പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് തളർന്നുവീണു മരിച്ചു

കെ.സന്ദീപ്

കാസർകോട് ∙ പൊതുസ്ഥലത്തു മദ്യപിച്ചെന്ന് ആരോപിച്ചു പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ ഡ്രൈവർ തളർന്നുവീണു മരിച്ചു. കാസർകോട് സിപിസിആർഐ ക്വാർട്ടേഴ്സിലെ താമസക്കാരൻ കെ.സന്ദീപ് (28) ആണ് മരിച്ചത്. ബിഎംഎസ് പ്രവർത്തകനാണ്. ഇന്നലെ വൈകിട്ട് 3.45ന് ആണ് സംഭവം.

കൃഷി വകുപ്പിന്റെ കറന്തക്കാട് ബീരന്തുവയലിലെ പാടത്തു ചിലർ മദ്യപിച്ചു ബഹളം ഉണ്ടാക്കുന്നുവെന്ന ഓഫിസറുടെ പരാതിയെ തുടർന്നു ടൗൺ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷിക്കാൻ എത്തുകയായിരുന്നു. പൊലീസ് വാഹനം കണ്ടു സ്ഥലത്തുണ്ടായിരുന്നവർ ചിതറിയോടി.

ഇതിനിടെ തെക്കിലിലെ ബാലകൃഷ്ണൻ, ഗണദീപ് രാജ്, അബ്ദുൽ റസാഖ് എന്നിവരെ സന്ദീപിനൊപ്പം പൊലീസ് പിടികൂടി വാഹനത്തിൽ കയറ്റി. തുടർന്നു സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ സന്ദീപ് അസ്വസ്ഥത പ്രകടിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ സ്റ്റേഷനിൽ ആക്കിയതിനു ശേഷം സന്ദീപിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം ഇന്നു രാവിലെ ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനു ശേഷം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. എന്നാൽ ജീപ്പിൽ വച്ചു പൊലീസുകാർ സന്ദീപിന്റെ വയറ്റത്തു ചവിട്ടുകയും വെള്ളം ചോദിച്ചപ്പോൾ നൽകിയില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു.

സംഭവത്തെ കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ അറിയിച്ചു. യുവാവിന്റെ മരണത്തിന് ഉത്തരവാദിയായ എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്നും പിടികൂടിയ മറ്റു മൂന്നുപേരെയും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടു ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

കാസർകോട് സിപിസിആർഐയിലെ കന്റീൻ ജീവനക്കാരൻ കാഞ്ഞങ്ങാട് പുതിയകോട്ട എസ്എൽവി ക്ഷേത്രത്തിനടുത്ത കെ.കേശവയുടെയും മനോരമയുടെയും മകനാണ്. സഹോദരൻ: ദീപക്