വിധി വിലങ്ങുതടിയായി കിടക്കുന്നു കരുണയുള്ളവർ കനിയണേ

കോട്ടയം∙കുഞ്ഞുമക്കളും ഭാര്യയുമടങ്ങുന്ന തന്റെ കൊച്ചു കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയാനാണ് പളനിവേലിന് ആഗ്രഹം.പക്ഷെ മോഹങ്ങളെല്ലാം തകർത്തുകൊണ്ട് വിധി വിലങ്ങനെ കിടക്കുകയാണ്. മൂന്നാർ ന്യൂ ഡിവിഷൻ പെരിയകനാൽ എസ്റ്റേറ്റിൽ പളനിവേൽ എന്ന 32 വയസുകാരന്റെ ഇരു കിഡ്നികളും തകരാറിലായിരിക്കുകയാണ്.

ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്താണ് ജീവൻ പിടിച്ചു നിർത്തുന്നത്. ഒരുമാസത്തേക്ക് 15000 രൂപ ഡയാലിസിസിന് മാത്രം ചെലവു വരും.മരുന്നിനും ചികിത്സയ്ക്കും വേറെയും.ജോലിക്കു പോകാൻ കഴിയാതെ വന്നതോടെ ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം പോലും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

ഇനി എന്തു ചെയ്യണമെന്ന് പളനി വേലിനറിയില്ല. പലരുടെയം സഹായത്തോടെയാണ് ഇതുവരെ ജീവിച്ചത്. ആർപ്പുക്കരയിൽ പാറപ്പുറം പള്ളിയുടെ അഗതി മന്ദിരത്തിലാണ് ഭാര്യ മഞ്ജുളയോടും മക്കളായ ശിവശക്തി (4), ഹന്നാമോൾ (3) എന്നിവർക്കുമൊപ്പം താമസിക്കുന്നത്. ഇവിടെ നിന്ന് ആഹാരം ലഭിക്കുന്നതിനാലാണ് ജീവിതം മുന്നോട്ടു നീങ്ങുന്നത്. രണ്ടു വർഷം മുൻപാണ് കിഡ്നി രോഗം പിടിപെട്ടത്.ആദ്യം മെഡിക്കൽ കോളജിൽനിന്നായിരുന്നു ചികിത്സ. കിഡ്നി രോഗത്തോടൊപ്പം മഞ്ഞപ്പിത്തം കൂടി പിടിപെട്ടതോടെ തുടർ ചികിത്സയ്ക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസ് മെഷിൻ ഇല്ലാതായി. അതോടെയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നത്.

തുടർ ചികിത്സയ്ക്കായി കരുണയുള്ളവർ കനിയണമെന്നാണ് ഈ കൊച്ചു കുടുംബത്തിന്റെ പ്രാർഥന.സൗത്ത് ഇന്ത്യൻ ബാങ്കിൽ ചിന്നക്കനാൽ ശാഖയിൽ പളനിവേലിന്റെ പേരിൽ അക്കൗണ്ടുണ്ട്. നമ്പർ : 0275053000007942. ഐഎഫ്എസ് കോഡ് : എസ്ഐബിഎൽ 0000275. മൊബൈൽ നമ്പർ : 09745045631, 9207368734