മരുന്നു വാങ്ങാൻ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു

കോട്ടയം ∙ ജീവിതത്തിലേക്ക് ഓർക്കാപ്പുറത്തെത്തിയ ദുരന്തമായ കാൻസറിനെ പടികടത്താനുള്ള അവസാന ഡോസ് മരുന്നു വാങ്ങാനുളള പണമില്ലാതെ കഷ്ടപ്പെടുകയാണ് ഈ വീട്ടമ്മ. കിടങ്ങൂർ, കുമ്മണ്ണൂർ, മാവേലിത്തടത്തിൽ മിനി ഹരി(45)യാണ് മുന്നോട്ടുള്ള ജീവിതം ആരോഗ്യത്തോടെ കഴിയാൻ സുമനസുകൾക്കുമുന്നിൽ കരം നീട്ടുന്നത്.

രണ്ടുവർഷം മുൻപാണ് മിനിക്ക് കാൻസർ കണ്ടെത്തുന്നത്. സ്തനാർബുദം നാലാം ഘട്ടത്തിലാണ് രോഗം തിരിച്ചറിഞ്ഞത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയും കീമോ തെറാപ്പിയും ആരംഭിച്ചു. കാരുണ്യാ ചികിൽസാ ഫണ്ട് അനുവദിച്ചിട്ടും കിമോ തെറാപ്പി ചികിൽസയ്ക്ക് പണം തികഞ്ഞില്ല. റേഷൻ കാർഡ് ബിപിഎൽ ആയി എന്ന കാരണത്താൽ കാൻസർ ചികിൽസാ പദ്ധതിയായ സുകൃതം വഴിയുളള സഹായം ലഭിച്ചില്ല.

മാസങ്ങൾ നീണ്ട നടപടിയിലൂടെ റേഷൻ കാർഡ് ബിപിഎൽ ആക്കിയെങ്കിലും കീമോ തെറാപ്പിക്കുള്ള സമയപരിധി കഴിഞ്ഞിരുന്നു. ഇനിയും കീമോ തെറാപ്പി പൂർത്തിയാക്കണമെങ്കിൽ 50,000 രൂപയുടെ മരുന്നുകൾ കൂടി ആവശ്യമാണ്. ഭർത്താവ് ഹരിക്ക് കൂലിപ്പണിയാണ് തൊഴിൽ. ഏക മകൻ 9–ാം ക്ലാസ് വിദ്യാർഥിയാണ്. ഒൻപത് സെന്റ് സ്ഥലവും അതിലുളള കൊച്ചുവീടുമാണ് ഇവരുടെ ഏക സമ്പാദ്യം. ഇത് ഈടുവച്ച് പണം വായ്പ എടുത്താണ് ചികിൽസകളുടെ ഒരു ഘട്ടം പൂർത്തിയാക്കിയത്. കീമോ തെറാപ്പി പൂർണ്ണമായും നടത്തിയാൽ രോഗത്തിന്റെ പിടിയിൽ നിന്ന് മുക്തമാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഇതിനുളള തുക കണ്ടെത്തുന്നതിനാണ് മിനി സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുന്നത്.

വിലാസം:

മിനി ഹരി മാവേലിത്തടത്തിൽ വീട്, കുമ്മണ്ണൂർ, കിടങ്ങൂർ

ഫോൺ: 9544766296.

ബാങ്ക്:

എസ്ബിടി കിടങ്ങൂർ

അക്കൗണ്ട് നമ്പർ: 67236990069

ഐഎഫ്സി നമ്പർ: SBTR0000106.