മണ്ണ് ചതിക്കില്ലെന്നും കൃഷിയിലൂടെ ജീവിതം പച്ചപിടിക്കുമെന്നും പ്രതീക്ഷിച്ച കർഷകർ ഇന്നു കടുത്ത നിരാശയിലാണ്. കുടിയേറ്റ മേഖലകളിൽ ഒരു കൃഷിയും അവർക്കു തുണയാകുന്നില്ല. മറ്റു കാർഷിക മേഖലകളുടെ സ്ഥിതിയും പരിതാപകരം

മണ്ണ് ചതിക്കില്ലെന്നും കൃഷിയിലൂടെ ജീവിതം പച്ചപിടിക്കുമെന്നും പ്രതീക്ഷിച്ച കർഷകർ ഇന്നു കടുത്ത നിരാശയിലാണ്. കുടിയേറ്റ മേഖലകളിൽ ഒരു കൃഷിയും അവർക്കു തുണയാകുന്നില്ല. മറ്റു കാർഷിക മേഖലകളുടെ സ്ഥിതിയും പരിതാപകരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണ് ചതിക്കില്ലെന്നും കൃഷിയിലൂടെ ജീവിതം പച്ചപിടിക്കുമെന്നും പ്രതീക്ഷിച്ച കർഷകർ ഇന്നു കടുത്ത നിരാശയിലാണ്. കുടിയേറ്റ മേഖലകളിൽ ഒരു കൃഷിയും അവർക്കു തുണയാകുന്നില്ല. മറ്റു കാർഷിക മേഖലകളുടെ സ്ഥിതിയും പരിതാപകരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണ് ചതിക്കില്ലെന്നും കൃഷിയിലൂടെ ജീവിതം പച്ചപിടിക്കുമെന്നും പ്രതീക്ഷിച്ച കർഷകർ ഇന്നു കടുത്ത നിരാശയിലാണ്. കുടിയേറ്റ മേഖലകളിൽ ഒരു കൃഷിയും അവർക്കു തുണയാകുന്നില്ല. മറ്റു കാർഷിക മേഖലകളുടെ സ്ഥിതിയും പരിതാപകരം

കണ്ണില്ലാത്ത സർഫാസി

ADVERTISEMENT

ജോലി വേണ്ടെന്നുവച്ച് കൃഷിക്കാരനായി, പിന്നെ ലക്ഷങ്ങളുടെ കടക്കാരനും

കുറെ വർഷങ്ങളായി കുടിയേറ്റ കർഷകമേഖലയിൽ തുടരുന്ന പ്രതിസന്ധിയുടെ ആഴമറിയാൻ വയനാട് പുൽപള്ളിയിലെ കർഷകനായ ചെറിയമ്പനാട്ട് അപ്പച്ചന്റെ കഥ കേൾക്കാം. കയ്യിൽ വച്ചുകിട്ടിയ നല്ലൊരു ജോലിപോലും വേണ്ടെന്നുവച്ചു കുരുമുളകിൽ പ്രതീക്ഷയർപ്പിച്ചു കൃഷിക്കിറങ്ങിയയാൾ. ഇപ്പോൾ ബത്തേരി കാർഷിക വികസനബാങ്കിൽ 28.84 ലക്ഷം രൂപയുടെ കടക്കാരൻ! പതിറ്റാണ്ടുകളോളം ഈ കർഷകൻ വിയർപ്പൊഴുക്കിയ കൃഷിസ്ഥലം ഈയിടെ ബാങ്കുകാരെത്തി അളന്നുതിരിച്ചു. ഇനി എത്രയും വേഗം ജപ്തിയാണ്. 

1999-2003 കാലഘട്ടത്തിലുണ്ടായ ദ്രുതവാട്ടമാണ് അപ്പച്ചനെപ്പോലുള്ള കുരുമുളക് കർഷകരെ പ്രതിസന്ധിയിലേക്കു തള്ളിവിട്ടത്. ആറരയേക്കർ സ്ഥലത്തുനിന്ന് 12,000 കിലോ കുരുമുളക് പറിച്ചെടുത്ത അപ്പച്ചന് ഇപ്പോൾ കിട്ടുന്നതു കഷ്ടിച്ചു 120 കിലോ മാത്രം. പിടിച്ചുനിൽക്കാനാകാതെ വന്നപ്പോഴാണു 11 ലക്ഷം രൂപ വായ്പയെടുത്തത്. 30,000 രൂപ വീതം ആദ്യത്തെ 10 മാസം കൃത്യമായി തിരിച്ചടച്ചു. കുരുമുളകിൽ കൈപൊള്ളിയപ്പോൾ കർണാടകയിൽ ഇഞ്ചിക്കൃഷി പരീക്ഷിക്കാൻ പോയി. അവിടെയും പരാജയം. അതിനിടെ, പിതാവിനും മാതാവിനും സഹോദരിക്കും കാൻസർ ബാധിച്ചു. ലക്ഷങ്ങൾ ചെലവഴിച്ചാണു ചികിത്സ നടത്തിയത്. ഇതിനിടെ, വായ്പ തിരിച്ചടവു മുടങ്ങി. മോതിരം പണയംവച്ച് വനില കൃഷി തുടങ്ങി. രക്ഷയില്ലാതായപ്പോൾ കവുങ്ങു നട്ടു. മുളയെടുക്കും മുൻപേ തിന്നുതീർക്കാൻ മയിലുകൾ കൂട്ടമായെത്തി. നോട്ട് നിരോധനമുണ്ടാക്കിയ പ്രതിസന്ധിയുടെ പേരു പറഞ്ഞ്, ഇഞ്ചി വിറ്റ വകയിലെ 1.40 ലക്ഷം രൂപ കൊടുക്കാതെ ഇടനിലക്കാരൻ കയ്യൊഴിഞ്ഞു. 

അവശേഷിച്ച കുരുമുളകുചെടികളെ പിന്നീടു വന്ന പ്രളയം വേരുമാന്തിയെടുത്തു. ഒടുവിലത്തെ അത്താണിയായിക്കണ്ട കിഴങ്ങുവിളകളെല്ലാം കോവിഡ് ലോക്ഡൗണിൽ കെട്ടിക്കിടന്നു നശിച്ചുപോയി. പ്രതിസന്ധിയുടെ ശവപ്പെട്ടിയിൽ അവസാന ആണിയെന്നോണം ഇപ്പോഴിതാ സർഫാസി നിയമപ്രകാരമുള്ള ജപ്തിഭീഷണിയും!

ADVERTISEMENT

‘എന്റെ കടം എഴുതിത്തള്ളണമെന്നൊന്നും ഞാൻ പറയുന്നില്ല. എത്രകാലം വേണമെങ്കിലും മണ്ണിൽ അധ്വാനിക്കാൻ തയാറാണ്. ഇപ്പോഴത്തെ സ്ഥിതി മനസ്സിലാക്കി സാവകാശം തന്നാൽ വായ്പ തിരിച്ചടയ്ക്കുകയും ചെയ്യാം. കർഷകർക്കും ആത്മാഭിമാനമുണ്ട്. ജപ്തി ഭീഷണിയുമായി വീട്ടുമുറ്റത്തെത്തുന്നവരും കർഷകവിരുദ്ധ നിയമങ്ങളുണ്ടാക്കിവിടുന്ന ഭരണാധികാരികളും അതു മനസ്സിലാക്കണം’.- അപ്പച്ചൻ പറയുന്നു. 

സർഫാസി നിയമം 

‘ദ് സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്‌ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട്’ എന്നതാണു സർഫാസി നിയമത്തിന്റെ (SARFAESI ACT) പൂർണരൂപം. വായ്പയുടെ 3 ഗഡുക്കൾ തുടർച്ചയായി അടച്ചില്ലെങ്കിൽ ഈടായി നൽകിയ വസ്തു ബാങ്കിനു ജപ്തി ചെയ്തു ലേലം ചെയ്യാം. ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ളതും ഈടില്ലാത്തതുമായ വായ്പ ഒഴികെ എല്ലാറ്റിനും നിയമം ബാധകം. 2002ൽ വാജ്പേയി സർക്കാരാണു നിയമം കൊണ്ടുവന്നത്. 

മയിലിന്റെ ആക്രമണത്തില്‍നിന്നു കവുങ്ങിന്‍തൈകള്‍ക്കു സംരക്ഷണമൊരുക്കുന്ന വയനാട് പുല്‍പള്ളി ചെറിയമ്പനാട്ട് അപ്പച്ചന്‍.

ചെലവേ കൂടുന്നുള്ളൂ...

ADVERTISEMENT

പാലക്കാട് പെരുവെമ്പ് മാവുകാട് വീട്ടിൽ എ.പ്രഭാകരൻ ‘നഷ്ടത്തിന്റെ പുസ്തകം’ തുറന്നു. 5 കൊല്ലം മുൻപു കൃഷിയിറക്കാൻ വേണ്ടതിന്റെ ഇരട്ടിയിലേറെ ചെലവാണ് ഇപ്പോൾ. 28.72 രൂപയ്ക്ക് ഒരു കിലോ നെല്ല് എടുക്കുമെന്നു പറഞ്ഞ സ്ഥാനത്ത് ഇപ്പോൾ നെല്ലെടുക്കുന്നത് 28 രൂപയ്ക്ക്. കർഷകന്റെ ഉൽപന്നങ്ങൾക്കും കർഷകനും വില കുറയുമ്പോഴും ചെലവിന് ഒട്ടും കുറവില്ല. വിത്തിനും വളത്തിനും കീടനാശിനിക്കും അനിയന്ത്രിതമായി വില കൂടി. ഇന്ധനവില കൂടിയതാണു വലിയ തിരിച്ചടി. 

പെട്രോളിനും ഡീസലിനും വില കൂടിയാൽ കർഷകനു വരുന്ന നഷ്ടം ആരും കാണുന്നില്ല. ഒരേക്കറിൽ കൃഷി ചെയ്യാൻ 4 മണിക്കൂറെങ്കിലും ട്രാക്ടർ ഓടണം. അതിനു മാത്രം വേണം 4000 രൂപ. കൂലിക്കാരെ കിട്ടാനില്ലാത്തതിനാൽ മെഷീൻ ഉപയോഗിച്ചാണു ഞാർ നടുന്നത്. നടീൽയന്ത്രങ്ങളുടെ വാടകയ്ക്കും 4000 രൂപ വേണം. 

ഡീസലിനു വില കൂടിയതോടെ കൊയ്ത്തുയന്ത്രത്തിനും വാടക വല്ലാതെ വർധിപ്പിച്ചു. തമിഴ്നാട്ടിൽ നിന്നാണു പാലക്കാട്ടേക്കു കൊയ്ത്തുയന്ത്രങ്ങൾ വരുന്നത്. മഴയെ പേടിച്ചുള്ള കൊയ്ത്തായതിനാൽ വാടകയുടെ കാര്യത്തിൽ ‘വിലപേശിയാൽ’ അവർ വരില്ല. കുറഞ്ഞത് ഒന്നര മണിക്കൂർ കൊയ്ത്തുയന്ത്രം ഇറങ്ങണമെങ്കിൽ 3600 രൂപ കൊടുക്കണം. പാടത്തുനിന്നു വീട്ടിലേക്കു ട്രാക്ടറിൽ നെല്ലു കൊണ്ടുപോകാൻ ദൂരമനുസരിച്ചാണു നിരക്ക്. ആ വഴിക്കും പോകും 3000 രൂപയോളം. ഒരേക്കറിൽ നെൽക്കൃഷി ചെയ്യാൻ കുറഞ്ഞത് 60,000 രൂപ ചെലവു വരുമെന്നാണു പ്രഭാകരന്റെ കണക്കുപുസ്തകം പറയുന്നത്. ഇന്ധനത്തിന്റെ വിലവർധന മൂലമാണ് ഭാരം ഇത്രയും കൂടിയത്. 

പാലക്കാട് പെരുവെമ്പ് മാവുകാട് എ.പ്രഭാകരൻ കൃഷിസ്ഥലത്ത്.

പ്രവാസം നിർത്തി വന്നു; പിന്നെ പ്രതിസന്ധിയിൽ വാസം 

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയ ശേഷം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പല വഴികളിൽ സഞ്ചരിക്കുകയാണു മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് വിനോദ് മംഗലശ്ശേരി. കോവിഡും ഇന്ധന വിലവർധനയും നിർമാണ മേഖലയിലെ പ്രതിസന്ധിയുമെല്ലാം മുന്നിൽ വിലങ്ങുതടിയായി. മണ്ണു ചതിക്കില്ലെന്ന വിശ്വാസത്തോടെ കാർഷിക മേഖലയെ ആശ്രയിച്ചാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.

വിനോദ് മംഗലശ്ശേരി

6 വർഷത്തെ പ്രവാസജീവിതത്തിനു ശേഷം കുവൈത്തിൽനിന്ന് 2011ൽ ആണു വിനോദ് നാട്ടിലെത്തിയത്. വിദേശത്തു ഡ്രൈവറായിരുന്നു. വിദേശത്തേക്കു പോകും മുൻപു നാട്ടിൽ സ്കൂൾ ബസിൽ ഡ്രൈവറായി ജോലി നോക്കി. തിരിച്ചെത്തിയ ശേഷം ആദ്യം കിട്ടിയതും അതേ ജോലി. ഇതിനിടെ മാക്സി നിർമാണ യൂണിറ്റ് ആരംഭിച്ചു. പലതരം പ്രതിസന്ധികളിൽ തട്ടി അതു മുന്നോട്ടുപോയില്ല. പിന്നീട് ടിപ്പർ ലോറിയിൽ ഡ്രൈവറായി. വൈകാതെ ടിപ്പർ ലോറി സ്വന്തമാക്കി. കല്ല്, മെറ്റൽ, എംസാൻഡ് തുടങ്ങിയവ എത്തിച്ചു നൽകാൻ തുടങ്ങി. ജീവിതം പച്ച പിടിച്ചുവരുമ്പോൾ ഗൾഫിലെ സ്വദേശിവൽക്കരണവും തൊഴിൽ പ്രതിസന്ധിയും നാട്ടിലെ നിർമാണ മേഖലയെ ബാധിച്ചു തുടങ്ങി. രണ്ടാമതൊരു ടിപ്പർ ലോറികൂടി വാങ്ങിയെങ്കിലും ഗൾഫ് പ്രതിസന്ധിക്കു പിന്നാലെ, കോവിഡ് നിയന്ത്രണങ്ങൾകൂടി വന്നതോടെ ഓട്ടം നിലച്ചു. 20 മാസത്തോളം ഓട്ടമില്ലാത്ത അവസ്ഥയായി. പ്രതിസന്ധി നീങ്ങിത്തുടങ്ങിയപ്പോൾ ഇന്ധന വിലവർധന മറ്റൊരു വലിയ പ്രതിസന്ധിയായി. ഒപ്പം നിർമാണ മേഖലയിലെ വസ്തുക്കൾക്കും വിലകൂടി.

പ്രതിസന്ധികൾ മറികടക്കാൻ കാർഷിക മേഖലയിലേക്കാണു നോക്കിയത്. അങ്ങനെ, 3 മാസം മുൻപു ട്രാക്ടറും കറ്റകെട്ടുന്ന യന്ത്രവും വാങ്ങി. കേന്ദ്ര സർക്കാരിന്റെ സബ്സിഡിയും ലഭിച്ചു. ഇപ്പോൾ തമിഴ്നാട്ടിൽ ട്രാക്ടർ ഓടുന്നു. നിർമാണ മേഖല ഉണർന്നു തുടങ്ങിയതോടെ ടിപ്പർ ലോറികൾക്കും ഓട്ടം കിട്ടിത്തുടങ്ങി. അതോടെ, ട്രാക്ടർ ഓടിക്കാൻ മറ്റൊരാളെ കണ്ടെത്തി ടിപ്പറിന്റെ വളയം പിടിക്കുന്നു. പ്രതിസന്ധിയിൽനിന്നു കരകയറാനായി സ്വർണപ്പണയം, വ്യക്തിഗത കടം എന്നിവയെ ആശ്രയിച്ചതിന്റെ ബാധ്യതകളുണ്ട്. മോട്ടർ വാഹന ക്ഷേമനിധിയിൽനിന്നു കോവിഡ് കാലത്തു ചെറിയ സഹായം ലഭിച്ചു. ഇന്ധനവില ഇതേ രീതിയിൽ വർധിച്ചാൽ, ചലിച്ചു തുടങ്ങിയ ജീവിതചക്രം വീണ്ടും പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയിലാണു വിനോദ്.

കൈവിട്ട ‘ബിരിയാണിക്കാലം’

തൃശൂർ ഇരിങ്ങാലക്കുട പുല്ലൂരിലെ ഭീമ കേറ്ററിങ്ങും ഭീമ ബിരിയാണിയും രുചിയുള്ളൊരു ഓർമയാണു നാട്ടുകാർക്ക്. പക്ഷേ, അതിന്റെ നടത്തിപ്പുകാരനായിരുന്ന  വടക്കേപ്പാട്ടിൽ ബഷീറിന് ആ ഓർമകൾ അത്ര രുചികരമല്ല.

ദിവസം 8 കല്യാണങ്ങൾക്കു വരെ ഭക്ഷണം വിളമ്പിയ ചരിത്രമുള്ള ഭീമ കേറ്ററിങ് ഇപ്പോൾ ഒരു ഒറ്റമുറിക്കടയിലേക്കു ചുരുങ്ങിയിരിക്കുന്നു. കോവിഡും വിലക്കയറ്റവും വായ്പ തിരിച്ചടവുമെല്ലാം കൂടി പുകഞ്ഞപ്പോൾ കൈവിട്ടുപോയ ബിരിയാണിക്കാലമാണ് ബഷീറിനു ജീവിതം.30 വർഷം കൊണ്ടു പാടുപെട്ടു പടുത്തുയർത്തിയതായിരുന്നു ബിസിനസ്. ബിരിയാണിയുടെ രുചി തന്നെയായിരുന്നു പ്രധാന മൂലധനം. ആദ്യകാലങ്ങളിൽ വീടുകളിലെത്തി ബിരിയാണി ഉണ്ടാക്കിക്കൊടുത്തു. 20 വർഷത്തിനുശേഷമാണു ഭീമ കേറ്ററിങ് തുടങ്ങിയത്. പെട്ടെന്നതു വളർന്നു. കാട്ടൂർ റോഡിൽ ഹോട്ടലും തുടങ്ങി.  

വടക്കേപ്പാട്ടിൽ ബഷീർ തൃശൂർ താണിശ്ശേരി ശാന്തി റോഡിലെ ഹോട്ടലിൽ

കേറ്ററിങ് മേഖലയിൽ മത്സരം കടുത്തതോടെ പരിപാടികളുടെ എണ്ണം കുറഞ്ഞെങ്കിലും ഭീമയ്ക്ക് ആവശ്യക്കാരുണ്ടായിരുന്നു. കോവിഡ് ആരംഭിച്ചതോടെ പണി നഷ്ടപ്പെട്ടു. കേറ്ററിങ് സ്ഥാപനം പൂട്ടേണ്ട സ്ഥിതിയായി. 2021 മുതൽ 20, 30 ആളുകൾ പങ്കെടുക്കുന്ന  പരിപാടികൾ മാത്രമായി ചുരുങ്ങി. പാചകവാതകത്തിന്റേതടക്കമുള്ള വിലവർധന ഇരട്ടപ്രഹരമായി. അതോടെ കേറ്ററിങ് സ്ഥാപനം അടച്ചു. കാട്ടൂർ റോഡിലെ ഹോട്ടലും കച്ചവടം കുറഞ്ഞതിനാൽ അടച്ചു. ഹോട്ടലിൽ 2021 തുടക്കത്തിൽ 100 രൂപയ്ക്കു ബിരിയാണി വിറ്റപ്പോഴും ലാഭമുണ്ടായിരുന്നു. വിലക്കയറ്റം മൂലം വില 120 രൂപ ആക്കിയിട്ടും ഇപ്പോൾ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല.  

ബിസിനസിനായി എടുത്ത വായ്പകളും മറ്റുമായി കടം പെരുകി വീട് അടക്കമുള്ളവ നഷ്ടപ്പെടുന്ന സാഹചര്യത്തിലെത്തി. ബിസിനസ് തിരിച്ചുപിടിക്കാൻ കഴിയുംവിധം സഹായം എവിടെനിന്നും ലഭിച്ചതുമില്ല. മാസങ്ങൾക്കു മുൻപു താണിശ്ശേരി ശാന്തി റോഡിൽ വാടകമുറിയിൽ ഹോട്ടൽ തുടങ്ങി. വിലക്കയറ്റം മൂലം കാര്യമായ ലാഭമില്ല. വാടക കൊടുക്കാൻപോലും കഴിയാത്ത സാഹചര്യമാണെന്നു ബഷീർ പറയുന്നു. 

സഹായിക്കണം, 6 മാസമെങ്കിലും

കോവിഡ്കാലം കഴിയുന്നു. എല്ലാ മേഖലകളും തിരിച്ചുവരികയാണ്. പക്ഷേ, തിരിച്ചുവരാൻ ആർക്കും പ്രവർത്തന മൂലധനമില്ല. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പലരുമായി സംസാരിച്ചിരുന്നു. 6 മാസം പിടിച്ചു‌നിൽക്കാൻ പറ്റിയാൽ രക്ഷപ്പെടാം എന്നാണ് അവർ പറയുന്നത്. കോവിഡ് മൂലം ബസ് സർവീസ് നിലച്ചിരുന്നു. ഇനി ബസ് ഓടിച്ചു തുടങ്ങാൻ പണം വേണം. അത് ഉടമകളുടെ പക്കൽ ഇല്ല. ബസ് ഓടിച്ചാലും 6 മാസമെങ്കിലും എടുക്കും വരുമാനം കിട്ടിത്തുടങ്ങാൻ. പ്രവർത്തന മൂലധനം ഇല്ലാത്തതിനാൽ ബസ് ഇറക്കാൻ പറ്റാതെ വന്നാലോ. ആ വ്യവസായം തകരും. 

ഈ സമയത്താണു സർക്കാർ സഹായിക്കേണ്ടത്. 6 മാസമെങ്കിലും പ്രവർത്തിക്കാനുള്ള മൂലധനം സർക്കാർ നൽകുക. പണം ബാങ്കുകൾ വഴി നൽകിയാൽ മതി. അതിന്റെ പലിശ സർക്കാർ ഏറ്റെടുക്കുക. ബാങ്കുകൾക്കു സർക്കാർ ഉറപ്പു നൽകുക. ബാങ്കുകളിൽനിന്നു വായ്പ എടുത്തവർ തന്നെ തിരിച്ചടയ്ക്കണം. ഇക്കാര്യം വായ്പ എടുക്കുന്നവരോടു കൃത്യമായി പറയണം. 

മൊറട്ടോറിയം പ്രയോജനം ചെയ്യില്ല. പലിശ കുന്നുകൂടുകയേയുള്ളൂ. സർക്കാരിന്റെ പക്കൽ പണം ഉണ്ടോ എന്നാണ് അടുത്ത ചോദ്യം.  കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുകയല്ലേ. ശമ്പള പരിഷ്കരണം പോലുള്ളവയ്ക്ക് തിടുക്കം കൂട്ടേണ്ടതുണ്ടോ എന്നു ചോദിക്കുന്നവരുണ്ട്.- രാജീവ് സദാനന്ദൻ ആരോഗ്യ വകുപ്പ് മുൻ അഡീഷനൽ ചീഫ് സെക്രട്ടറി, കേരള സർക്കാർ കോവിഡ് പ്രതിരോധ ഉപദേശകൻ

നാളെ: കൊടുക്കുന്നതേറെ,തിരിച്ചുകിട്ടുന്നതോ?

തയാറാക്കിയത്: ആർ.ക‍ൃഷ്ണരാജ്, സന്തോഷ് ജോൺ തൂവൽ, രമേഷ് എഴുത്തച്ഛൻ, ഫിറോസ് അലി, ഷിന്റോ ജോസഫ്.  ഏകോപനം: എ.ജീവൻകുമാർ

English Summary: Price hike in Kerala, Part 4