ബംഗാളിൽ നെഹ്റു പ്രതിമയ്ക്കു നേരെയും അക്രമം; കറുത്ത നിറമടിച്ച് വികൃതമാക്കി

നെഹ്‍റു പ്രതിമ വികൃതമാക്കിയ നിലയിൽ

കൊൽക്കത്ത∙ ബംഗാളിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‍റുവിന്റെ പ്രതിമയ്ക്കു നേരെയും അക്രമം. അക്രമികൾ പ്രതിമയിൽ കറുത്ത നിറം പൂശി. ബംഗാളിലെ കത്‍വയിൽ ശനിയാഴ്ചയാണ് നെ‍ഹ്‍റുവിന്റെ പൂർണകായ പ്രതിമയ്ക്കു നേരെ അക്രമമുണ്ടായത്.

സംഭവത്തിനു പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ആരോപണം ബിജെപി നിഷേധിച്ചു. കത്‍വ നഗരത്തിലെ ടെലിഫോൺ മൈതാനത്തു സ്ഥാപിച്ച പ്രതിമയ്ക്കു നേരെയാണ് അക്രമമുണ്ടായത്. അക്രമികൾക്കെതിരെ അടിയന്തര നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ ഉപരോധ സമരം നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

പ്രതിമ തകർത്ത സംഭവത്തിനെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. ബിജെപി പ്രവർത്തകർക്കു സംഭവത്തിൽ പങ്കുണ്ടെന്നും പ്രതിമ നഗരസഭ ചിലവിൽ വൃത്തിയാക്കുമെന്നും കത്‍വ നഗരസഭ ചെയർമാൻ രബീന്ദ്രനാഥ് ചതോപാധ്യായ പ്രതികരിച്ചു.

മാർച്ച് ഏഴിന് കൊൽക്കത്തയിൽ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ ഏഴുപേർ ചേർന്നു തകർത്തിരുന്നു. തമിഴ്നാട്ടിൽ പെരിയാറുടെ പ്രതിമ, യുപിയിൽ അംബേദ്കർ പ്രതിമ, ത്രിപുരയിൽ ലെനിന്‍ പ്രതിമ എന്നിവയും തകർക്കപ്പെട്ടിരുന്നു. തൃപുരയിൽ ബിജെപി അധികാരം പിടിച്ചെടുത്തതിനു പിന്നാലെയായിരുന്നു രാജ്യവ്യാപകമായി പ്രതികൾ തകർക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തിൽ ഇടപെട്ടിരുന്നു.