ഇവരുടെ കണ്ണീരൊപ്പാൻ നാടൊരുങ്ങുന്നു

കുറിച്ചു∙ ഇവരുടെ പുഞ്ചിരി കാണാൻ ഒരു നാടു മുഴുവൻ പ്രാർഥനകളോടെ കാത്തിരിക്കുകയാണ്. ഈ കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി നാടിറങ്ങുകയാണ്. ഗുരുതരമായ വൃക്കരോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന കുറിച്ചി ശ്രുതിനിലയത്തിൽ പി.കെ തുളസീധരൻ (50), കുത്തിവളച്ചതിൽ സിലക്സ് (40) എന്നിവരുടെ ചികിത്സയ്ക്കുള്ള ധനസമാഹരണത്തിനായി പഞ്ചായത്ത് ഭരണ സമിതി തന്നെ മൂന്നിനു പഞ്ചായത്തിലെ എല്ലാ വീടുകളിലും നേരിട്ടെത്തും.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപണിക്കാരനായ തുളസീധരന്റെ വരുമാനത്തിലാണ് ഭാര്യ ഗീതമ്മയും മൂന്നു പെൺകുട്ടികളും അടങ്ങുന്ന കുടുംബം ജീവിച്ചിരുന്നന്നത്. ഭാര്യ ഗീതയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം കൂലിപ്പണിക്കാരനായ സിലക്സിന്റെ വരുമാനമായിരുന്നു. മാസങ്ങൾക്കു മുൻപു ഇരുവർക്കും വൃക്കരോഗമാണെന്നു സ്ഥിരീകരിച്ചതോടെ ഈ കുടുംബത്തിന്റെ അത്താണി തന്നെ ഇല്ലാതാകുന്ന സ്ഥിതിയായി. ഇവരുടെ കുടുംബങ്ങളുടെ ദുരിതം തിരിച്ചറിഞ്ഞ പ‍ഞ്ചായത്ത് അംഗങ്ങളായ രമ്യാ രതീഷും, പി.കെ പങ്കജാക്ഷനും ചേർന്ന് വിഷയം പഞ്ചായത്ത് ഭരണസമിതിയ്ക്കു മുന്നിൽ അവതരിപ്പിക്കുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജഗോപാൽ രക്ഷാധികാരിയായി ഇരുവർക്കും വേണ്ടി ചികിത്സാ സഹായ നിധിരൂപീകരിക്കുകയായിരുന്നു. രണ്ടു പഞ്ചായത്ത് അംഗങ്ങളുടെയും പേരിൽ സഹായം സ്വീകരിക്കുന്നതിനായി ബാങ്ക് അക്കൗണ്ടും തുടങ്ങിയിരുന്നു. എന്നാൽ, ഈ അക്കൗണ്ടിലേയ്ക്കു പ്രതീക്ഷിച്ച സഹായം ലഭിക്കാതെ വന്നതോടെയാണ് പഞ്ചായത്തിലെ ഓരോ വീടുകളിൽ നിന്നും സഹായം സ്വീകരിക്കാൻ ഇവർ തീരുമാനിച്ചത്. മൂന്നിനു എല്ലാ വീടുകളിലും നേരിട്ടെത്തി നാട്ടുകാരുടെ പക്കൽ നിന്നും തുക സ്വീകരിക്കുന്നതിനാണ് പദ്ധതി. ഇതിനായി ഓരോ വാർഡിലും മൂന്നു സ്ക്വാഡുകൾ വീതം രൂപീകരിച്ചിട്ടുമുണ്ട്. ഈ സ്ക്വാഡുകൾ വീടുകളിലെത്തുമ്പോൾ ലഭിക്കുന്ന സഹായം ഈ കുടുംബങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിനു വഴികാട്ടിയാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ.

രമ്യാ രതീഷ് – 9048900761

പി.കെ പങ്കജാക്ഷൻ – 9400535981

ഫെഡറൽ ബാങ്ക് കുറിച്ചി ശാഖ

അക്കൗണ്ട് നമ്പർ – 1952 0100 025697

ഐഎഫ്എസ്‌സി കോഡ് – എഫ്ഡിആർഎൽ 0001952