യുവാവായ മകന് ചികിത്സാ സഹായം തേടി വൃദ്ധരായ അച്ഛനും അമ്മയും

സുനിൽകുമാറിന്റെ അരികിൽ അമ്മ ശാന്ത

കൊച്ചി ∙ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സി വാർഡിനു മുന്നിൽ കഴിഞ്ഞ ഏഴു മാസങ്ങളായി കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഒരു വൃദ്ധയെ കാണാം. ഉണങ്ങി മെലിഞ്ഞ് എല്ലുന്തിയ ദേഹം. നരച്ചു പിന്നിയ സാരിയുടെ ദുർബലമായ തുമ്പുയർത്തി കരയുന്ന മുഖം മറയ്ക്കാൻ പാടുപെടുന്നണ്ടെങ്കിലും അതിനു കഴിയുന്നില്ല. ആശ്വസിപ്പിക്കാനാകാതെ തൊട്ടരുകിൽ മറ്റൊരാളുണ്ട്. അകത്ത് ഒന്നാം നമ്പർ കട്ടിലിൽ പ്രജ്ഞയറ്റു കിടക്കുന്ന സുനിൽകുമാർ എന്ന മുപ്പത്തിമൂന്നുകാരന്റെ അമ്മയും അച്ഛനുമാണിത്. ശാന്തയും ബാലനും.

മരം വെട്ടുകാരനായിരുന്നു ബാലൻ. അച്ഛനു വയ്യാതായപ്പോൾ പെയിന്റിങ് തൊഴിലാളിയായ സുനിൽ ഈ തൊഴിലിറങ്ങുകയായിരുന്നു. ഏഴു മാസങ്ങൾക്കു മുമ്പ് ഉയരം കൂടിയ ഒരു മരത്തിനു മുകളിൽ നിന്നുള്ള വീഴ്ച ഈ ചെറുപ്പക്കാരന്റെ ജീവിതം മാത്രമല്ല, ഈ വൃദ്ധരുടെ ആലംബം കൂടി ഇല്ലാതാക്കുകയായിരുന്നു.

ഏതു മരം മുറിക്കുന്നതിനും മുമ്പും മൗനമായി ഒന്നു പ്രാർഥിച്ച് മരത്തിന്റെ അനുമതി വാങ്ങിയെന്നോണമാണ് സുനിൽ പണി തുടങ്ങിയിരുന്നത്. ഹൈക്കോടതി പരിസരത്തുള്ള സ്ഥാപനത്തിന്റെ വളപ്പിലെ മരത്തിന്റെ ചില്ലകൾ മുറിക്കുന്നതിനിടെ പെട്ടന്നു നിയന്ത്രണം പാളി ഉയരത്തിൽനിന്നും താഴേയ്ക്കു പതിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായ പരിക്കേറ്റു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ച ഉടനെ ശിരസിൽ അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്നു. വീഴ്ചയിൽ നഷ്ടമായ ബോധം തിരികെ ലഭിച്ചിട്ടില്ല.

സ്വന്തമായി വീടോ മറ്റു വരുമാനമാർഗങ്ങളോ ഇല്ല. സുനിലിന്റെ വരുമാനം കൊണ്ടാണു വീടു പുലർന്നിരുന്നത്. ഏരൂർ സ്വദേശികളായ ഇവർ തിരുവാങ്കുളത്ത് വാടകവീട്ടിലായിരുന്നു താമസം. സുനിൽ കിടപ്പിലായതോടെ വീടൊഴിയേണ്ടിവന്നു. ഉള്ളതു കെട്ടിപ്പറുക്കി അച്ഛനുമമ്മയും ഇപ്പോൾ സുനിലിനൊപ്പം ആശുപത്രിയില്‍ കഴിയുകയാണ്.

ആരെയും തിരിച്ചറിയാനോ സംസാരിക്കാനോ കഴിയാത്ത നിലയിലാണ് ഇപ്പോഴുള്ളത്. ട്യൂബ് വഴിയാണ് ആഹാരം നൽകുന്നത്. വിദദ്ധചികിത്സ തുടർന്നാൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മൂന്നു ലക്ഷത്തോളം രൂപ ഇതിനകം ചികിത്സയ്ക്കു വേണ്ടിവന്നു. ബന്ധുക്കളുണ്ടെങ്കിലും ചികിത്സാക്കാവശ്യമായ പണം കണ്ടെത്താൻ പ്രാപ്തിയില്ലാത്തവരാണ്. ആശുപത്രി അധികൃതരുടെ കനിവുകൊണ്ടാണ് ചികിത്സ ഇതുവരെ മുന്നോട്ടുപോയത്.

അടുത്ത കിടക്കകളിലെ കൂട്ടിരിപ്പുകാരും നഴ്സുമാരുമൊക്കെ പൊതിച്ചോറു നൽകും. ‘ഒരു പിടി വറ്റെടുക്കുമ്പോഴേക്കും എന്റെ മോന്റെ മുഖം മുന്നിലുവരും. അവനൊന്നു മിണ്ടിക്കാണുന്നതുവരെ ഈ അമ്മയ്ക്കു വയറുനിറച്ചുണ്ണാൻ പറ്റ്വേ..?’

ശാന്തയ്ക്കും ബാലനും ബാങ്ക് അക്കൗണ്ടു പോലുമില്ല. ഇപ്പോൾ അക്കൗണ്ട് തുറന്നതാകട്ടെ മകന്റെ ചികിത്സയ്ക്കു സഹായം തേടിയും.

എസ്ബിടി, എറണാകുളം സൗത്ത് ബ്രാഞ്ച്.
അക്കൗണ്ട് നമ്പർ- 67369316383,
IFSE Code: SBTR0000898