രാധാകൃഷ്ണന് നടക്കണമെങ്കിൽ കരുണയുള്ളവരുടെ സഹായം വേണം

പാല∙ രാധാകൃഷ്ണന് നടക്കണമെങ്കിൽ കരുണയുള്ളവരുടെ സഹായം വേണം. കൂലിവേല ചെയ്ത് കുടുംബം പുലർത്തിയിരുന്ന രാധാകൃഷ്ണന്റെ ജീവിതത്തിൽ ദുരന്തം വന്നത് അപകടത്തിന്റെ രൂപത്തിലാണ്. ആറുവർഷം മുൻപ് രാധാകൃഷണൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലിന്റെ തുടയെല്ലും മുട്ടുചിരട്ടയും തകർന്നിരുന്നു. അന്നുമുതൽ ഒരോ ആശുപത്രികളിൽ മാറിമാറി ചികിൽസകളും ശസ്ത്രക്രിയകളും തുടരുകയായിരുന്നു.

ഇതുവരെ 10 ശസ്ത്രക്രിയകളാണ് രാധാകൃഷ്ണന്റെ കാലിൽ നടത്തിയത്. എന്നാൽ ഇപ്പോഴും കാലിന്റെ മുട്ടുവളച്ച് നടക്കാൻ കഴിയുന്നില്ല. മുട്ടുചിരട്ട മാറ്റിവയ്ക്കുന്ന ഒരു ശസ്ത്രക്രിയകൂടി നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇതിന് മൂന്നു ലക്ഷത്തോളം രൂപചെലവു വരും. ഇത്രയും നാളത്തെ ചികിൽസകൾക്ക് 16 ലക്ഷത്തോളം രൂപയാണ് ഈ നിർധന കുടുംബത്തിന് ചെലവായത്.

കിടപ്പാടം പണയപ്പെടുത്തിയും വായ്പ എടുത്തും നാട്ടുകാരുടെ സഹകരണം കൊണ്ടുമാണ് ഇതുവരെ ചികിൽസ നടത്തിയത്. മുട്ടുചിരട്ട മാറ്റിവച്ചാൽ സാധാരണ പോലെ ജോലി ചെയ്യുകയും നടക്കുകയും ചെയ്യാമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ രാധാകൃഷ്ണനും ഭാര്യ മിനിയും പ്രതീക്ഷയിലാണ്. എന്നാൽ ഇതിനുള്ള പണം കണ്ടെത്തുന്നതിന് ഈ നിർധന കുടുംബത്തിന് വഴിയില്ല. ഭാര്യ മിനി ഒരു വനിതാ ഹോസ്റ്റലിൽ പാചകത്തിനു സഹായിയായി പോയി ലഭിക്കുന്ന പണംകൊണ്ടാണ് ഈ കുടുംബം കഴിയുന്നത്.

രാധാകൃഷ്ണന് മരുന്നു വാങ്ങാൻ പ്രതിദിനം 200 രൂപ ചെലവാകുന്നുണ്ട്. ഭാര്യയുടെ തുശ്ചമായ വരുമാനത്തിൽ നിന്നാണ് ഇതിനുള്ള പണ കണ്ടെത്തുന്നത്. എന്നാൽ തനിക്ക് നടക്കാനും ജോലി ചെയ്യാനും കഴിഞ്ഞാൽ കടങ്ങൾ വീട്ടി കുടുംബത്തെ പട്ടിണിയില്ലാതെ സംരക്ഷിക്കാൻ കഴിമെന്നാണ് രാധാകൃഷ്ണന്റെ പ്രതീക്ഷ. ഇതിനായുള്ള പ്രാർഥനയിലാണ് ഈ കുടംബം.

വിലസാസം:
രാധാകൃഷ്ണൻ പി.
ഇടഞ്ചേരിൽ ഹൗസ്,
പുലിയന്നൂർ പി.ഒ,
പാല, 686573. കോട്ടയം

ബാങ്ക്
മുത്തോലി എസ്ബിടി ശാഖ.
അക്കൗണ്ട്: നമ്പർ: 67348533083
ഐഎഫ്എസ് കോഡ്: 0001186.
ഫോൺ: 8547161193.