വീണ്ടും സ്പിൻമടയിൽ

നാഗ്പൂരിൽ പരിശീലനത്തിനിടെ കോഹ്‌ലി .

നാഗ്പൂർ ∙ സാഹചര്യം മാറുന്നില്ല. ക്രീസിലെത്തുന്ന ബാറ്റ്സ്മാൻ ആദ്യം പിച്ച് കണ്ടു പേടിക്കും. പിന്നെ ആർത്തിക്കണ്ണുകളോടെ നിൽക്കുന്ന ഫീൽഡർമാരെ കണ്ടു പേടിക്കും. പിച്ചിൽ ഭൂതങ്ങൾ ഒളിച്ചിരുന്നാലും ഇല്ലെങ്കിലും ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ മനസ്സിൽനിന്നു ഭയപ്പാടിനെ അതിവേഗം ഉച്ചാടനം ചെയ്യാനാവില്ലല്ലോ. മികച്ച സ്പിൻനിരയുള്ള ഇന്ത്യയ്ക്കെതിരെ ഇന്നു മൂന്നാം ടെസ്റ്റിനിറങ്ങുന്ന ദക്ഷിണാഫ്രിക്ക സമ്മർദത്തിലാണ്. ആദ്യ ടെസ്റ്റിൽ തോറ്റ അവരെ രണ്ടാം ടെസ്റ്റിൽ മഴ രക്ഷപ്പെടുത്തി. മൂന്നാം ടെസ്റ്റ് കൂടി തോറ്റാൽ പരമ്പര നഷ്ടം. എങ്ങനെയും ജയിക്കാനുള്ള വാശി അധിക സമ്മർദമായി മാറാനാണു സാധ്യത. എങ്കിലും നാഗ്പൂരിനെ ഇന്ത്യ പേടിക്കണം. ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിൽ ഏറ്റവും ഒടുവിലായി വിജയം കണ്ടത് നാഗ്പൂരിലാണ്.

അതും ഇന്നിങ്സ് വിജയം. ഈ വേദിയിൽ ഇന്ത്യ തോറ്റ ഏക ടെസ്റ്റും ഇതായിരുന്നുവെന്ന് ആശ്വസിക്കാമെന്നു മാത്രം. നാലു ടെസ്റ്റ് കളിച്ചതിൽ രണ്ടെണ്ണം ജയിച്ചു, ഒന്നു സമനിലയിൽ. ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാന ടെസ്റ്റ്. അഞ്ചു വർഷം മുൻപ് നാഗ്പൂർ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ജയിച്ചതിൽ പ്രധാന റോൾ പേസ് ബോളർ ഡെയ്ൽ സ്റ്റെയ്നിന് ആയിരുന്നു. 51 റൺസ് വഴങ്ങി ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ ഏഴു വിക്കറ്റ് സ്റ്റെയ്ൻ നേടി. 19 വർഷത്തിനിടെ ഇന്ത്യയിൽ വിദേശ ഫാസ്റ്റ് ബോളറുടെ ഏറ്റവും മികച്ച പ്രകടനം. എന്നാൽ കാലം മാറിയതിന്റെ ആനുകൂല്യം ഇന്ത്യയ്ക്കു പ്രതീക്ഷിക്കാം. ഈ സീസണിൽ ഇവിടെ നടന്ന രണ്ടു ഫസ്റ്റ് ക്ലാസ് മൽസരങ്ങളിൽനിന്നു സ്പിന്നർമാർ സ്വന്തമാക്കിയതു 44 വിക്കറ്റ്. 23.36 റൺസ് ശരാശരിയിലായിരുന്നു വിക്കറ്റു വേട്ട.

33.54 റൺസ് ശരാശരിയിൽ ഫാസ്റ്റ് ബോളർമാർ 17 വിക്കറ്റും നേടിയിട്ടുണ്ട്. ഫാസ്റ്റ് ബോളിങ്ങിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനവും ഇവിടെ മോശമല്ല. നാലു ടെസ്റ്റുകളിൽനിന്ന് 14 വിക്കറ്റ് ഇഷാന്ത് നേടിയിട്ടുണ്ട്. ഏതെങ്കിലും ഒരു വേദിയിൽ ഇഷാന്തിന്റെ ഏറ്റവും മികച്ച വിക്കറ്റു നേട്ടം. കിവീസിനെതിരെ 43 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. ആഭ്യന്തര ക്രിക്കറ്റിൽ ഉമേഷ് യാദവും ഈ വേദിയിൽ തിളങ്ങിയിട്ടുണ്ട്. 35.43 ശരാശരിയിൽ 16 വിക്കറ്റ് ഉമേഷ് സ്വന്തമാക്കി. പേസി‍ൽ പ്രധാന പ്രതീക്ഷയർപ്പിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ ആശങ്ക ഡെയ്ൽ സ്റ്റെയ്നിന്റെ പരുക്കു സംബന്ധിച്ചാണ്. പരിശീലനത്തിൽ സ്റ്റെയ്ൻ ബോൾ ചെയ്തിരുന്നു. എങ്കിലും അഞ്ചു ദിവസ ടെസ്റ്റിന് ശരീരം പാകപ്പെട്ടോയെന്നു തീരുമാനിക്കേണ്ടതുണ്ട്. ടെസ്റ്റിന്റെ ദിവസം രാവിലെ മാത്രമേ സ്റ്റെയ്നിന്റെ കാര്യത്തിൽ അവസാന തീരുമാനം എടുക്കുകയുള്ളൂവെന്ന് ഫാസ്റ്റ് ബോളർ മോണി മോർക്കൽ പറയുന്നു.

സ്റ്റെയ്നിനെ ഒഴിവാക്കിയാൽ മർച്ചന്റ് ഡി ലാംഗെ ടീമിലെത്തും. എന്നാൽ ഇന്ത്യൻ സ്പിന്നർമാർ ഉയർത്തിയ സമ്മർദത്തിൽ ദക്ഷിണാഫ്രിക്ക പതറിപ്പോയെന്ന് ഓപ്പണർ മുരളി വിജയ് പറയുന്നു. വിക്കറ്റിനു തൊട്ടടുത്തു നിൽക്കുമ്പോൾ ഈ സമ്മർദം നേരിട്ടറിയാം. എലിയും പൂച്ചയും കളിപോലെയായിരുന്നു അത്. എല്ലാവരുടെയും കൂട്ടമായ ആക്രമണം. അതിൽനിന്നു രക്ഷപ്പെടാനുള്ള ബാറ്റ്സ്മാൻമാരുടെ വിഫലശ്രമം – മുരളി വിജയ് പറഞ്ഞു. ദക്ഷിണാഫ്രിക്കൻ ബോളർമാരും സമ്മർദമുയർത്തുന്നുണ്ടെന്നും മികച്ച മൽസരമാവും കാത്തിരിക്കുന്നതെന്നും മുരളി വ്യക്തമാക്കി.