ജീവിതത്തിലേക്ക് മടങ്ങിവരാൻ സജീവ് സഹായം തേടുന്നു

കട്ടപ്പന∙ മരത്തിൽ നിന്നു വീണു പരുക്കേറ്റ യുവാവ് ജീവിതത്തിലേയ്ക്ക് മടങ്ങിവരാൻ സഹായം തേടുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ചികിത്സാ പിഴവുണ്ടായെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിട്ട് നീതി ലഭിച്ചില്ലെന്നും ആക്ഷേപം.

കാഞ്ചിയാർ കൽത്തൊട്ടി അരിപ്പാറയിൽവീട്ടിൽ സജീവ് കൃഷ്ണനാ(46)ണ് സന്മനസുള്ളവരുടെയും അധികാരികളുടെയും കനിവു കാത്ത് കിടക്കുന്നത്. മാർച്ച് 11 നാണ് വീടിന് സമീപത്തെ പ്ലാവിൽ നിന്ന് സജീവ് വീണത്. തുടർന്ന് വിദഗ്ധ ചികിത്സയ്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോളെല്ലിന് ഒടിവുണ്ടെന്നും സുഷുമ്‌നാ നാടിക്ക് ഞെരുക്കമുണ്ടെന്നുമാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. കളരിയും തിരുമൽ ചികിത്സയും നടത്തുന്ന സജീവിനെ ആയുർവേദ മർമചികിത്സക്കായി ഡിസ്ചാർജ് ചെയ്യണമെന്ന് ബന്ധുക്കൾ അറിയിച്ചെങ്കിലും ആശുപത്രി അധികൃതർ തയ്യാറായില്ലത്രേ.

അടുത്ത ദിവസം സിടി സ്‌കാൻ നടത്തുകയും ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ നിന്നും മാറ്റിയാൽ മരണം സംഭവിക്കുമെന്നും നട്ടെല്ലിന് അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന് നാട്ടുകാരിൽ നിന്നു സ്വരൂപിച്ച മൂന്നുലക്ഷം രൂപ വിനിയോഗിച്ച് ശസ്ത്രക്രിയ നടത്തി. എന്നാൽ ശസ്ത്രക്രിയയിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു.

എവിടെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന ചോദ്യത്തിന് കഴുത്തിന്റെ മുൻഭാഗത്തെന്നാണ് ഡോക്ടറുടെ മറുപടി നൽകിയതെന്ന് ബന്ധുക്കൾ പറയുന്നു. ഇൻട്യുബിലേഷൻ നടത്തിയത് ഓപ്പറേഷനല്ലെന്നാണ് ആക്ഷേപം. തുടർന്ന് ആശുപത്രി ചെലവായ തുകയടച്ച് സജീവിനെ അവിടെ നിന്നു മാറ്റുകയായിരുന്നു. കട്ടപ്പനയിലെ സർക്കാർ ആശുപത്രിയിൽ യന്ത്രസഹായത്തോടെ ഓക്‌സിജൻ കൊടുത്തും ബിപി നിയന്ത്രിച്ചും ജീവൻ നിലനിർത്തി. എന്നാൽ ആരോഗ്യനില മോശമായി തുടരുകയാണ്.

വീട്ടിൽ കഴിയുന്ന സജീവിന്റെ ജീവൻ നിലനിർത്താൻ ദിവസവും 2000 രൂപയോളമാണ് ഇപ്പോൾ ചെലവാകുന്നത്. വായ് തുറക്കാനാവാത്തവിധം ഗുരുതരവസ്ഥയിലാണ്. വീടിന്റെ ഏക ആശ്രയമായ സജീവ് കിടപ്പിലായതോടെ കുടുംബം ദുരിതത്തിലാണ്. പരസഹായമില്ലാതെ അനങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇതുമൂലം ഭാര്യയ്ക്ക് ജോലിക്ക് പോകാനും സാധിക്കുന്നില്ല. വിദ്യാർഥികളായ മൂന്ന് മക്കളുണ്ട്. നാട്ടുകാരുടെയും മറ്റുബന്ധുക്കളുടെയും സഹായത്തോടെയാണ് ഈ കുടുംബം ജീവിക്കുന്നത്. സഹായം പ്രതീക്ഷിച്ച് മകൻ അരുണിന്റെ പേരിൽ കട്ടപ്പന എസ്ബിഐ ശാഖയിൽ അക്കൗണ്ട് തുറന്നു.

അക്കൗണ്ട് നമ്പർ: 20282880844

ഐഎഫ്എസ്‌സി കോഡ്: SBI005560.