കൊറോണ വൈറസിനെക്കുറിച്ച് നിരവധി മുന്നറിയിപ്പുകൾ ഭരണകൂടത്തിനു ലഭിച്ചെങ്കിലും ചൈനയുമായുള്ള വ്യാപാരത്തെയും ബന്ധത്തെയും ബാധിക്കുമെന്നതിനാൽ അതു മുഖവിലയ്ക്കെടുക്കാൻ ഇറാൻ തയാറായില്ലെന്നുവേണം മനസ്സിലാക്കാൻ. Corona Virus Outbreak, Iran China Relations

കൊറോണ വൈറസിനെക്കുറിച്ച് നിരവധി മുന്നറിയിപ്പുകൾ ഭരണകൂടത്തിനു ലഭിച്ചെങ്കിലും ചൈനയുമായുള്ള വ്യാപാരത്തെയും ബന്ധത്തെയും ബാധിക്കുമെന്നതിനാൽ അതു മുഖവിലയ്ക്കെടുക്കാൻ ഇറാൻ തയാറായില്ലെന്നുവേണം മനസ്സിലാക്കാൻ. Corona Virus Outbreak, Iran China Relations

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസിനെക്കുറിച്ച് നിരവധി മുന്നറിയിപ്പുകൾ ഭരണകൂടത്തിനു ലഭിച്ചെങ്കിലും ചൈനയുമായുള്ള വ്യാപാരത്തെയും ബന്ധത്തെയും ബാധിക്കുമെന്നതിനാൽ അതു മുഖവിലയ്ക്കെടുക്കാൻ ഇറാൻ തയാറായില്ലെന്നുവേണം മനസ്സിലാക്കാൻ. Corona Virus Outbreak, Iran China Relations

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബറിലും ജനുവരിയിലും ഇറാനിലെ ചരിത്രനഗരമായ ക്വോമിലെ ആശുപത്രികളിൽ ശ്വാസകോശ അണുബാധയും ഉയർന്ന പനിയുമായി നിരവധി രോഗികളെത്തി. ഇൻഫ്ലുവൻസയാണെന്ന നിഗമനത്തിൽ ഇവർക്കു ചികിത്സ തുടങ്ങിയെങ്കിലും മരുന്നുകളൊന്നും ഫലിച്ചില്ല. പുതിയൊരു പകർച്ചവ്യാധിയെന്ന സംശയത്തിൽ ക്വോമിലെ ആരോഗ്യ പ്രവർത്തകർ ഇറാൻ ഭരണനേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. എന്നാൽ അവരതു മുഖവിലയ്ക്കെടുത്തില്ല. ആ വീഴ്ചയുടെ ഫലം ഇന്ന് ഇറാൻ അനുഭവിക്കുന്നു – കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 50,000 കടന്നു. മരിച്ചവർ 3,160.

തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ മറച്ചുവച്ചു

ADVERTISEMENT

ഫ്ലൂ പോലുള്ള വൈറസ് ബാധ രാജ്യത്തുണ്ടെന്ന് ജനുവരി ആദ്യം തന്നെ അധികൃതർക്കു വ്യക്തമായിരുന്നു. എന്നാൽ അതു പ്രഖ്യാപിക്കാൻ അവർ തയാറായില്ല. ഇത്തരമൊരു പ്രഖ്യാപനം നടത്തിയാൽ ഫെബ്രുവരി 21നു നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പിനെ അതു ബാധിച്ചേക്കാം എന്ന ചിന്താഗതിയായിരുന്നു ഇതിനു പിന്നിൽ. ഖുദ്സ് ഫോഴ്സ് കമാൻഡർ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനെത്തുടർന്ന് ആഭ്യന്തര രാഷ്ട്രീയത്തിലെ പ്രശ്നങ്ങൾ സങ്കീർണമായി തുടർന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.

ഖാസിം സുലൈമാനിയെ ജനുവരി മൂന്നിനാണ് യുഎസ് ഇറാഖിൽ വധിച്ചത്. ഇറാഖിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയും മറ്റും ഇതിനു തിരിച്ചടി നൽകിയെങ്കിലും അതിനിടെ അബദ്ധത്തിൽ യുക്രെയ്ൻ വിമാനം വെടിവച്ചിട്ട് 176 പേർ കൊല്ലപ്പെട്ടത് ഇറാൻ ഭരണകൂടത്തിന് തീരാക്കളങ്കമായി. നവംബറിൽ നടന്ന ഒരു പ്രതിഷേധം അടിച്ചമർത്താനുള്ള ഇറാന്റെ ശ്രമത്തിനിടെ ചോരപ്പുഴയൊഴുകിയതും ഭരണകൂടത്തിനെതിരെ ശക്തമായ അതൃപ്തിക്കു കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് വിളിക്കാത്ത അതിഥിയായി കൊറോണ വൈറസ് എത്തിയത്.

സാമ്പത്തിക രക്ഷ നൽകിയ ചൈന

2015ലെ ഇറാൻ ആണവ കരാറിൽനിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻമാറിയതിനെത്തുടർന്നുണ്ടായ ഉപരോധത്തിന്റെ ഭാഗമായി വന്ന സാമ്പത്തിക ഉലച്ചിലിൽ ഇറാന് കൈത്താങ്ങായത് ചൈനയാണ്. 2018 മുതൽ ശക്തമായ സാമ്പത്തിക രക്ഷയാണ് ചൈന ഇറാന് നൽകി വരുന്നത്. ഇതിനാൽത്തന്നെ ചൈനയുമായുള്ള വ്യാപാരത്തിൽ മുടക്കം വരുത്താനോ കുറവു വരുത്താനോ ഇറാൻ തയാറായില്ല.

ADVERTISEMENT

ക്വോം, ചൈനക്കാരുടെ മറ്റൊരു വീട്

ഇറാനിലെ വിവിധ നഗരങ്ങളിൽ ചൈനയോട് ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന നഗരങ്ങളിലൊന്നാണ് ക്വോം. ‘ചൈനക്കാരുടെ മറ്റൊരു വീട്’ എന്നുപോലും വിശേഷിപ്പിക്കാവുന്ന ക്വോമിൽ നിരവധി ചൈനക്കാരാണ് താമസിക്കുന്നത്. ക്വോമിൽനിന്ന് ചൈനയിലേക്ക് വ്യാപാരത്തിനുപോയി തിരിച്ചെത്തിയ വ്യവസായിയിൽനിന്നാണ് കൊറോണ വൈറസ് രാജ്യത്ത് എത്തിയതെന്ന് ഇറാൻ ആരോഗ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇയാളെ കണ്ടെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു, അനേകരിലേക്ക് മഹാമാരി പടരുകയും.

കൊറോണ വൈറസിനെക്കുറിച്ച് നിരവധി മുന്നറിയിപ്പുകൾ ഭരണകൂടത്തിനു ലഭിച്ചെങ്കിലും ചൈനയുമായുള്ള വ്യാപാരത്തെയും ബന്ധത്തെയും ബാധിക്കുമെന്നതിനാൽ അതു മുഖവിലയ്ക്കെടുക്കാൻ ഇറാൻ തയാറായില്ലെന്നുവേണം മനസ്സിലാക്കാൻ. വൈറസിന്റെ പ്രഭവകേന്ദ്രം ചൈനയാണെന്ന് ഇറാന് അറിയാമായിരുന്നു. എങ്കിലും ഇറാന്റെ ശക്ത സഖ്യമായ ചൈനയുമായുള്ള വാണിജ്യ, നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടാതിരിക്കാനുള്ള നടപടികളാണ് ഇറാൻ കൈക്കൊണ്ടത്.

നിരവധി ചൈനീസ് കമ്പനികളാണ് ഇറാനിൽ പ്രവർത്തിക്കുന്നത്. ഇറാനിലെ കോവിഡ്–19 പ്രഭവകേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്വോമിൽ ചൈന റെയിൽവേ എൻജിനീയറിങ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഹൈസ്പീഡ് റെയിൽപ്പാത നിർമിക്കുന്നുമുണ്ട്.

ADVERTISEMENT

ചൈന മറച്ചുവച്ചു, ഇറാൻ അറിഞ്ഞില്ല

ഡിസംബർ 31നാണ് ‘അജ്ഞാത കാരണത്താൽ ന്യൂമോണിയ’ ഉണ്ടാകുന്നുവെന്ന് ചൈന ലോകാരോഗ്യ സംഘടനയെ(ഡബ്ല്യുഎച്ച്ഒ) അറിയിക്കുന്നതെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ജനുവരി ഏഴോടെ കൊറോണ വൈറസ് ഘടനയിൽപ്പെട്ട പുതിയ ഒരെണ്ണത്തെ കണ്ടെത്തിയതായി ചൈനീസ് ഗവേഷകർ അറിയിച്ചതായി ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

‍‍ഡിസംബർ അവസാനവും ജനുവരി ആദ്യവുമായി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി നിരവധിപ്പേരാണ് ക്വോമിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്ന് ഇവിടെയുളള ഒരു നഴ്സിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ആശുപത്രി അധികൃതർ പ്രതികരിക്കാൻ വിസമ്മതിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ 12 പേർ മരിച്ചു. മുതിർന്ന ഡോക്ടർ ഇക്കാര്യം ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചപ്പോൾ മരുന്നു നൽകി വിട്ടയയ്ക്കാനാണ് നിർദേശം ലഭിച്ചത്.

ജനുവരി പകുതിയോടുകൂടി ക്വോമിലെ ഡോക്ടർമാർ സ്ഥിതിയെക്കുറിച്ച് ആരോഗ്യമന്ത്രാലയത്തിന് കത്ത് അയച്ചിരുന്നുവെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. മഷാദ് തുടങ്ങി മറ്റു നഗരങ്ങളിൽനിന്നും ഈ സമയം പകർച്ചവ്യാധിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചു തുടങ്ങിയിരുന്നു. ജനുവരി അവസാനത്തോടെ രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി മന്ത്രാലയത്തിനു വ്യക്തമായി. ശ്വാസകോശ പ്രശ്നങ്ങളുമായി ആശുപത്രിയിൽ ദിവസവും എത്തുന്നവരുടെ എണ്ണവും അപ്പോഴേക്കും വർധിച്ചു.

ഇങ്ങനൊരു വൈറസിനെക്കുറിച്ച് ചൈന ഡബ്ല്യുഎച്ച്ഒയെ അറിയിച്ചിരുന്നെങ്കിലും അവരത് ഔദ്യോഗികമായി പകർച്ചവ്യാധിയെന്നു പ്രഖ്യാപിച്ചില്ലെന്ന് ഇറാൻ ആരോഗ്യ ഉപമന്ത്രി റെസ മാലെക്സാദെ ഔദ്യോഗിക ടിവിയോടു മാർച്ചിൽ പറഞ്ഞു. വളരെനാളുകൾക്കു മുൻപേ വൈറസ്‍ ഇറാനിൽ പ്രവേശിച്ചുവെന്നാണ് മനസ്സിലാക്കേണ്ടതെന്നും മാലെക്സാദെ കൂട്ടിച്ചേർത്തു. ഇതിൽ വാസ്തവമെന്തായാലും തുടക്കത്തിൽ തന്നെ കൃത്യമായ നടപടി സ്വീകരിക്കാത്തതിന്റെ മഹാപ്രയാസത്തിലാണ് ഇറാൻ ഇപ്പോൾ.

English Summary: Iran Ignored Doctors Warning, China Business With Iran, Coronavirus Outbreak