സുരൻ കാത്തിരിക്കുന്നു, കനിവിനായി

കോട്ടയം∙ രണ്ടു വൃക്കകളും തകരാറിലായി ‍ജീവിതം ചോദ്യചിഹ്നമായ ഗൃഹനാഥൻ കനിവു തേടുന്നു. നാട്ടകം കാക്കൂർ പുതുവീട്ടിൽ പി. പി. സുരനാണ് വേദന തിന്നു കഴിയുന്നത്. കൂലിപ്പണിക്കാരനായിരുന്ന സുരനു മൂന്നു വർഷം മുമ്പാണ് വൃക്ക രോഗം കണ്ടെത്തുന്നത്.

ആദ്യം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിൽസ. രോഗം മൂർച്ഛിച്ചതോടെ കാഴ്ചയും കേൾവിയും കുറഞ്ഞു. ആളുകളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചേർന്നു. ആദ്യ നാളുകളിൽ ഒരു കോഴ്സ് ഡയാലിസിസ് ചെയ്തു. രോഗം ഒന്നു ശമിച്ചുവെന്നു കരുതി ഡയാലിസിസ് നിർത്തിവച്ചു. എന്നാൽ കുറച്ചു നാളുകൾക്കുള്ളിൽ പൂർവാധികം ശക്തിയോടെ രോഗം തിരിച്ചെത്തി. വേദന അസഹനീയമായി. മെഡിക്കൽ കോളജിൽ നിന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലോട്ട് ചികിൽസ മാറ്റി.

ഇപ്പോൾ ആഴ്ചയിൽ രണ്ടു ഡയാലിസിസ് ക്രമമായി നടത്തുന്നു. സുരനും ഭാര്യ ശ്യാമളയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിനു സ്വന്തമെന്നു പറയാൻ ഒരു വീടു പോലുമില്ല. മൂന്നു വർഷമായി സുരൻ‌ കിടക്കയിൽ തന്നെയാണ്. ചികിൽസയ്ക്കായി സർവതും വിറ്റു. ലക്ഷക്കണക്കിനു രൂപ ഇതുവരെ ചിലവായി. ഓരോ മാസവും ഡയാലിസിസിനും മരുന്നിനുമായി 15000 രൂപയോളം ചിലവാകുന്നുണ്ട്.

ബന്ധുക്കളുടെയും നാട്ടുകാരുടെയം സഹായത്താലാണ് ഇത്രയും നാൾ ചികിൽസ നടത്തിയത്. ഇനി ആരുടെ മുന്നിൽ കൈ നീട്ടണം എന്നറിയാതെ കുഴങ്ങുകയാണ് ഈ കുടുംബം. സുരനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാൻ സുമനസ്സുകളുടെ കരളലിവു കൂടിയേ തീരൂ. കോട്ടയം എസ്ബിഐ പ്രധാന ശാഖയിൽ സുരന്റെ പേരിലുള്ള അക്കൗണ്ടിലേക്കു സഹായങ്ങൾ അയയ്ക്കാം.

സുരൻ പി.പി.

പുതുവീട്ടിൽ ഹൗസ്, കാക്കൂർ, നാട്ടകം, കോട്ടയം.

എസ്ബിഐ കോട്ടയം

അക്കൗണ്ട് നമ്പർ– 33427906732

ഐഎഫ്എസ്‌സി– SBIN0001891

ഫോൺ– 9496539137