വൃക്ക തകരാറിലായ യുവാവ് കാരുണ്യം തേടുന്നു

ദുബായ്∙ അമ്മ നൽകിയ വൃക്കയും തകരാറിലായതോടെ ദുരിതക്കിടക്കയിലായ യുവാവ് മനുഷ്യസ്നേഹികളുടെ കാരുണ്യം തേടുന്നു. ​തൃശൂർ ഗുരുവായൂർ ച​ക്കര​മക്കിൽ പരേതനായ തോമസിന്റെയും ബീനയുടെയും മകൻ നിഥിൻ സി.തോമസാ(2​4)ണ് ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം തേടുന്നത്. വൃക്കകളുടെ വാൽവിൽ തടസങ്ങളോടെയായിരുന്നു നിഥിൻ ജനിച്ചത്. പ്രസവിച്ച് 56–ാമത്തെ ദിവസം ശസ്ത്രക്രിയക്ക് വിധേയനായി. ഒന്നര വയസുള്ളപ്പോൾ വൃക്കയുടെ വാൽവ് മാറ്റിവച്ചു. പത്തൊൻപതാം വയസിൽ വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സ തേടി.

ഇരുപത്തിമൂന്നാമത്തെ വയസിൽ എത്രയും പെട്ടെന്ന് വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ പറഞ്ഞതനുസരിച്ച് അമ്മ ബീനയുടെ വൃക്ക നിഥിന് മാറ്റിവച്ചു. ഇതിന് 12 ലക്ഷത്തോളം രൂപ ചെലവായി. താമസിക്കാനുള്ള ചെറിയൊരു വീടൊഴികെ ഉള്ളതെല്ലാം വിറ്റുപെറുക്കിയും മറ്റുള്ളവരുടെ സഹായത്തോടെയുമായിരുന്നു ഇത്. എന്നാൽ, ഇതിന് ശേഷം എട്ടാം മാസം വീണ്ടും വൃക്കരോഗം പിടിപ്പെട്ടപ്പോൾ‌ 15 ദിവസം എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടുത്തെ ചികിത്സയ്ക്ക് രണ്ടു ലക്ഷം രൂപ ചിലവായി. തുടർന്ന് എറണാളും ലേയ്ക് ഷോർ ആശുപത്രിയിലേയ്ക്ക് മാറ്റി. ഒന്നര മാസത്തോളം ചികിത്സ നടത്തിയപ്പോൾ അഞ്ച് ലക്ഷത്തോളം രൂപ ചെലവായി.

ഇപ്പോൾ നിഥിന്റെ ആരോഗ്യ സ്ഥിതി വീണ്ടും വഷളായിരിക്കുന്നു. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. യോജിച്ച വൃക്ക ലഭിക്കുകയാണെങ്കിൽ ഉടൻ ശസ്ത്രക്രിയ നടത്താൻ തയ്യാറാകാനാണ് ഡോക്ടർമാരുടെ ഉപദേശം. ഇതിനായി ഏഴ് ലക്ഷം രൂപ കരുതണം. ശസ്ത്രക്രിയക്ക് ശേഷം 20 ലക്ഷത്തോളം രൂപ വേറെയും വേണ്ടിവരും.

​വീടിന്റെ ആധാരം പണയത്തിലാണ്. ആ പണം തിരിച്ചടച്ചില്ലെങ്കിൽ വീട് നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്. മകന്റെ ജീവൻ രക്ഷിക്കാൻ വീട് വിൽപന നടത്തുകയല്ലാതെ മറ്റൊരു വഴിയും ബീന കാണുന്നില്ല.​ മനസിൽ നന്മ വറ്റിയിട്ടില്ലാത്തവർ തന്റെയും മകന്റെയും ജീവിത പ്രതിസന്ധി കാണാതിരിക്കില്ലെന്ന വിശ്വാസത്തിലാണ് ഇൗ വീട്ടമ്മ.

​ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ: തിഥിൻ തോമസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഗുരുവായൂർ ശാഖ, അക്കൗണ്ട് നമ്പർ-​ 67077394985. ഐഎഫ്എസ്‌സി കോഡ് -എസ്ബിടിആർ0000257. വിവരങ്ങൾക്ക്: ബീന ഫോൺ-00919947710865. 00971 50–3​986155​(​രഘു ആർ.നായർ).