പെരുമ്പറയുടെ പെരുക്കങ്ങളില്ലാതെ, കലാശക്കൊട്ടിന്റെ ഇടിമുഴക്കങ്ങളില്ലാതെ കേരളത്തിൽ പരസ്യ പ്രചാരണത്തിനു ഞായറാഴ്ച കൊടിയിറങ്ങും. ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം ഏപ്രിൽ ആറിന് നാടൊന്നാകെ പോളിങ് ബൂത്തിലേക്ക്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ | Kerala Election | UDF | LDF | NDA | Manorama Online

പെരുമ്പറയുടെ പെരുക്കങ്ങളില്ലാതെ, കലാശക്കൊട്ടിന്റെ ഇടിമുഴക്കങ്ങളില്ലാതെ കേരളത്തിൽ പരസ്യ പ്രചാരണത്തിനു ഞായറാഴ്ച കൊടിയിറങ്ങും. ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം ഏപ്രിൽ ആറിന് നാടൊന്നാകെ പോളിങ് ബൂത്തിലേക്ക്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ | Kerala Election | UDF | LDF | NDA | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പറയുടെ പെരുക്കങ്ങളില്ലാതെ, കലാശക്കൊട്ടിന്റെ ഇടിമുഴക്കങ്ങളില്ലാതെ കേരളത്തിൽ പരസ്യ പ്രചാരണത്തിനു ഞായറാഴ്ച കൊടിയിറങ്ങും. ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം ഏപ്രിൽ ആറിന് നാടൊന്നാകെ പോളിങ് ബൂത്തിലേക്ക്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ | Kerala Election | UDF | LDF | NDA | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പറയുടെ പെരുക്കങ്ങളും കലാശക്കൊട്ടിന്റെ ഇടിമുഴക്കവുമില്ലാതെ കേരളത്തിൽ പരസ്യ പ്രചാരണത്തിനു ഞായറാഴ്ച കൊടിയിറങ്ങും. ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം ഏപ്രിൽ ആറിനു നാടൊന്നാകെ പോളിങ് ബൂത്തിലേക്കെത്തും. കോവിഡിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചതോടെയാണു കലാശക്കൊട്ടിന്റെ വഴിയടഞ്ഞത്. സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത വിധം താരപ്രചാരകരും ദേശീയ നേതാക്കളും നിറഞ്ഞാടിയ മലയാള മണ്ണിൽ, പകുതിയോളം മണ്ഡലങ്ങളിലെങ്കിലും വീറുറ്റ ത്രികോണ പോരാട്ടം നടക്കുന്നതിന്റെ മുൾമുനയിലാണു മുന്നണികൾ.

പുറത്തുവന്ന സർവേകളിൽ ഭൂരിഭാഗവും ഭരണത്തുടർച്ച പ്രവചിച്ചപ്പോഴും, അലസരാകരുതെന്നും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും എൽഡിഎഫ് താഴെത്തട്ടിലേക്കു സന്ദേശം കൈമാറി. സർവേകൾ തിരിച്ചടിയായപ്പോൾ, ജനഹിതം ഒപ്പമാണെന്നു പറഞ്ഞ് ഉണർന്നു പ്രവർത്തിച്ചു യുഡിഎഫ്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ നിരന്തര സാന്നിധ്യത്താൽ മുൻപുണ്ടാകാത്തത്ര ആവേശത്തിൽ എൻഡിഎയും കളം പിടിച്ചു. കേരളത്തിന്റെ രാഷ്ട്രീയമാപിനിയിൽ പോരാട്ടച്ചൂട് തിളച്ചുമറിഞ്ഞു. കൊണ്ടും കൊടുത്തും മുന്നണികൾ വളരെ വേഗം മണ്ഡലങ്ങളിൽ സജീവമാകുന്ന കാഴ്ചയാണ് പ്രചാരണത്തിന്റെ അവസാനമണിക്കൂറുകളിൽ.

ADVERTISEMENT

പ്രകടമായ ഭരണവിരുദ്ധ തരംഗമില്ലാതിരുന്നതും യുഡിഎഫിന്റെ സ്ഥാനാർഥി നിർണയം വൈകിയതുമെല്ലാം ആദ്യഘട്ടങ്ങളിൽ ഇടതുപക്ഷത്തിനു നേരിയ മേൽക്കൈ നൽകി. എന്നാൽ പുതുമുഖങ്ങൾക്ക് ഇടം നൽകിയുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിനൊപ്പം, സർക്കാരിനെതിരായ ആക്രമങ്ങൾക്കു മൂർച്ച കൂട്ടുകയും ചെയ്തതോടെ പ്രതിപക്ഷവും ഓടി ഒപ്പത്തിനൊപ്പമെത്തി. ആത്മവിശ്വാസത്താൽ മൈതനാനത്തു കയറി കളിച്ചിരുന്ന എൽഡിഎഫ് സാവധാനം പ്രതിരോധത്തിലേക്ക് ഇറങ്ങി. 50 വീതം മണ്ഡലങ്ങൾ ഉറപ്പായും ഒപ്പമുണ്ടെന്ന് ഇടതുവലതു മുന്നണികൾ കണക്കുകൂട്ടുന്നു. ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷത്തിലേക്കു മത്സരം കടുപ്പമാണ്. ബാക്കിയുള്ള 40 മണ്ഡലങ്ങളിലെ ജനവിധിയാണു ഭരണം ആർക്കെന്നു തീരുമാനിക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് പ്രചാരണത്തിന് എത്തിയപ്പോൾ.

40–45 മണ്ഡലങ്ങളിൽ ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്തുന്ന ത്രികോണമത്സരം കാഴ്ചവയ്ക്കാൻ കഴിയുന്നുവെന്ന സന്തോഷത്തിലാണ് എൻഡിഎ ക്യാംപ്. പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മൂന്നിടത്തു സ്ഥാനാർഥികൾ ഇല്ലാതായെന്ന ചീത്തപ്പേര് മായ്ക്കാൻ വലിയ ജയമാണു ബിജെപി ആഗ്രഹിക്കുന്നത്. സിറ്റിങ് സീറ്റായ നേമം ഉൾപ്പെടെ പരമാവധി സീറ്റിൽ ജയിക്കുകയെന്ന മോഹവുമായാണ് ബിജെപി രംഗത്തുള്ളത്. ഏറ്റുമാനൂർ പോലെ ചതുഷ്കോണ മത്സരങ്ങളുള്ള മണ്ഡലങ്ങൾ ഉണ്ടെന്നതു മൂന്നു മുന്നണികൾക്കും തലവേദനയാണ്. ഇനിയുള്ള ഓരോ നിമിഷവും നിര്‍ണായകമായതിനാൽ കരുതലോടെയാണു സ്ഥാനാർഥികളുടെയും പാർട്ടികളുടെയും ചുവടുവയ്പ്.

∙ വലിയ ബോംബ് പൊട്ടുമോ?

മുന്നണിയുടെ പതാകവാഹകനായി എൽഡിഎഫിനെ നയിച്ചതു മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇടതിന്റെ ക്രൗഡ് പുള്ളറും താരപ്രചാരകനും പിണറായി തന്നെയായിരുന്നു. പാളിച്ചയില്ലാത്ത സംഘടനാസംവിധാനവും സർവേകളിലെ സൂചനകളും അനുകൂലമാണെങ്കിലും കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും കീഴ്‍മേൽ മറിയാമെന്ന ചിന്ത ഇടതിനുണ്ട്. കേന്ദ്ര സർക്കാരോ പ്രതിപക്ഷമോ, സംസ്ഥാന സർക്കാരിനെയോ എൽഡിഎഫിനെയോ പ്രതിക്കൂട്ടിലാക്കുന്ന കടുത്തതെങ്കിലും അവസാന മണിക്കൂറിൽ പ്രയോഗിച്ചാൽ തിരിച്ചടിക്കുമെന്ന ഭയം ‘ക്യാപ്റ്റനും’ ഉണ്ട്. അതിനാലാണ് ഏതു ബോംബ്‌ വന്നാലും നേരിടാൻ തയാറാണെന്നു മുഖ്യമന്ത്രി മുൻകൂറായി പറഞ്ഞുവയ്ക്കുന്നതും.

ADVERTISEMENT

അദാനി ഗ്രൂപ്പിന് 1000 കോടി ലാഭം കിട്ടത്തക്കവിധം ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങാൻ പിണറായി സർക്കാർ കരാറുണ്ടാക്കിയെന്നാണ് ഒടുവിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം. വൈദ്യുതി ബോർഡ് 2019 ജൂണിലും സെപ്റ്റംബറിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളർ എനർജി കോർപറേഷനുമായി ഒപ്പുവച്ച കരാർപ്രകാരമാണ് അദാനി ഗ്രൂപ്പിൽനിന്നുള്ള വൈദ്യുതി വാങ്ങുന്നത്. കുറഞ്ഞ വിലയ്ക്കു ലഭ്യമായിട്ടും എന്തിനു കൂടിയ വിലയ്ക്ക് അദാനിയിൽനിന്നു വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയെന്ന ചോദ്യത്തിനു സിപിഎമ്മും ബിജെപിയും മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അദാനിയും സംസ്ഥാന സർക്കാരും തമ്മിലുള്ള ബന്ധത്തിൽ ദുരൂഹത ഉന്നയിച്ച് രംഗത്തെത്തി. പിണറായി വിജയന്‍ കണ്ണൂരിലുള്ളപ്പോള്‍ അദാനി കുടുംബത്തിലുള്ള ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തിയോയെന്ന് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകിയതിനെ എതി‍ർക്കുന്ന ഇടതു സർക്കാർ, വൈദ്യുതിയുടെ കാര്യത്തിൽ അദാനിയുമായി ഒത്തുകളിക്കുകയാണെന്നും പ്രതിപക്ഷം ആക്ഷേപിച്ചു. സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ കേന്ദ്രവുമായുള്ള പാലമാണ് അദാനിയുമായുള്ള കരാർ എന്നും യുഡിഎഫ് ആരോപിച്ചു. ഇതാണു ബോംബെങ്കിൽ ചീറ്റിപ്പോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

∙ ഇരട്ടവോട്ടും ആഴക്കടൽ കരാറും

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളും തമ്മിലെ വോട്ടു വ്യത്യാസം 9 ലക്ഷം ആയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് 5 ലക്ഷമായി കുറഞ്ഞു. ഇരുമുന്നണികളും അങ്ങനെ ഒപ്പത്തിനൊപ്പം പോരാടുന്ന സംസ്ഥാനത്താണു 4 ലക്ഷത്തിലേറെ ഇരട്ട വോട്ട് ഉണ്ടെന്നു സ്ഥാപിക്കാൻ പ്രതിപക്ഷ നേതാവിനു കഴിഞ്ഞത്. 4.34 ലക്ഷം ഇരട്ട/വ്യാജ വോട്ട് സംബന്ധിച്ചു കണ്ടെത്തിയ വിവരങ്ങൾ www.operationtwins.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ചില മണ്ഡലങ്ങളിൽ 20,000 കള്ളവോട്ടുകൾ വരെയുണ്ടെന്ന വിവരം പുറത്തു വരുന്നു. സ്വന്തം പേരിൽ 10 വോട്ട് വരെയുണ്ടെന്നു പലരും അറിയുന്നില്ല– രമേശ് പറഞ്ഞു.

കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ
ADVERTISEMENT

ലോകത്തിനു മുന്നിൽ കേരളത്തെ കള്ളവോട്ടർമാരുടെ നാടായി ചിത്രീകരിക്കാനാണു പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നു കുറ്റപ്പെടുത്തുകയാണു മുഖ്യമന്ത്രി ചെയ്തത്. സമൂഹമാധ്യമങ്ങളിൽ ദേശീയതലത്തിൽ കേരളത്തിനെതിരെ വലിയ അപവാദ പ്രചാരണമാണു നടക്കുന്നത്. 20 ലക്ഷം ബംഗ്ലദേശികൾ കേരളത്തിലെ വോട്ടർ പട്ടികയിൽ കടന്നുകൂടിയെന്നാണു സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ വിവര ശേഖരണം നിയമവിധേയമായ മാർഗത്തിലൂടെയാണോയെന്ന സംശയം ഉയർന്നുകഴിഞ്ഞു. നേരത്തേ ഡേറ്റ ചോർച്ചയെപ്പറ്റി പറഞ്ഞവർ പൗരന്മാരുടെ സ്വകാര്യ വിവരം പുറത്തുവിട്ട് അപകീർത്തിപ്പെടുത്തുകയാണ്– മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വൻതോതിൽ കള്ളവോട്ട് സൃഷ്ടിച്ച് യഥാർഥ ജനഹിതം അട്ടിമറിക്കാൻ നടത്തിയ ഗൂഢനീക്കം പൊളിഞ്ഞതിന്റെ ജാള്യമാണു മുഖ്യമന്ത്രിയുടെ വാക്കുകളിൽ എന്നു പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. തദ്ദേശത്തിൽ ഹിറ്റായ ‘കിറ്റ് പ്രയോഗം’ ചെറുക്കാനും പ്രതിപക്ഷം ഇറങ്ങിത്തിരിച്ചതോടെ അവരെ അന്നംമുടക്കികളായി ചിത്രീകരിച്ചാണു സർക്കാരും സിപിഎമ്മും കവചമൊരുക്കിയത്. കിറ്റിന്റെ പിന്നിലെ വോട്ട് ലാക്ക് തുറന്നുകാട്ടുക മാത്രമാണ് ഉദ്ദേശ്യമെന്നു വ്യക്തമാക്കി പ്രതിപക്ഷം പിൻവാങ്ങി. കിറ്റിലെ എല്ലാം കേന്ദ്രത്തിന്റെ ഔദാര്യമല്ലേ എന്ന ചോദ്യവുമായി ബിജെപിയും ക്യാംപെയ്ൻ ചെയ്യുന്നുണ്ട്.

തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ രോഷത്തിനു കാരണമായ ആഴക്കടൽ മത്സ്യബന്ധന ധാരണാപത്രം ഔദ്യോഗികമായി റദ്ദാക്കിയിട്ടില്ലെന്ന വിവരം പുറത്തു വന്നതും സർക്കാരിനു ക്ഷീണമായി. തീരദേശത്തെ 32 മണ്ഡലങ്ങളിൽ കരാർ വിവാദം പ്രതിഫലിക്കാനിടയുണ്ടെന്ന പ്രതീതി ശക്തമാണ്. ഇതിൽ 23 സീറ്റുകളും നിലവിൽ ഇടതു മുന്നണിയുടെ പക്കലാണ്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ധാരണാപത്രം കഴിഞ്ഞ ഫെബ്രുവരി 26നു തന്നെ റദ്ദാക്കിയതാണെന്നും ഇതു റദ്ദാക്കിയിട്ടില്ലെന്നു പറയുന്നതിന്റെ ലക്ഷ്യം വേറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

∙ ശരണം വിളിച്ച് നരേന്ദ്ര മോദി

പ്രചാരണ രംഗത്തു സിപിഎം ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്ത ശബരിമല വിഷയത്തെ വിശ്വാസികളുടെ മനസ്സിൽ ഊതിക്കത്തിക്കുകയാണ് പ്രതിപക്ഷവും ബിജെപിയും. 2018ൽ യുവതീപ്രവേശ വിധി നടപ്പാക്കാൻ സർക്കാർ കാട്ടിയ വ്യഗ്രത വിസ്മരിക്കരുതെന്നു ബിജെപി ഓർമിപ്പിക്കുന്നു. കേരളത്തിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരണം വിളിച്ചാണു ശബരിമലയുടെ മറക്കരുതെന്ന് പ്രഖ്യാപിച്ചത്. വിശ്വാസ സംരക്ഷണത്തിനു നിയമം കൊണ്ടുവരുമെന്നാണു യുഡിഎഫിന്റെ വാഗ്ദാനം. കഴിഞ്ഞകാല സംഭവങ്ങളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചതും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും മുഖ്യമന്ത്രിയും തള്ളിയതുമാണു ശബരിമലയെ വീണ്ടും ചർച്ചാവിഷയമാക്കിയത്.

വയനാട്ടിൽ പ്രചാരണം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

‘ഓരോ തിരഞ്ഞെടുപ്പിലും രാജ്യത്ത് ഒന്നിച്ചുവരുന്ന സിപിഎമ്മും കോൺഗ്രസും കേരളത്തിൽ തമ്മിൽ മത്സരിക്കാതെ ലയിക്കണം. പേര് കോമ്രേഡ് കോൺഗ്രസ് പാർട്ടി (സിസിപി) എന്നാക്കണം. എൽഡിഎഫ്–യുഡിഎഫ് നേതാക്കൾ അവരുടെ സാമ്രാജ്യം ഉണ്ടാക്കാനാണു ശ്രമിക്കുന്നത്. പണമുണ്ടാക്കാനാണുള്ള വഴികളിലാണ് താൽപര്യം. ഭക്തരെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതിനു പകരം ലാത്തി ഉപയോഗിച്ചു നേരിടുകയാണു എൽഡിഎഫ് സർക്കാർ ചെയ്തത്. കേരളത്തിലെ പുണ്യകേന്ദ്രങ്ങൾ തകർക്കാൻ ഏജന്റുമാരെ വച്ചു ശ്രമം നടത്തുന്നു. എൽഡിഎഫ് വിശ്വാസ സമൂഹത്തോട് പകയോടെ പെരുമാറുന്നു.’– മോദി പറഞ്ഞു.

ഇരുകൈകളും മുകളിലേക്കുയർത്തി ‘സ്വാമിയേ ശരണമയ്യപ്പ’ എന്നു വിളിച്ചാണ് പ്രധാനമന്ത്രി പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റോഡിയത്തിൽ പ്രസംഗം ആരംഭിച്ചത്. അഞ്ചുതവണ ശരണംവിളി ആവർത്തിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലെ ശരണംവിളിയെ സിപിഎം വിമർശിച്ചു. രാജ്യത്തെ പ്രധാനമന്ത്രിമാർ പിൻതുടർന്നു വന്ന മതസൗഹാർദ സമീപനത്തെ നഗ്നമായി പിച്ചിക്കീറുന്നതാണ് മോദിയുടെ പ്രവൃത്തിയെന്ന് പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സർക്കാരുകളുടെ നയം ചർച്ച ചെയ്യേണ്ട വേദിയാണെന്നും ബേബി വ്യക്തമാക്കി.

പാലക്കാടും തിരുവനന്തപുരത്തും പത്തനംതിട്ടയിലും നരേന്ദ്ര മോദി കൊളുത്തിയ ആവേശം കെടാതെ സൂക്ഷിക്കുകയാണ് ബിജെപി. അമിത് ഷാ, യോഗി ആദിത്യനാഥ്, സ്മൃതി ഇറാനി തുടങ്ങിയവരും കേരളത്തിൽ ബിജെപിക്കായി വോട്ട് തേടി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായിരുന്നു യുഡിഎഫിന്റെ ദേശീയ താരങ്ങൾ. ഒട്ടേറെ മണ്ഡലങ്ങളിൽ റോഡ് ഷോ ഉൾപ്പെടെ നടത്തി ഇരുവരും ആൾക്കൂട്ടത്തെ ആകർഷിച്ചു. ആഞ്ഞുപിടിച്ചാൽ കൊല്ലം, ആലപ്പുഴ ജില്ലകളിലെ പകുതിയോളം സീറ്റും (ഇരു ജില്ലകളിലുമായുള്ള 20 സീറ്റുകളിൽ ആകെ രണ്ടെണ്ണം മാത്രമാണു നിലവിലെ സഭയിൽ യുഡിഎഫിനുള്ളത്) പോരുമെന്നാണു കോൺഗ്രസ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.

English Summary: LDF, UDF, NDA frenzied campaign for Kerala Assembly Election 2021