രമേഷിന് എഴുന്നേല്‍ക്കണം, അമ്മയുടെ കണ്ണീർ തുടയ്ക്കണം

കോട്ടയം∙ അച്ഛനും അമ്മയ്ക്കുമുള്ള ഏക പ്രതീക്ഷയായിരുന്നു രമേഷ്. പേരൂർ കാവുംപാടം കോളനിയിൽ അരണ്ടത്തുമാലിയിൽ വീടിന്റെ അത്താണി. കുടുംബത്തെ പട്ടിണിക്കു കൊടുക്കാതെ രമേഷ് ദിനവും രാവും പണിയെടുത്തു. കൂലിപ്പണി, തെങ്ങുകയറ്റം, അങ്ങനെ എല്ലാ ജോലികളും രമേഷ് മടിയില്ലാതെ ചെയ്തു. 2009 ഡിസംബറിൽ മരത്തിൽ കയറിയ രമേഷിനു കാലിടറി. നടുവിടിച്ചു വീണ രമേഷ് അബോധാവസ്ഥയിലായി. കൂടെ ഉണ്ടായരുന്നവർ ഉടൻ തന്നെ മെഡിക്കൽ കോളജിലെത്തിച്ചു. ഡോക്ടർമാരുടെ പരിശോധനകളിൽ സുഷുമ്നാ നാഡിക്കു ക്ഷതമുണ്ടെന്ന് കണ്ടെത്തി. കാലിന്റെ അസ്ഥിയും ഒടിഞ്ഞു.

തുടർന്നു ഒന്നര വർഷക്കാലം മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലുമായി ചികിത്സ. യാതൊരു വിധ മാറ്റവും കാണത്താതിനാൽ തൊടുപുഴ ചാഴിക്കാട്ട് ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സ തേടി. അവിടുത്ത ഡോ. ജോർജിന്റെ ചികിത്സയിലാണു രമേഷിപ്പോൾ. ഇതുവരെയുള്ള ചികിത്സകൾക്കായി ഏഴു ലക്ഷം രൂപ ചെലവായി. ഒരു മാസത്തെ മരുന്നിനു തന്നെ 6000 രൂപയോളം വേണ്ടി വരും. പ്രാഥമികാവശ്യങ്ങൾ പോലും സ്വന്തമായി നിർവഹിക്കാനാവില്ല. ആറു വർഷമായി ജീവിതം കട്ടിലിൽ മാത്രമായി തുടരുകയാണ്. നാലു വർഷങ്ങൾക്കു മുൻപ് അച്ഛൻ മരിച്ചു. അമ്മ വീട്ടുജോലി ചെയ്താണു ചികിത്സയ്ക്കും വീട്ടു ചെലവിനുമായുള്ള പണം കണ്ടെത്തുന്നത്.

പ്രായമായ അമ്മയുടെ കഷ്ടപ്പാട് കണ്ട് നിസഹായതയോടെ നോക്കിയിരിക്കാനേ രമേഷിനിപ്പോൾ കഴിയുന്നുള്ളൂ. തുടർ ചികിത്സയ്ക്കായി ഇനിയും ധാരാളം തുക ആവശ്യമുണ്ട്. രമേഷിന് ഒന്ന് എണീറ്റു നടക്കണമെന്നാഗ്രമുണ്ട്. അമ്മയുടെ കണ്ണീർ തുടച്ച് സാന്ത്വനിപ്പിക്കണമെന്നുമുണ്ട്. ഒരു നിമിഷത്തിൽ തകർന്നു പോയ ജീവിതം കുറച്ചെങ്കിലും രമേഷിനു തിരിച്ചു നൽ‌കാൻ നമുക്കും കൈകോർക്കാം. എസ്ബിറ്റി പേരൂർ ശാഖയിൽ രമേഷിന്റെ പേരിലെ അക്കൗണ്ടിലേക്കു സഹായങ്ങൾ അയയ്ക്കാം.

ജി. രമേഷ്

എസ്ബിടി പേരൂർ ബ്രാഞ്ച്

അക്കൗണ്ട് നമ്പർ – 67315473054

ഐഎഫ്എസ്‌സി കോ‍ഡ് – SBTR0000431

ഫോൺ – 9745114052