ഉണ്ണികൃഷ്ണന് വീണ്ടും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; പണം കണ്ടെത്താനാകാതെ ഭാര്യയും കുഞ്ഞുങ്ങളും

കൽപറ്റ ∙ കഷ്ടതകളും വിഷമങ്ങളും സഹിച്ച് ഉദാരമനസ്കരുടെ സഹായത്തോടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടും ഉണ്ണികൃഷ്ണന്റെയും കുടുംബത്തിന്റെയും ദുരിതത്തിനറുതിയായില്ല. ഭാര്യയും മൂന്നു കുട്ടികളുമുള്ള ഉണ്ണികൃഷ്ണൻ കുടുംബം പുലർത്താനായി തൊഴിൽ തേടി രണ്ട് വർഷം മുമ്പ് വിദേശത്തേക്ക് പോയതായിരുന്നു. ഒരു വർഷത്തോളം ജോലി ചെയ്തെങ്കിലും പോകാനായി ചെലവായ കടങ്ങൾ വീട്ടിയതോടെ രോഗത്തെത്തുടർന്നു തിരിച്ചുപോരേണ്ടിവന്നു.

മേപ്പാടി ചൂരൽമല നീലിക്കാപ്പ് ഉത്തൂന്തൽ ഉണ്ണികൃഷ്ണൻ (41) ഇരു വൃക്കകൾക്കും അസുഖവുമായാണ് തിരിച്ചെത്തിയത്. ഒരു വർഷം മുമ്പ് സഹോദരന്റെ വൃക്കയാണ് ഉണ്ണികൃഷ്ണനിൽ മാറ്റിവച്ചത്. 11 ലക്ഷം രൂപയോളം ചെലവഴിച്ചു. ശസ്ത്രക്രിയ നടത്തിയെങ്കിലും വൃക്ക പ്രവർത്തിക്കാതായി. ഒരു വർഷത്തോളമായി ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്തുവരികയാണ്. ഇതിനായി ഒരു മാസത്തേക്ക് 12,000 ത്തിലേറെ രൂപ ചെലവഴിക്കുന്നുണ്ട്. ജീവൻ നിലനിർത്താനായി വീണ്ടും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാകണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.

ഭാര്യയുടെ ഒരു വൃക്ക മാറ്റിവയ്ക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ഒരു തവണ ശസ്ത്രക്രിയ നടത്തിയതിനാൽ കുറച്ച് പരിശോധനകൾക്ക് പണം കുറയ്ക്കാമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചിട്ടുണ്ട്. വീണ്ടും ശസ്ത്രക്രിയക്ക് 10 ലക്ഷം രൂപയിലേറെ വേണ്ടിവരും. ഭാര്യ സ്വകാര്യ എസ്റ്റേറ്റിലെ താൽക്കാലിക ജോലിയും ഒഴിവാക്കിയിരിക്കുകയാണിപ്പോൾ. രണ്ട് പെൺകുട്ടികളടക്കം പഠിക്കുന്ന മൂന്നു കുട്ടികളാണ് ഇവർക്കുള്ളത്. ഉണ്ണികൃഷ്ണനെ സഹായിക്കാനായി ടി.കെ.സദാശിവൻ കൺവീനറും എ.എം.ഹംസ ചെയർമാനുമായ കമ്മിറ്റി സുമനസുകളുടെ സാമ്പത്തിക സഹായം സ്വീകരിക്കാനായി മേപ്പാടി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9645782742.

അക്കൗണ്ട് നമ്പർ- 67320501711
ഐഎഫ്എസ്‍സി കോഡ് - എസ്ബിടിആർ 0000478