വീരു വിരാമം

ന്യൂഡൽഹി ∙ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പര്യായമായ വീരു പടിയിറങ്ങുന്നു. തന്റെ വിരമിക്കൽ സംബന്ധിച്ച് അഭ്യൂഹങ്ങളുയർന്നതിന്റെ പിറ്റേന്നു രണ്ടു പേജ് ലേഖനത്തിലൂടെ വിരേന്ദർ സേവാഗ് ആ പ്രഖ്യാപനം നടത്തി – ‘ഞാൻ നിർത്തുന്നു !’. രാജ്യാന്തര ക്രിക്കറ്റ്, ഐപിഎൽ എന്നിവയിൽനിന്നു വിരമിക്കുകയാണെന്ന് ഇന്നലെ ഉച്ചയ്ക്കു മൂന്നിന് അദ്ദേഹം അറിയിച്ചു.

തന്റെ മുപ്പത്തിയേഴാം ജൻമദിനത്തിലാണ്, 14 വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തിനു സേവാഗ് വിരാമമിട്ടത്. തനിക്കു ശരിയെന്നു തോന്നിയതു മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളൂവെന്നു ട്വിറ്ററിലൂടെ പുറത്തുവിട്ട ലേഖനത്തിൽ വ്യക്തമാക്കിയ സേവാഗ്, ജീവിതത്തിലും കളത്തിലും താങ്ങും തണലുമൊരുക്കിയവരെയെല്ലാം നന്ദിയോടെ അനുസ്മരിച്ചു.

തനിക്കുവേണ്ടി ബാറ്റ് നിർമിച്ചവരെയും മൈതാനം സജ്ജമാക്കിയ ജീവനക്കാരെയും അദ്ദേഹം സ്നേഹത്തോടെ ഓർത്തു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റ്സ്മാൻ എന്ന പെരുമയേറിയ ഈ ഡൽഹി നജഫ്ഗഡ് സ്വദേശി, ഏറെക്കാലമായി ദേശീയ ടീമിനു പുറത്തായിരുന്നു. 2013 മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിലാണ് വീരു അവസാനമായി ഇന്ത്യൻ ജഴ്സിയണിഞ്ഞത്. സച്ചിന്റെ അപരൻ എന്ന പേരിൽ കളിക്കളത്തിലേക്കെത്തിയ സേവാഗ് പക്ഷേ, ബാറ്റിങ് ശൈലിയിൽ തന്റേതായ മേൽവിലാസം കുറിച്ചു.

തുടക്ക കാലത്ത് ബാറ്റിങ് ഓർഡറിൽ താഴെയിറങ്ങിയ സേവാഗ്, പിന്നീട് ഓപ്പണിങ്ങിൽ സച്ചിനൊപ്പം ചേർന്നതോടെ ലോകം കണ്ട എക്കാലത്തെയും ആക്രമണോൽസുക കൂട്ടുകെട്ടായി അതു മാറി. 2007ൽ ട്വന്റി ട്വന്റി, 2011ൽ ഏകദിന ലോകകപ്പുകളിൽ കിരീടമുയർത്തിയ ഇന്ത്യൻ ടീമുകളുടെ അവിഭാജ്യ ഘടകമായിരുന്നു. ഒരുകാലത്ത് ടീം ഇന്ത്യയിലെ മികച്ച അഞ്ചു ബാറ്റ്സ്മാൻമാരെ വിശേഷിപ്പിച്ച ‘ഫാബ് ഫൈവ്’ സംഘത്തിൽ സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മൺ എന്നിവർക്കൊപ്പം സേവാഗും തലയെടുപ്പോടെ നിന്നു.

ഏതു ലോകോത്തര ബോളറെയും നിലംപരിശാക്കുക എന്ന നിലപാടിൽ ബാറ്റുവീശിയ വീരു, ടെസ്റ്റ് ക്രിക്കറ്റിലും അതിവേഗ സ്കോറിങ്ങിന്റെ വക്താവായി. ലോക ക്രിക്കറ്റിൽ ഏറെക്കുറെ എല്ലാ റെക്കോർഡുകളും സ്വന്തമാക്കിയ സച്ചിനുപോലും അപ്രാപ്യമായ ഒന്ന് വീരു സ്വന്തം പേരിലെഴുതി, അതും രണ്ടു തവണ! ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി േനടിയ ഏക ഇന്ത്യൻ താരമായ അദ്ദേഹം, രണ്ടു തവണ മൂന്നൂറ് റൺസ് കടന്നു.

 2004ൽ മുൾട്ടാനിൽ പാക്കിസ്ഥാനെതിരെ 309, 2008ൽ ചെന്നൈയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്താകാതെ 319. ഏകദിനത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറും വീരുവിന്റെ ബാറ്റിൽ നിന്നാണ് – 219. 2011 ലോകകപ്പ് വിജയത്തിനുശേഷം ഫോം മങ്ങിയ സേവാഗിനെ പിന്നീടു പതിയെ ടീം സിലക്ടർമാർ കൈവിട്ടു. നായകൻ എം.എസ്. ധോണിയുമായുള്ള സൗന്ദര്യപ്പിണക്കങ്ങൾ അദ്ദേഹത്തിന്റെ പുറത്തേക്കുള്ള യാത്രയ്ക്കു വേഗം കൂട്ടി.

കഴിഞ്ഞ ലോകകപ്പ് ടീം സിലക്‌ഷനിൽ സേവാഗിനെയും യുവരാജ് സിങ്ങിനെയും പരിഗണിക്കേണ്ടതില്ലെന്ന സിലക്ടർമാരുടെ നിലപാട് അവഗണനയുടെ ആഴം കൂട്ടി. ചെറുപ്പം തൊട്ട് കളിച്ച ഡൽഹി രഞ്ജി ടീമിനെ കൈവിട്ട് സേവാഗ് ഹരിയാനയിലേക്കു ചേക്കേറിയതും അടുത്തകാലത്ത് വാർത്തയായിരുന്നു. നിലവിലെ രഞ്ജി സീസണ് ശേഷം അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിനോടും വിട പറയും.