2007ൽ വിരമിക്കാൻ ആലോചിച്ചിരുന്നെന്ന് സേവാഗ്; തടഞ്ഞത് സച്ചിൻ

സച്ചിൻ, സേവാഗ്

ന്യൂഡൽഹി∙ തന്റെ വിരമിക്കൽ തീരുമാനം വൈകിച്ചത് സച്ചിൻ തെൻഡുൽക്കറെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് പറഞ്ഞു. 2007ൽ ദേശീയ ടീമിൽനിന്നു പുറത്തായപ്പോൾ താൻ വിരമിക്കാനൊരുങ്ങിയതാണെന്നും അന്നു തന്നെ സച്ചിൻ പിന്തിരിപ്പിക്കുകയായിരുന്നെന്നും സേവാഗ് ടിവി അഭിമുഖത്തിൽ വെളിപ്പെടുത്തി. വർഷങ്ങൾക്കുശേഷം ഇക്കഴിഞ്ഞ 20ന് തന്റെ 37–ാം ജന്മദിനത്തിലാണ് സേവാഗ് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

2003 മാർച്ചിൽ ഇന്ത്യൻ ടീമിൽനിന്നു പുറത്തായശേഷം രണ്ടര വർഷം കൂടി കഴിഞ്ഞാണ് വീരു ക്രിക്കറ്റ് മതിയാക്കിയത്. തനിക്കു മാന്യമായി വിരമിക്കുന്നതിനുള്ള അവസരം സിലക്ടർമാർ നൽകിയില്ലെന്നും സേവാഗ് ആരോപിച്ചു. 2013ൽ ഓസീസ് പര്യടനത്തിനുള്ള ടീമിൽനിന്ന് തന്നെ ഒഴിവാക്കിയപ്പോൾ സിലക്ടർമാർ തന്നോട് ഒന്നും ചോദിച്ചില്ലെന്നും സേവാഗ് പറഞ്ഞു. തന്റെ അഭിപ്രായം ചോദിച്ചശേഷം സിലക്ടർമാർ തീരുമാനമെടുത്തിരുന്നെങ്കിൽ താൻ അന്നുതന്നെ വിരമിക്കൽ പ്രഖ്യാപിക്കുമായിരുന്നെന്നും സേവാഗ് പറഞ്ഞു.

എന്തായാലും ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഡൽഹി ഫിറോസ്ഷാ കോട്‍ല മൈതാനത്ത് സേവാഗിന് യാത്രയയപ്പു നിൽകാനും വിടവാങ്ങൽ പ്രസംഗത്തിന് അവസരമൊരുക്കാനും ബിസിസിഐ ആലോചനകൾ നടക്കുന്നുണ്ട്. ഡിസംബർ മൂന്നുമുതൽ ഏഴുവരെയാണ് അവസാന ടെസ്റ്റ്.