കൃഷ്ണദാസ് ജയിൽ മോചിതനായി

വിയ്യൂർ (തൃശൂർ) ∙ റിമാൻ‌ഡിൽ കഴിഞ്ഞ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നു ജയിൽ മോചിതനായി. ഇന്നലെ വൈകിട്ട് 6.15നാണു കൃഷ്ണദാസ് വിയ്യൂർ സെൻട്രൽ ജയിലിനകത്തെ സബ് ജയിലിൽനിന്നു പുറത്തിറങ്ങിയത്.

ലക്കിടി നെഹ്റു കോളജിലെ വിദ്യാർഥിയെ മർദിച്ച കേസിൽ വടക്കാഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണു പി.കൃഷ്ണദാസിനെ റിമാൻഡ് ചെയ്തു ജയിലിലേക്കയച്ചത്. ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചെങ്കിലും ബന്ധപ്പെട്ട രേഖകൾ ജയിലിൽ എത്തിക്കാൻ കഴിയാത്തതിനാൽ കൃഷ്ണദാസിനു രാത്രി ജയിലിൽ തന്നെ കഴിയേണ്ടി വന്നു.

ഇന്നലെ വൈകിട്ട് അഞ്ചിനു ശേഷമാണു ഹൈക്കോടതി ഉത്തരവും അനുബന്ധ രേഖകളും ജയിലിലെത്തിച്ചത്. അര മണിക്കൂർ നീണ്ട കടലാസു പണികൾ പൂർത്തിയാക്കി ഉടനെത്തന്നെ കൃഷ്ണദാസിനെ അധികൃതർ ജയിലിൽനിന്നു മോചിപ്പിച്ചു.