മൂന്നാം വട്ടവും ഭരണത്തിലേറുന്നതു സ്വപ്നം കാണുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഇത്തവണ സാഹചര്യം പഴയതു പോലല്ല; വേണമെങ്കിൽ കടുകട്ടിയെന്നു തന്നെ പറയാം. 2016ൽ അവരെ ആശങ്കപ്പെടുത്തിയിരുന്നത് ഇടതുകക്ഷികളും കോൺഗ്രസും ചേർന്നുള്ള | West Bengal Assembly Elections 2021 | Malayalam News | Manorama Online

മൂന്നാം വട്ടവും ഭരണത്തിലേറുന്നതു സ്വപ്നം കാണുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഇത്തവണ സാഹചര്യം പഴയതു പോലല്ല; വേണമെങ്കിൽ കടുകട്ടിയെന്നു തന്നെ പറയാം. 2016ൽ അവരെ ആശങ്കപ്പെടുത്തിയിരുന്നത് ഇടതുകക്ഷികളും കോൺഗ്രസും ചേർന്നുള്ള | West Bengal Assembly Elections 2021 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാം വട്ടവും ഭരണത്തിലേറുന്നതു സ്വപ്നം കാണുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഇത്തവണ സാഹചര്യം പഴയതു പോലല്ല; വേണമെങ്കിൽ കടുകട്ടിയെന്നു തന്നെ പറയാം. 2016ൽ അവരെ ആശങ്കപ്പെടുത്തിയിരുന്നത് ഇടതുകക്ഷികളും കോൺഗ്രസും ചേർന്നുള്ള | West Bengal Assembly Elections 2021 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർവസന്നാഹങ്ങളോടെ പടയൊരുക്കി ബിജെപി, ന്യൂനപക്ഷങ്ങളുടെ അകൽച്ച, ഉൾപാർട്ടി പോര്... ബംഗാളിൽ  തിരഞ്ഞെടുപ്പ്  അടുത്തുവരുമ്പോൾ മമതയ്ക്കും തൃണമൂൽ കോൺഗ്രസിനും കാര്യങ്ങൾ കടുകട്ടി ..

മൂന്നാം വട്ടവും ഭരണത്തിലേറുന്നതു സ്വപ്നം കാണുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഇപ്പോൾ കാര്യങ്ങൾ പഴയതു പോലെ എളുപ്പമല്ല; വേണമെങ്കിൽ കടുകട്ടിയെന്നു തന്നെ പറയാം. 2016ൽ അവരെ ആശങ്കപ്പെടുത്തിയിരുന്നത് ഇടതുകക്ഷികളും കോൺഗ്രസും ചേർന്നുള്ള സഖ്യമായിരുന്നു. എന്നാൽ, അന്ന് ഉഗ്രൻ ഭൂരിപക്ഷത്തോടെ തന്നെ അവർ വിജയിച്ചുവന്നു.

ADVERTISEMENT

പക്ഷേ, വീണ്ടും സഖ്യത്തിനൊരുങ്ങുന്ന കോൺഗ്രസും ഇടതുകക്ഷികളുമായിരിക്കില്ല മമതയ്ക്ക് ഇത്തവണ മുഖ്യ വെല്ലുവിളിയാവുക. ബിഹാർ തിരഞ്ഞെടുപ്പിനുശേഷം കൂടുതൽ ശക്തിപ്രാപിച്ചെത്തിയ ബിജെപിയെയാണ് അവർക്കു നേരിടാനുള്ളത്. ജാതി,മത അസമത്വങ്ങളുള്ള ബിഹാർ പോലെ അല്ല ബംഗാൾ. എന്നിരുന്നാലും 2016ൽ ഇടതു –കോൺഗ്രസ് സഖ്യത്തിനുണ്ടായിരുന്നതിനെക്കാൾ ശക്തമായ സന്നാഹവുമായി ഇത്തവണ പടക്കളത്തിലിറങ്ങുന്ന ബിജെപി ഉയർത്തുന്നതു വൻ വെല്ലുവിളി തന്നെയാണ്. ഇത്രനാളും തങ്ങളുടെ പക്ഷത്തു നിലയുറപ്പിച്ചിരുന്ന ന്യൂനപക്ഷങ്ങളുടെ പിന്തുണ കുറഞ്ഞുവരുന്നുവെന്നതും മമതയ്ക്കു തലവേദനയാകുന്നു (സംസ്ഥാനമൊട്ടാകെ 30% മുസ്‌ലിം വോട്ടാണുള്ളത്). ഇതിനെല്ലാം പുറമേയാണ് പാർട്ടിക്കുള്ളിലെ പോര്.

ഈ മാസം 22ന് ജംഗിൾമഹലിലെ ബാക്കൂറയിൽ നടത്തിയ സമ്മേളനത്തിനു മമതയെത്തിയത് നന്ദിഗ്രാം പ്രസ്ഥാനത്തിന്റെ നായകനും ജംഗിൾമഹലിലെ തന്റെ വലംകൈയുമായ സുവേന്ദു അധികാരിയോടൊപ്പം ആയിരുന്നില്ല. പകരം, തന്റെ നിയമോപദേഷ്ടാവായ കല്യാൺ ബാനർജിയെയാണ് അവർ കൂടെക്കൂട്ടിയത്. മമതയ്ക്കായി 2007ൽ നന്ദിഗ്രാമിലെ പ്രചാരണം നയിച്ച സുവേന്ദു, ബിജെപിയിലേക്കു പോകാനിരിക്കുകയാണെന്നു പറയുന്നു. സുവേന്ദു പക്ഷേ, ഇതെപ്പറ്റി പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പിനു ശേഷം നന്ദിഗ്രാമിനെ എല്ലാവരും മറന്നുപോയെന്ന് റാലികളിൽ അദ്ദേഹം കുറ്റപ്പെടുത്തുന്നു; ആരുടെയും പേരു പറയാതെയാണ് ഈ രോഷപ്രകടനം.

മമത കഴിഞ്ഞാൽ തൃണമൂൽ കോൺഗ്രസിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി കരുതപ്പെടുന്ന സുവേന്ദുവിനെ ആകെ ഒരാളേ വിമർശിച്ചിട്ടുള്ളൂ. അതു മറ്റാരുമല്ല കല്യാൺ ബാനർജി തന്നെ. അർഹിക്കുന്നതിലധികം ലഭിച്ച ‘മണ്ടൻ നേതാവ്’ എന്നാണ് കല്യാൺ ബാനർജി സുവേന്ദുവിനെ വിശേഷിപ്പിച്ചത്. ഈ കല്യാൺ ബാനർജിയാണ് ബാക്കൂറ സമ്മേളനത്തിനു മമതയ്ക്ക് അകമ്പടിയായി എത്തിയത്.

മമതയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങൾക്കു രൂപം കൊടുക്കുന്ന പ്രശാന്ത് കിഷോർ, സുവേന്ദുവുമായി അനുരഞ്ജനത്തിന് 2 മുതിർന്ന എംപിമാരെ നിയോഗിച്ചിരുന്നു. ബംഗാളിലെങ്ങും സഞ്ചരിച്ചിട്ടുള്ള പ്രശാന്ത് കിഷോറിന് മറ്റാരെക്കാളും സുവേന്ദുവിന്റെ വിലയറിയാം. സുവേന്ദുവിന്റെ പിതാവ് ശിശിറും ഇളയ സഹോദരൻ ദിബ്യേന്ദും തൃണമൂൽ കോൺഗ്രസ് എംപിമാരാണ്. ശിശിർ വിമതനല്ല. എന്നാൽ, ദിബ്യേന്ദു ജ്യേഷ്ഠനോടൊപ്പമാണ്. നന്ദിഗ്രാം പോലെ സിംഗൂരിൽ മമത നയിച്ച പ്രക്ഷോഭത്തിന്റെ പ്രതീകമായിരുന്ന രബീന്ദ്രനാഥ് ഭട്ടാചാര്യയും ഇടഞ്ഞുനിൽക്കുകയാണ്. സിംഗൂരിൽ പാർട്ടിക്കുള്ളിൽ നേതാക്കൾ തമ്മിലടിയാണ്. അതു തീർത്തില്ലെങ്കിൽ വേറെ വഴി നോക്കുമെന്നാണ് രബീന്ദ്രനാഥ് ഭട്ടാചാര്യ പറയുന്നത്. അനധികൃതമായി വൻതോതിൽ സ്വത്തു സമ്പാദിച്ച ആളുകൾക്കു മമത കൂടുതൽ സ്ഥാനമാനങ്ങൾ നൽകിയതാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയത്. മുഖ്യമന്ത്രിയായ ശേഷം മമത നന്ദിഗ്രാം സന്ദർശിച്ചിട്ടില്ല; സിംഗൂരിലെത്തിയിട്ടും വർഷങ്ങളായി.

സുവേന്ദു അധികാരി, കല്യാൺ ബാനർജി, അസദുദ്ദീൻ ഉവൈസി
ADVERTISEMENT

അകന്നുപോകുന്ന ന്യൂനപക്ഷം 

ന്യൂനപക്ഷങ്ങൾക്കും ഇപ്പോൾ നഷ്ടബോധം തോന്നുകയാണ്. മമതയെ പിന്തുണച്ചുപോന്നതിന്റെ കഷ്ടനഷ്ടങ്ങൾ അനുഭവിച്ച ബംഗാളിമുസ്‌ലിംകൾ അതിനു പരിഹാരം തേടുകയാണ്. മുസ്‌ലിം മേഖലയായ ഫുർഫുറാ ശരീഫിലെ പ്രമുഖ മതനേതാക്കൾ തൃണമൂൽ, തങ്ങളുമായി സഖ്യത്തിലേർപ്പെടണമെന്ന് ആവശ്യമുന്നയിച്ചു. മമത അതു നിരസിച്ചു. അതോടെ ഫുർഫുറാ ശരീഫിലെ ശക്തനായ അബ്ബാസ് സിദ്ദിഖിയും സഹോദരന്മാരും സ്വന്തം പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പിൽ തങ്ങളുടെ കരുത്തു കാട്ടിത്തരാമെന്ന് അബ്ബാസ് വെല്ലുവിളിക്കുകയും ചെയ്തു.

ബംഗാളി ഇതര മുസ്‌ലിംകളുടെ കാര്യത്തിൽ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി മമതയ്ക്ക് മറ്റൊരു തലവേദനയാകും. കഴിഞ്ഞ 5 വർഷം കൊണ്ട് ഉവൈസി ബംഗാളിലുടനീളം പാർട്ടി സംഘടിപ്പിച്ചുകഴിഞ്ഞു. എന്നാൽ, സംസ്ഥാനത്തെ 3.5 കോടി മുസ്‌ലിം വോട്ടുകളിൽ ഭൂരിപക്ഷവും പിടിച്ചെടുക്കാവുന്ന സ്ഥിതിയിലെത്തിയിട്ടില്ലെന്ന് എഐഎംഐഎം കണക്കാക്കുന്നു. പക്ഷേ, മറ്റു പാർട്ടികളുടെ ഭാവി നിർണയിക്കാൻ ന്യൂനപക്ഷങ്ങൾക്കു കഴിയും. ഇതുവരെ ബംഗാളിൽ മുസ്‌ലിം വോട്ടിന്റെ ഏറ്റവും വലിയ ഗുണഭോക്താവായിരുന്ന തൃണമൂൽ കോൺഗ്രസിനെയാകും ഇതു വലിയ തോതിൽ ബാധിക്കുക.

ഇതു മനസ്സിലാക്കിയ മമത, ബിഹാർ തിരഞ്ഞെടുപ്പിനെത്തുടർന്ന് ഉവൈസിയുടെ പാർട്ടിയെ പിളർത്താൻ നീക്കം തുടങ്ങി. എഐഎംഐഎമ്മിലെ 20 നേതാക്കളെയാണ് കഴിഞ്ഞ ദിവസം മമത പാർട്ടിയിലെടുത്തത്. ഉവൈസി സ്വന്തം പാർട്ടി നേതാക്കളെ വിളിച്ചു വിവരമാരാഞ്ഞു. തൃണമൂലുമായി ബന്ധപ്പെട്ടുവന്നിരുന്ന കുറച്ചുപേരെ രാവിലെ പുറത്താക്കിയെന്നും അവരാണു വൈകിട്ടോടെ തൃണമൂലിൽ ചേർന്നതെന്നും മറുപടി പറഞ്ഞപ്പോൾ, ഉവൈസിയുടെ പ്രതികരണം ഇതായിരുന്നു– ‘മമതയോട് നമ്മുടെ പാർട്ടിയിലുള്ള ചവർ നീക്കിക്കൊള്ളാൻ പറഞ്ഞോളൂ. പോയ ആരെയും ഇനി തിരിച്ചെടുക്കുകയും വേണ്ട.’ ഹൈദരാബാദ് കോർപറേഷൻ തിരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ ബംഗാളിൽ പ്രചാരണത്തിനെത്താനിരിക്കുകയാണ് ഉവൈസി.

ADVERTISEMENT

ആയുധമെല്ലാം സജ്ജമാക്കി ബിജെപി 

ഇതിനെല്ലാം പുറമേയാണ് പോരിനു കച്ചകെട്ടിയിരിക്കുന്ന ബിജെപി ഉയർത്തുന്ന വെല്ലുവിളി. ബംഗാളിലെ പ്രചാരണത്തിന്റെയും പാർട്ടി സംസ്ഥാന ഘടകത്തിന്റെയും കടിഞ്ഞാൺ അമിത് ഷാ തന്നെ ഏറ്റെടുത്തിട്ടുള്ള സ്ഥിതിക്ക് വരാനിരിക്കുന്ന നാളുകളിൽ വലിയ പ്രചാരണ തന്ത്രങ്ങളാവും പാർട്ടി പുറത്തെടുക്കുക. 2021ൽ, ആഴ്ചയിലൊരിക്കൽ ഷാ ബംഗാൾ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലുടനീളം നടത്താനിരിക്കുന്ന പരിപാടികൾക്കു രൂപംകൊടുത്തു വരികയാണ്. അമിത് ഷായും പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ഒപ്പമുണ്ടാകും. 

പാർട്ടി സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിൽ ബംഗാൾ പിടിച്ചെടുക്കാൻ നടത്തുന്ന ഈ യുദ്ധത്തിൽ അദൃശ്യശക്തിയായി, തീർച്ചയായും, ആർഎസ്എസും സംഘപരിവാറും ഉണ്ടാവും. എന്തായാലും ഒന്നുറപ്പ്, ബംഗാൾ തിരഞ്ഞെടുപ്പുവേദി നാടകീയത നിറഞ്ഞ ചടുലനീക്കങ്ങൾ കൊണ്ട് പൊലിമയുള്ളതാകും.