കുട്ടികളെ വീടിനു പുറത്തേക്ക് ഇറക്കാനും കഴിയില്ല. കൊച്ചുമോന്റെ ഭാര്യ പ്രീതയാണ് ഇപ്പോൾ കുട്ടികളുടെ കാര്യം നോക്കുന്നത്. ഇതു കൊണ്ടു കൂലിവേലയ്‌ക്കു പോലും പോകാൻ പ്രീതയ്ക്കും കഴിയുന്നില്ല.

ദുരിതക്കയത്തിൽ പെട്ടതോടെ കുട്ടികളുടെ ചികിൽസയും മുടങ്ങുമെന്ന അവസ്‌ഥയിലാണിവർ. ചികിൽസയ്ക്കിനി അഞ്ചു ലക്ഷത്തോളം രൂപ കൂടി വേണം. ഇതു വരെ ലഭിച്ച സഹായം കൊണ്ട് നടത്തിയ ചികിൽസ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. അതു മുടങ്ങിയാൽ വീണ്ടും കുട്ടികൾ ഇരുട്ടിലാകും. സൻമനസുള്ളവരുടെ സഹായം മാത്രമാണ് ഇനി ഇവരുടെ ആകെ പ്രതീക്ഷ. എസ്ബിടി തിരുവാർപ്പ് ശാഖയിൽ കെ.എം.കൊച്ചുമോന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 570631 99124. ഐഎഫ്എസ്‌സി എസ്ബിടിആർ0000223. ഫോൺ 96335 16375