ഈ കുടുംബം പ്രകാശം തേടുന്നു

ചങ്ങനാശേരി∙ കുറിച്ചി പുലിക്കുഴിമറ്റത്തിൽ കൊച്ചുകൊട്ടാരപ്പറമ്പിൽ പ്രകാശന്റെ മരണത്തോടെ അനാഥമായ കുടുംബം സഹായം തേടുന്നു. ചങ്ങനാശേരിയിൽ ഓട്ടോ തൊഴിലാളിയായിരുന്ന പ്രകാശന്റെ വരുമാനമായിരുന്നു നിരധനരായ ഈ കുടുംബത്തെ ജീവിപ്പിച്ചത്. 85 വയസ്സ് പ്രായമുള്ള പ്രകാശന്റെ അമ്മ കിടപ്പു രോഗിയാണ്. സഹോദരി വികലാംഗയും ക്യൻസർ രോഗിയും. പ്രകാശന്റെ മൂത്ത മകൻ ജന്മനാ ഇരു കാലുകളും സ്വാധീനമില്ലാത്ത ആളാണ്. ഇളയ മകനാകട്ടെ എസ്എസ്എൽസി മികച്ച നിലയിൽ പാസ്സായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പഠനം നിർത്തിയിരിക്കുകയാണ്. പ്രകാശന്റെ ഭാര്യയും നിത്യരോഗിയാണ്. ദുരന്തത്തിന്റെയും ദൈന്യതയുടെയും മറുപേരായ ഈ കുടുംബത്തിന് അക്ഷരാർഥത്തിൽ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.

കണ്ണിന്റെ കാഴ്ച കുറഞ്ഞു വന്നതാണ് പ്രകാശന്റെ രോഗാരംഭം. ചികിത്സയിലിരിക്കെ മറ്റു മാരക രോഗങ്ങൾ കൂടി കീഴ്പ്പെടുത്തി. വിദഗ്ധ ചികിത്സകൾക്കായി പന്ത്രണ്ട് ലക്ഷത്തിലേറെ രൂപ ചെലവിട്ടു, എന്നാൽ അതെല്ലാം പാഴായി, പ്രകാശൻ കഴിഞ്ഞ മെയ് മാസം മരണത്തിനു കീഴടങ്ങുകയായിരുന്നു.

പലരിൽനിന്നും കടം വാങ്ങിയാണ് പ്രകാശനെ ചികിത്സിച്ചത്. നിത്യചിലവുകൾക്കു പോലും വഴിയില്ലാത്ത കുടുംബത്തിന് ഈ തുക ഇപ്പോൾ വലിയ ബാധ്യതയായി നിലനിൽക്കുന്നു. യാതൊരു വരുമാനമാർഗവും ഈ കുടുംബത്തിനില്ല എന്നു മാത്രമല്ല ജോലി ചെയ്തു കുടുംബം പോറ്റാൻ ആരോഗ്യമുള്ള ഒരാളും ഈ കുടുംബത്തിൽ അവശേഷിക്കുന്നുമില്ല. ദയനീയാവസ്ഥയിൽ ഒരു കുടുംബം കാരുണ്യമുള്ളവരുടെ സഹായം പ്രതീക്ഷിക്കുന്നു, ആ പ്രതീക്ഷ വെറുതെ ആകരുത്.

അക്കൗണ്ട് നമ്പർ: 19520100027032
എംഐസിആർ കോഡ്: 686049012
ഐഎഫ്എസ്‌സി: എഫ്ഡിആർഎൽ 0001952
ഫോൺ: 9496162050, 9744740156, 9495445506