ഫ്രാൻസിൽ സംഭവിച്ചത്; ഇന്ത്യ–ഫ്രാൻസ് യുദ്ധവിമാന കരാറിനു പിന്നിലെ യാഥാർഥ്യങ്ങൾ

2015ൽ ഫ്രാൻസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനമെന്ത്? യുദ്ധവിമാന നിർമാണത്തിൽ പതിറ്റാണ്ടുകളുടെ പരിചയമുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎൽ) ഒഴിവാക്കി, സ്വകാര്യ സ്ഥാപനമായ റിലയൻസ് ഡിഫൻസ് ലിമിറ്റഡിന് 1.30 ലക്ഷം കോടി ലഭിക്കാൻ വഴിയൊരുങ്ങിയത് എങ്ങനെ? ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും കളമൊരുക്കി റഫാൽ രാഷ്ട്രീയ യുദ്ധമായി മാറുമ്പോൾ, ഇന്ത്യ–ഫ്രാൻസ് യുദ്ധവിമാന കരാറിനു പിന്നിലെ യാഥാർഥ്യങ്ങൾ തിരയുന്നു...

2015 ഏപ്രിൽ 10

പ്രധാനമന്ത്രിയായശേഷം ഫ്രാൻസിലേക്കുള്ള ആദ്യ സന്ദർശനത്തിൽ പാരിസിൽ നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമാണു റഫാൽ വിവാദത്തിന്റെ തുടക്കം. 2015 ഏപ്രിൽ പത്തിന് ആയിരുന്നു അത്. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽനിന്നു 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുമെന്നു മോദി അന്നു പ്രഖ്യാപിച്ചു.

13 ദിവസം മുൻപ്

മോദിയുടെ ഫ്രഞ്ച് പ്രഖ്യാപനത്തിനു 13 ദിവസം മുൻപ് ഇങ്ങ് ഇന്ത്യൻ പ്രതിരോധ മേഖലയിൽ പുതിയൊരു സ്വകാര്യ കമ്പനി രൂപംകൊണ്ടു – റിലയൻസ് ഡിഫൻസ് ലിമിറ്റഡ്. 

കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ പക്കലുള്ള രേഖകൾ പ്രകാരം അനിൽ അംബാനിയുടെ കീഴിലുള്ള റിലയൻസ് ഡിഫൻസ് ലിമിറ്റഡ് രൂപംകൊണ്ടതു 2015 മാർച്ച് 28ന്. റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ടുള്ള 30,000 കോടി രൂപയുടെ ഓഫ്സെറ്റ് കരാർ (ഇടപാടിന്റെ ഭാഗമായി വിദേശ കമ്പനി ഇന്ത്യയിൽ നടപ്പാക്കുന്ന അനുബന്ധ കരാർ) റിലയൻസിനു കൈമാറാൻ ഡാസോ ഏവിയേഷൻ തീരുമാനിച്ചതോടെ,  വിഷയത്തിൽ വ്യാപക അഴിമതി നടന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനു മൂർച്ച കൂടി.

യുപിഎ സർക്കാരിന്റെകാലത്ത്, പൊതുമേഖലാ സ്ഥാപനമായ ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനു (എച്ച്എഎൽ) കൈമാറാനിരുന്ന ഓഫ്സെറ്റ് കരാർ സ്വകാര്യ കമ്പനിയായ റിലയൻസിനു നൽകിയതിനെ കോൺഗ്രസ് കടന്നാക്രമിച്ചു. 126 വിമാനങ്ങൾക്കായി തങ്ങൾ ഉറപ്പിച്ച ഇടപാടിനേക്കാൾ ഉയർന്ന തുകയ്ക്കു 36 എണ്ണം മാത്രം വാങ്ങാനും സ്വകാര്യ കമ്പനിയെ പങ്കാളിയാക്കാനുമുള്ള മോദിയുടെ തീരുമാനത്തിനു പിന്നിൽ കോടികളുടെ ക്രമക്കേടുണ്ടെന്നും ‘കള്ളൻതന്നെയാണു രാജ്യത്തിന്റെ കാവൽക്കാരനെ’ന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ‍ ഗാന്ധി ആരോപിച്ചു. 

50 വർഷത്തെ കരാർ, റെക്കോർഡ് തുക

ഇന്ത്യൻ പ്രതിരോധ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഫ്സെറ്റ് കരാറാണു (30,000 കോടി രൂപ) ഡാസോയിൽനിന്നു റിലയൻസിനു ലഭിച്ചത്. വിമാനങ്ങൾക്കുള്ള ആകെ കരാർ തുകയുടെ (58,000 കോടി രൂപ) ഏകദേശ പകുതി എന്ന കണക്കിലാണ് ഓഫ്സെറ്റ് കരാർ തുക നിശ്ചയിച്ചത്. യുദ്ധവിമാനത്തിന്റെ ഘടകങ്ങൾ നിർമിക്കുന്നതിനു പുറമെ 50 വർഷത്തേക്കു വിമാനത്തിന്റെ പരിപാലനം, അറ്റകുറ്റപ്പണി, നവീകരണം എന്നിവയുടെ ചുമതലയും ഇതുവഴി റിലയൻസിനു ലഭിക്കും. അടുത്ത 50 വർഷം ലക്ഷ്യമിടുന്ന വരുമാനം ഒരു ലക്ഷം കോടി രൂപയാണെന്നു റിലയൻസ് തന്നെ വ്യക്തമാക്കുന്നു.

യുദ്ധവിമാനങ്ങളുടെ നിർമാണത്തിൽ പതിറ്റാണ്ടുകളുടെ പ്രവർത്തനപരിചയമുള്ള, സുഖോയ്, മിറാഷ് ഉൾപ്പെടെ 4400 യുദ്ധവിമാനങ്ങൾ നിർമിച്ച, എച്ച്എഎല്ലിനെ ഒഴിവാക്കി ഇന്നുവരെ ഒരു യുദ്ധവിമാനം പോലുമുണ്ടാക്കാത്ത റിലയൻസിന് 1.30 ലക്ഷം കോടി ലഭിക്കാൻ വഴിയൊരുക്കിയത് ആർക്കുവേണ്ടിയെന്ന ചോദ്യം പ്രസക്തം.

ഓഫ്സെറ്റ് കരാറിന്റെ ഭാഗമായി 2017 ഫെബ്രുവരി 17നു റിലയൻസും ഡാസോ ഏവിയേഷനും സംയുക്ത കമ്പനിക്കു രൂപം നൽകി – ഡാസോ റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡ് (ഡിആർഎഎൽ). കമ്പനിയിൽ 51% ഓഹരി റിലയൻസിനും 49% ഡാസോയ്ക്കും. ഡാസോ മേധാവി എറിക് ട്രാപ്പിയർ ആണു കമ്പനിയുടെ ചെയർമാൻ, അനിൽ അംബാനി സഹ ചെയർമാൻ. നാഗ്പുരിലെ ധിരുഭായ് എയ്റോസ്പേസ് പാർക്ക് കേന്ദ്രമാക്കിയാണ് കമ്പനിയുടെ പ്രവർത്തനം. കര, വ്യോമ, നാവിക സേനകൾക്കായി വിവിധ സാമഗ്രികൾ നിർമിക്കുന്നതിന് 27 വ്യവസായ ലൈസൻസുകളാണു റിലയൻസിന് 2016ൽ ലഭിച്ചത്. പ്രതിരോധ മേഖലയിൽ സ്വകാര്യ കമ്പനിക്ക് ഒരുവർഷം ഇത്രയേറെ ലൈസൻസ് ലഭിക്കുന്നത് ഇതാദ്യം. 

ഫ്രാൻസിലെ കൂടിക്കാഴ്ച

2015ൽ റഫാൽ ഇടപാടു പ്രഖ്യാപിച്ച ഫ്രഞ്ച് സന്ദർശനത്തിൽ അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കറെ മോദി ഒപ്പം കൂട്ടിയിരുന്നില്ല. അദ്ദേഹത്തെ അനുഗമിച്ച വ്യവസായികളുടെ കൂട്ടത്തിൽ പക്ഷേ മറ്റൊരാളുണ്ടായിരുന്നു – അനിൽ അംബാനി. അന്നത്തെ ഫ്രഞ്ച് പ്രസി‍ഡന്റ് ഫ്രാൻസ്വ ഒലോൻദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലായിരുന്നു റഫാൽ വിമാനങ്ങൾ വാങ്ങുന്നതു സംബന്ധിച്ച മോദിയുടെ പ്രഖ്യാപനം.

ഫ്രാൻസ് സന്ദർശന വേളയിൽ, 2015 ഏപ്രിൽ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദും.

റിലയൻസിനെ തീരുമാനിച്ചതു ഡാസോ ഏവിയേഷനാണെന്നും തങ്ങൾക്ക് അതിൽ പങ്കില്ലെന്നുമുള്ള കേന്ദ്രത്തിന്റെ ആവർത്തിച്ചുള്ള നിലപാടു ഖണ്ഡിച്ചാണു കഴിഞ്ഞദിവസം ഒലോൻദ് രംഗത്തുവന്നത്. ഇന്ത്യൻ സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണു റിലയൻസിനെ തിരഞ്ഞെടുത്തതെന്നുള്ള ഒലോൻദിന്റെ പരാമർശം സർക്കാരിന്റെ ഇതുവരെയുള്ള വാദങ്ങളുടെ മുനയൊടിച്ചു. 

പാലിച്ചോ ചട്ടങ്ങൾ?

ഡാസോ ഏവിയേഷനിൽനിന്നു സാങ്കേതികവിദ്യാ കൈമാറ്റത്തോടെ 126 റഫാൽ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടു യുപിഎ സർക്കാർ നടത്തിയ പ്രാഥമിക ഇടപാടു നിലനിൽക്കവേയായിരുന്നു മോദിയുടെ പ്രഖ്യാപനം. മുൻ സർക്കാർ  തുടക്കമിട്ട ഇടപാട് റദ്ദാക്കുകപോലും ചെയ്യാതെ, സ്വന്തം നിലയിൽ പ്രതിരോധ കരാർ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിക്ക് അധികാരമില്ലെന്നും പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ (ഡിഫൻസ് പ്രൊക്യൂർമെന്റ് പ്രൊസീജ്യർ – ഡിപിപി) ലംഘനമാണെന്നുമുള്ള ആക്ഷേപം ശക്തം.

36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള പ്രഖ്യാപനം നടത്തി മൂന്നുമാസത്തിനു ശേഷമാണ് (2015 ജൂൺ) യുപിഎ സർക്കാരിന്റെ ഇടപാടു റദ്ദാക്കിയതായി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. മോദിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മറ്റൊരു ചോദ്യവും പ്രസക്തം – പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിന്റെ ചുമതല വഹിക്കുന്ന ഉന്നത പ്രതിരോധ സമിതിയുമായി (ഡിഫൻസ് അക്വിസിഷൻ കൗൺസിൽ – ഡിഎസി) മോദി അക്കാര്യം ചർച്ച ചെയ്തിരുന്നോ?

ബെംഗളൂരു യെലഹങ്ക എയർബേസിൽ ‘എയ്റോ ഇന്ത്യ 2017’ൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി പരീക്ഷണയാത്രയ്ക്കായി റഫാൽ വിമാനത്തിൽ കയറാനൊരുങ്ങുന്നു. (ഫയൽ ചിത്രം).

പ്രതിരോധ മന്ത്രി, കര, വ്യോമ, നാവിക സേനാ മേധാവികൾ, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) ഡയറക്ടർ എന്നിവരുൾപ്പെട്ട സമിതിയാണ് ഏതൊക്കെ പ്രതിരോധ സാമഗ്രികൾ വാങ്ങണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഓരോ സേനയിലെയും ആവശ്യങ്ങൾ കണക്കിലെടുത്തും വിശദമായ കൂടിയാലോചനകൾക്കും ശേഷമാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുന്നത്.

വ്യോമസേനയിൽ യുദ്ധവിമാനങ്ങളുടെ കുറവു പരിഹരിക്കാൻ 126 എണ്ണം ആവശ്യമാണെന്ന ഡിഎസിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു മുൻ യുപിഎ സർക്കാർ അത്രയുമെണ്ണം വാങ്ങാനുള്ള നടപടികൾ ആരംഭിച്ചത്. വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതു ദേശീയ സുരക്ഷയെ ബാധിക്കുമെന്ന കോൺഗ്രസ് ആരോപണത്തിന്റെ അടിസ്ഥാനവുമിതാണ്. 

കേന്ദ്രത്തിന്റെ മറുപടി

റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള സന്നദ്ധത മാത്രമാണു 2015ലെ ഫ്രാൻസ് സന്ദർശനത്തിൽ മോദി നടത്തിത്. 2016 സെപ്റ്റംബർ 23നാണ് അന്തിമകരാർ ഒപ്പിട്ടത്. സുരക്ഷാകാര്യ മന്ത്രിതല സമിതിയുടേതുൾപ്പെടെ പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽനിന്ന് അനുമതി നേടിയശേഷമാണു കരാർ നടപ്പാക്കിയത്. മോദി ഏകപക്ഷീയമായി കരാർ ഉറപ്പിച്ചുവെന്ന ആക്ഷേപം തെറ്റാണെന്നു വാദിക്കുന്ന കേന്ദ്ര സർക്കാർ, കരാർ നടത്തിപ്പിൽ വിട്ടുവീഴ്ചകൾ ചെയ്തതു യുപിഎ സർക്കാരാണെന്നും തിരിച്ചടിക്കുന്നു. 

നാളെ: റഫാൽ പറന്ന വഴി; യുപിഎയിൽനിന്ന് എൻഡിഎയിലേക്ക്