കോവിഡിനെ നേരിടുന്നതിൽ ഫലപ്രദമായി മുന്നോട്ടു പോകാൻ ഒന്നാം പിണറായി സർക്കാരിനു കഴിഞ്ഞു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും കെ.കെ. ശൈലജയെ പോലെ ഉള്ളവരുടെ നേതൃത്വത്തെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. എല്ലാം പൂട്ടിയിട്ട ദുസ്സഹമായ ഒരു കാലത്ത് വീട്ടിൽ കിറ്റും പെൻഷനും കൃത്യമായി സർക്കാർ എത്തിച്ചു. സർക്കാരുകൾ മാറി മാറി വരുന്ന ഒരു കാലത്തിൽനിന്ന് ഇതെല്ലാം ഒരു മാറ്റം...KV Thomas Latest News

കോവിഡിനെ നേരിടുന്നതിൽ ഫലപ്രദമായി മുന്നോട്ടു പോകാൻ ഒന്നാം പിണറായി സർക്കാരിനു കഴിഞ്ഞു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും കെ.കെ. ശൈലജയെ പോലെ ഉള്ളവരുടെ നേതൃത്വത്തെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. എല്ലാം പൂട്ടിയിട്ട ദുസ്സഹമായ ഒരു കാലത്ത് വീട്ടിൽ കിറ്റും പെൻഷനും കൃത്യമായി സർക്കാർ എത്തിച്ചു. സർക്കാരുകൾ മാറി മാറി വരുന്ന ഒരു കാലത്തിൽനിന്ന് ഇതെല്ലാം ഒരു മാറ്റം...KV Thomas Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിനെ നേരിടുന്നതിൽ ഫലപ്രദമായി മുന്നോട്ടു പോകാൻ ഒന്നാം പിണറായി സർക്കാരിനു കഴിഞ്ഞു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും കെ.കെ. ശൈലജയെ പോലെ ഉള്ളവരുടെ നേതൃത്വത്തെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. എല്ലാം പൂട്ടിയിട്ട ദുസ്സഹമായ ഒരു കാലത്ത് വീട്ടിൽ കിറ്റും പെൻഷനും കൃത്യമായി സർക്കാർ എത്തിച്ചു. സർക്കാരുകൾ മാറി മാറി വരുന്ന ഒരു കാലത്തിൽനിന്ന് ഇതെല്ലാം ഒരു മാറ്റം...KV Thomas Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗഹൃദ ദിനത്തിൽ സുഹൃത്തുക്കൾക്ക് ആശംസകൾ നേരുന്നതിൽ ആരും പിശുക്കു കാട്ടാറില്ല. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിന്റെ രാഷ്ട്രീയാതീത സൗഹൃദങ്ങൾ കോൺഗ്രസിൽ കുറേക്കാലമായി ചർച്ചാ വിഷയമാണ്. ബിജെപിയിലെയോ സിപിഎമ്മിലെയോ ആരെയെങ്കിലും അദ്ദേഹം കണ്ടാൽ ആ പാളയത്തിലേക്ക് അദ്ദേഹം കാലുവയ്ക്കുന്നതായി അഭ്യൂഹങ്ങൾ ഉയരും.

ആ സൗഹൃദങ്ങളും സ്വന്തം രാഷ്ട്രീയവും രണ്ടും രണ്ടാണെന്നു വ്യക്തമാക്കാനാണ് ‘ക്രോസ് ഫയറിൽ’ കെ.വി.തോമസ് ശ്രമിക്കുന്നത്. അതേ സമയം തന്റെ അനുഭവ സമ്പത്തിനെയും സംഭാവനകളെയും പരിഗണിക്കാതെ കോൺഗ്രസ് അപമാനിക്കുകയാണെന്നും അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് കെ.വി.തോമസ് സംസാരിക്കുന്നു...

കെ.വി. തോമസ്.
ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയുടെ കാരണം അന്വേഷിക്കാനായി കോൺഗ്രസ് മേഖലാ സമിതികളെ നിയോഗിച്ചല്ലോ. താങ്കളുടെ ദൃഷ്ടിയിൽ തിരിച്ചടിയുടെ പ്രധാന കാരണങ്ങൾ എന്താണ്?

ബൂത്തു തലം മുതൽ കെപിസിസി വരെ സംഘടനാതലത്തിലെ ബലഹീനതയാണ് ഒരു കാരണം. ഗ്രൂപ്പ് അതിപ്രസരം മൂലം ഉള്ള ശക്തി തന്നെ ചോരുന്ന സ്ഥിതി ഉണ്ടായി. കോവിഡിനെ നേരിടുന്നതിൽ ഫലപ്രദമായി മുന്നോട്ടു പോകാൻ ഒന്നാം പിണറായി സർക്കാരിനു കഴിഞ്ഞു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും കെ.കെ.ശൈലജയെ പോലെ ഉള്ളവരുടെ നേതൃത്വത്തെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. എല്ലാം പൂട്ടിയിട്ട ദുസ്സഹമായ ഒരു കാലത്ത് വീട്ടിൽ കിറ്റും പെൻഷനും കൃത്യമായി സർക്കാർ എത്തിച്ചു. സർക്കാരുകൾ മാറിമാറി വരുന്ന ഒരു കാലത്തിൽനിന്ന് ഇതെല്ലാം ഒരു മാറ്റം ഉണ്ടാക്കി.

തലമുറ മാറ്റം പ്രതിഫലിച്ച പുതുമുഖ സ്ഥാനാർഥി പട്ടിക കോൺഗ്രസിന് ഗുണം ചെയ്തില്ല എന്നാണോ?

തലമുറ മാറ്റം ഉദ്ദേശിച്ച പോലെ വിജയിച്ചില്ല. 52 പുതുമുഖങ്ങളെ നിർത്തിയെങ്കിലും രണ്ടു പേരാണ് ജയിച്ചത്. പരിചയ സമ്പന്നതയുടെയും പുതുമുഖങ്ങളുടെയും മിശ്രണമാണ് എക്കാലത്തും കോൺഗ്രസിന്റെ ശക്തി. പരിചയ സമ്പന്നരെ മാറ്റിനിർത്തി ഒരു പാർട്ടിക്കു പോലും മുന്നോട്ടു പോകാൻ കഴിയില്ല. ഉമ്മൻചാണ്ടിയെ പോലെ ഒരാളെ പ്രായത്തിന്റെ പേരിൽ മാറ്റി നിർത്താൻ ആർക്കെങ്കിലും സാധിക്കുമോ?

കെ.വി. തോമസ്.
ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പി‍ൽ മത്സരിക്കാൻ താങ്കൾ ആഗ്രഹിച്ചിരുന്നോ?

ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ സംസ്ഥാന നേതൃത്വത്തിൽനിന്നും അനുകൂലമായ പ്രതികരണമല്ല ഉണ്ടായത്. യുഡിഎഫ് തോൽക്കാൻ ഇടയുള്ള അഞ്ച് സീറ്റ് ചൂണ്ടിക്കാട്ടാം, അതിൽ ഒരു സീറ്റിൽ മത്സരിക്കാൻ തയാറാണ് എന്നാണു പറഞ്ഞത്. ഇവിടെ നേതൃത്വത്തിനു താൽപര്യമില്ലെന്നു മനസ്സിലായതോടെ പിന്നാലെ പോയില്ല.

തിരഞ്ഞെടുപ്പിനു മുൻപ് കോൺഗ്രസ് വിടാൻ താങ്കൾ ആലോചിച്ചിരുന്നോ? ഒരു നിർണായക വാർത്താസമ്മേളനം വിളിച്ചപ്പോഴാണല്ലോ സോണിയാഗാന്ധിയുടെ വിളി വന്നത്...

ഒരു സന്ദർഭത്തിലും ഞാൻ കോൺഗ്രസ് വിടാൻ ആലോചിച്ചിട്ടില്ല. ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അപമാനിക്കപ്പെടുന്നതിന്റെ വേദന ഉണ്ടായി. 2018ൽ കൊച്ചിയിൽ ഒരു മാനേജ്മെന്റ് സമ്മേളനത്തിൽ ഞാൻ നടത്തിയ പ്രസംഗം വലിയ വിവാദമാക്കി. ‘ഔവർ പ്രൈം മിനിസ്റ്റർ ഈസ് എ ബാഡ് പ്രൈം മിനിസ്റ്റർ ബട് എ ഗുഡ് മാനേജർ’ എന്നാണു ഞാൻ പ്രസംഗിച്ചത്. ഒരു മാനേജ്മെന്റ് സമ്മേളനത്തിൽ മുന്നോട്ടു വച്ച ഉദാഹരണം മാത്രമായിരുന്നു അത്. നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയാണ് എന്നു ഞാൻ പ്രസംഗിച്ചുവെന്ന രീതിയിൽ പരാതിയായി ചിലർ അതു ഡൽഹിയിൽ എത്തിച്ചു. ഒരു ഗൂഢാലോചന അതിൽ നടന്നു. അങ്ങനെ ഗൂഢാലോചന നടത്തി ഒന്നും മാറ്റേണ്ട, ഞാൻ മാറിയേക്കാമെന്ന് അന്നേ പറഞ്ഞു.

സോണിയ ഗാന്ധിയോടൊപ്പം കെ.വി.തോമസ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം.
ADVERTISEMENT

കോൺഗ്രസ് എന്നെ എൽപ്പിച്ച എല്ലാ ചുമതലകളും ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. 1985ൽ ഡിസിസി പ്രസിഡന്റാകുമ്പോൾ എറണാകുളത്തെ 14 സീറ്റിൽ യുഡിഎഫിന് മൂന്നു സീറ്റേ ഉള്ളൂ. ‍2001ൽ വി.ജെ.പൗലോസിനെ ഡിസിസി പ്രസിഡന്റ് സ്ഥാനം ഏൽപിച്ചു മാറുമ്പോൾ 14ൽ 13 സീറ്റും യുഡിഎഫിനായിരുന്നു. കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയായി നല്ല പ്രവർത്തനം കാഴ്ചവച്ചു. തിരഞ്ഞെടുപ്പിൽ മാറി നിന്നോളാം, പാർട്ടിയിൽ പ്രവർത്തിക്കാൻ ഒരു പദവി തരണമെന്ന് പറഞ്ഞപ്പോഴെല്ലാം എറണാകുളത്ത് മാഷ് അല്ലാതെ മറ്റാര് എന്നാണ് ഈ നേതാക്കൾ എന്നോടു ചോദിച്ചത്. ഒടുവി‍ൽ സ്ഥാനാർഥി അല്ലെന്ന് ടിവിയിലൂടെ അറിയേണ്ടി വന്നു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

രണ്ടു വർഷം കാത്തിരുന്നിട്ടും ഒരു പരിഗണനയും ഉണ്ടായില്ല. അതുകൊണ്ട് സോണിയാഗാന്ധിക്ക് അയച്ച ഒരു കത്തിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളെ അറിയിക്കാൻ ആലോചിച്ചു. അതിനു വേണ്ടിയാണ് അന്നു വാർത്താസമ്മേളനം വിളിച്ചത്. ആ കത്തിൽ രാഷ്ട്രീയ പ്രശ്നങ്ങളായിരുന്നു കൂടുതലും. സോണിയാജി വിളിച്ചു സംസാരിച്ചത് ഈ സമയത്താണ്. അവർ പറഞ്ഞത് അതേ പടി അനുസരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നിൽ കേരളത്തിലെ നേതാക്കളുടെ എതിർപ്പാണോ അതോ രാഹുൽ ഗാന്ധിക്ക് താങ്കളോടുള്ള അനിഷ്ടത്തിന്റെ ഭാഗമാണോ?

രാഹുൽഗാന്ധിയുടെ എതിർപ്പല്ലെന്നാണ് ‍ഞാൻ മനസ്സിലാക്കിയത്. കേരളത്തിൽനിന്നുള്ള നേതാക്കളാണ് എതിർത്തത്. ഞാൻ ഇനി പാർലമെന്റിലേക്ക് പോകരുത് എന്ന് ചിലർ നേരത്തേ നിശ്ചയിച്ചു. ഏതെങ്കിലും സാഹചര്യത്തിൽ കോ‍ൺഗ്രസ് അധികാരത്തിൽ വന്നാൽ ഞാനും ആ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് അവർ കരുതി. അത് അനുവദിക്കരുത് എന്നു തീരുമാനിച്ചു. മോദിയെ പുകഴ്ത്തി പ്രസംഗിച്ചു എന്ന വാർത്ത അടക്കം അതിന്റെ ഭാഗമായിരുന്നു. എനിക്ക് പ്രായമായി എന്ന വാദവും ഉയർത്തി. 73 വയസ്സായ എന്നേക്കാൾ പ്രായമുള്ളവർ ഇവിടെ മത്സരിച്ചു, പല പദവികളും നിർവഹിക്കുന്നു. എന്റെ കാര്യം വരുമ്പോഴാണ് പ്രശ്നം. സോഷ്യൽ മീഡിയിലൂടെയാണ് വലിയ ആക്രമണം നേരിട്ടത്.

മൻമോഹൻ സിങ്ങിനൊപ്പം കെ.വി. തോമസ്.

ആ സീറ്റ് നിഷേധത്തിന്റെ പ്രായശ്ചിത്തമായി വൈകിയെങ്കിലും താങ്കളെ കെപിസിസി വർക്കിങ് പ്രസിഡന്റാക്കി. നാലു മാസം കഴിഞ്ഞു പുനഃസംഘടനയിൽ ഒഴിവാക്കി. എന്താണ് കാരണം?

എനിക്ക് ഇപ്പോഴും അറിയില്ല. എന്നെ എന്തിന് വച്ചു, ഒഴിവാക്കി എന്നെല്ലാം അവരാണല്ലോ പറയണ്ടത്. കോൺഗ്രസിന്റെ ദേശീയ നേതൃത്വമാണ് അതു ചെയ്തത് ഇപ്പോൾതന്നെ രമേശ് ചെന്നിത്തലയെ മാറ്റി പുതിയ പ്രതിപക്ഷ നേതാവ് വന്നപ്പോൾ മാറ്റം നടപ്പാക്കിയ രീതിക്കെതിരെ വിമർശനം ഉയർന്നില്ലേ. തീരുമാനങ്ങൾ നടപ്പാക്കുമ്പോൾ കൂടുതൽ കരുതലും ജാഗ്രതയും വേണം.

കോൺഗ്രസിനെതിരെ കലാപത്തിന് ഒരുങ്ങിയപ്പോൾ ഒരു പദവി നൽകി കൂടെ നിർത്തി, അതിനു ശേഷം തഴഞ്ഞു എന്നു കരുതാമോ?

ആ രീതിയിൽ കാണുന്നില്ല. സോണിയാഗാന്ധിയുമായുള്ള എന്റെ ബന്ധം അത്ര വലുതാണ്. എന്റെ സ്വന്തം കുടുംബം പോലെയുള്ള അടുപ്പം അതിലുണ്ട്. എനിക്ക് അർഹതപ്പെട്ടതിലും കൂടുതൽ കോൺഗ്രസ് നൽകി. എന്നേക്കാൾ ബുദ്ധിയും ശേഷിയും ഉള്ളവർക്ക് കിട്ടാത്ത അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് വിട്ടു പോകണമെന്ന് ഞാൻ ഒരിക്കലും ആലോചിച്ചിട്ടില്ല. പക്ഷേ എന്റെ പ്രവർത്തന ശൈലിയും സമീപനവും മനസ്സിലാകാത്തതിന്റെ പ്രശ്നമുണ്ട്. ചില മാധ്യമ വാർത്തകളിലും അതു പ്രതിഫലിക്കാറുണ്ട്.

അന്തരിച്ച പ്രഗത്ഭനായ മാധ്യമപ്രവർത്തൻ ഡി.വിജയമോഹൻ എന്റെ അടുത്ത സുഹൃത്തായിരുന്നു. ഒരു അർധരാത്രി ഞാൻ വീട്ടിലെത്തിയപ്പോൾ അദ്ദേഹം എന്നെ കാത്തു നിൽക്കുകയാണ്. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക കിട്ടാൻ വേണ്ടിയാണ് അദ്ദേഹം നിന്നത്. അതിനു വേണ്ടി വിജയമോഹൻ എടുത്ത പ്രയത്നം മറ്റുള്ളവർ എടുത്തില്ല. ‘മലയാള മനോരമ’യിൽ വാർത്ത വന്നതോടെ ചിലർക്ക് എന്നോട് വിരോധമായി. എന്നെ വേണ്ട വിധം മനസ്സിലാക്കാത്തതു മൂലമുള്ള ചില പ്രശ്നങ്ങൾ ചിലർക്ക് ഉണ്ടായിട്ടുണ്ട്. അവരും പിന്നീട് തിരിച്ചറിയുന്നതാണു കണ്ടു വരുന്നത്.

കെ.വി. തോമസ്, ഭാര്യ ഷേർളി തോമസ്

അപമാനിക്കപ്പെടുന്നു എന്നുണ്ടെങ്കിൽ കോൺഗ്രസിൽ ഇനി തുടരേണ്ട എന്ന ചിന്തയുണ്ടോ?

ഞാൻ എക്കാലത്തും കോൺഗ്രസുകാരനാണ്. എന്റെ അപ്പന്റെ പേര് കുറുപ്പശേരി‍ ദേവസ്സി വർക്കി എന്നാണ്. അമ്മയുടെ പേര് റോസ എന്നാണ്. അതു സത്യമാണെങ്കിൽ ഞാൻ കോൺഗ്രസുകാരൻ തന്നെയായിരിക്കും. അതിൽനിന്നു വ്യത്യസ്തമായ ഒരു സമീപനം ഒരു കാലത്തും എടുത്തിട്ടില്ല. പക്ഷേ ആരെയും ഒതുക്കി പോകാനല്ല കോൺഗ്രസ് നോക്കേണ്ടത്. എല്ലാവരെയും കൊണ്ടു പോകുകയാണ് ചെയ്യേണ്ടത്.

താങ്കൾക്കെതിരെ കോൺഗ്രസിൽ ഒരു എറണാകുളം ലോബി പ്രവർത്തിക്കുന്നുണ്ടോ?

എന്ന് ഇവിടെ ഒരു സംസാരമുണ്ട്. എറണാകുളം ലോബി എന്ന ഒരു ലോബി കോൺഗ്രസിലുണ്ടെന്നു കരുതുന്നവരുണ്ട്. അവർ എനിക്കെതിരാണെന്നാണ് പലരും പറയുന്നത്. പക്ഷേ വ്യക്തിപരമായി ആരുമായും എനിക്കു പ്രശ്നമില്ല. എല്ലാവരെയും കൂട്ടിയോജിപ്പിച്ചാണ് ഞാൻ ഇവിടെ പ്രവർത്തിച്ചത്. ഇത്ര വലിയ തിരിച്ചടിയിലും എറണാകുളത്ത് 14ൽ 9 സീറ്റ് കിട്ടിയില്ലേ. അതു പോരാ, പക്ഷേ അതു തീരെ കുറവല്ലല്ലോ.

ചില ഉന്നത നേതാക്കൾ താങ്കളെ വിശ്വാസത്തിലെടുക്കാൻ മടിക്കുന്നതായി തോന്നിയിട്ടുണ്ട്. എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങൾ ഇതിനു പിന്നിലുണ്ടോ?

ഒരു അകൽച്ചയുമില്ല. വ്യക്തിപരമായി ഒരു നേതാവുമായും എനിക്ക് പ്രശ്നങ്ങളില്ല. പക്ഷേ ഞാൻ എന്തെങ്കിലും ചെയ്താൽ, ആരെയെങ്കിലും സന്ദർശിച്ചാൽ അതു പ്രശ്നമാക്കും. അതേ കാര്യം മറ്റൊരാൾ ചെയ്താൽ പ്രശ്നവുമില്ല. അങ്ങനെ ഒരു സാഹചര്യമുണ്ട്.

താങ്കൾക്ക് അവസരം ലഭിച്ചാൽ തങ്ങളെ ബാധിക്കുമെന്ന് കരുതി പാരകൾ ഉണ്ടായോ?

അങ്ങനെ പാരവയ്പ് ഒന്നും ഉണ്ടായിട്ടില്ലല്ലോ. 2019ൽ സീറ്റ് നൽകിയില്ല എന്നതു ശരിയാണ്. പിന്നീട് ഒരു സംഘടനാ പദവി ലഭിക്കാൻ താമസം ഉണ്ടായി. 2019 കഴിഞ്ഞ് 2021 ആയി. ഒരു രാഷ്ട്രീയ പാർട്ടിയിൽ അത് ഒരു വലിയ കാലയളവായി തോന്നുന്നില്ല.

കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ.

ഇന്നു സൗഹൃദ ദിനമാണല്ലോ. ബിജെപി, സിപിഎം നേതാക്കളുമായി താങ്കൾക്ക് നല്ല സൗഹൃദമുണ്ട്. ആ സൗഹൃദത്തിന്റെ രാഷ്ട്രീയ സാധ്യത തുറന്നു കിടക്കുകയാണ് എന്നു കരുതിയാൽ തെറ്റുണ്ടോ?

അങ്ങനെ പറയുന്നതിന്റെ പേരിൽ ഞാൻ ആരെയും കുറ്റപ്പെടുത്തില്ല. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി എനിക്ക് നല്ല ബന്ധമുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കഴിഞ്ഞ ദിവസവും ഞാൻ ഡൽഹിയിൽ വച്ചു കണ്ടു. പ്രശസ്ത മാധ്യമപ്രവർത്തകനായ ടിവിആർ ഷേണായി എന്റെ വളരെ അടുത്ത സ്നേഹിതനായിരുന്നു. അദ്ദേഹത്തിന് ആർഎസ്എസ് ബന്ധമുണ്ട് എന്നു കരുതി ഞാൻ ആർഎസ്എസ് ആണോ? എന്റെ ബന്ധങ്ങൾ എനിക്ക് ഉപേക്ഷിക്കാൻ സാധിക്കില്ല. ഞാൻ ആരെയും രാത്രിയിൽ തലയിൽ മുണ്ടിട്ടു കാണാറില്ല. പകൽ തന്നെയാണ് കാണുന്നത്.

താങ്കളുടെ സമശീർഷനെന്നു കരുതാവുന്ന പി.സി.ചാക്കോ കോൺഗ്രസ് വിട്ടു, പി.ജെ.കുര്യൻ പഴയതു പോലെ സജീവമല്ല, ആ ഒരു നിരയുടെ കാലം കഴിയുന്നുവെന്നാണോ?

ചാക്കോ കോൺഗ്രസ് വിട്ടെന്നു കരുതി എൻസിപിയിൽ സജീവാണല്ലോ. തിരുവല്ലയിൽ ഏതു പരിപാടിക്കു പോയാലും കുര്യൻ സാറിനെ കാണാറുണ്ട്. ഒരു പൊതുപ്രവർത്തകന്റെ ഇടം രാഷ്ട്രീയവേദികൾ മാത്രമല്ല. സമൂഹത്തോട് അവർക്ക് പ്രതിബദ്ധതയുണ്ട്. എന്റെ നേതൃത്വത്തിലുള്ള കെ.വി.തോമസ് വിദ്യാധൻ ട്രസ്റ്റ് 16 വർഷമായി പ്രവർത്തിക്കുന്നു. കോവിഡ് വരുന്നതിനു മുൻപ് 63,000 വിദ്യാർഥികൾക്ക് ഉച്ച ഭക്ഷണം നൽകിയിരുന്നു. ഇപ്പോൾതന്നെ 250 സ്മാർട് ഫോൺ കുട്ടികൾക്കു നൽകി. ജനങ്ങളുടെ വിഷമത്തിൽ സഹായിക്കുക എന്ന ജോലിയാണ് അന്നും ഇന്നും ഞാൻ ചെയ്യുന്നത്.

വർക്കിങ് പ്രസിഡന്റ് പദവിയിൽനിന്ന് ഒഴിവാക്കിയതിനെ തുടർന്ന് യുഡിഎഫ് കൺവീനർ, എഐസിസി പദവി തുടങ്ങിയവയിലേക്കു പരിഗണിക്കുമെന്നു കേട്ടിരുന്നല്ലോ?

ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് ഒന്നും സംഭവിച്ചിട്ടില്ല. എന്റെ ചെറിയ പരാതി കോൺഗ്രസ് പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. എന്നെ കളിയാക്കുന്ന തരത്തിൽ ചില അനുഭവങ്ങൾ വരാറുണ്ട്. അതിന്റെ ആവശ്യമില്ല. എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത്? പാർട്ടി ഏൽപിച്ച എല്ലാ ഉത്തരവാദിത്തങ്ങളും ആത്മാർഥതയോടെ ചെയ്ത ഒരാളല്ലേ ‍ഞാൻ. ഒരു ജോലിയിലും പരാജയപ്പെട്ടിട്ടില്ല എന്ന് അഭിമാനത്തോടെ പറയാൻ കഴിയും.

താങ്കൾക്ക് മതിയായ പദവികളെല്ലാം കോൺഗ്രസ് നൽകി. ഇനി മറ്റുള്ളവർക്ക് എന്നു നേതൃത്വം വിചാരിച്ചാൽ തെറ്റുണ്ടോ?

ഒരാളെ മാറ്റി നിർത്താനും മറ്റൊരാളെ പരിഗണിക്കാനും പല വാദങ്ങൾ പറയാമല്ലോ. 73 വയസ്സായി എന്നു പറഞ്ഞ് എന്നെ മാറ്റിയപ്പോൾ അതിലും പ്രായം കൂടിയവർ മത്സരിച്ചില്ലേ? ഞാൻ ഇത്തവണ ചോദിച്ചതു തോൽക്കുന്ന സീറ്റാണ്. പരീക്ഷിച്ചു കൂടേ? ഒരാളെ അടുപ്പിക്കാതിരിക്കാൻ എന്തു വാദവും ഉയർത്താം. സജീവതയാണ് കണക്കാക്കുന്നതെങ്കിൽ പ്രായമല്ല, പ്രവർത്തന ശൈലി അല്ലേ നോക്കേണ്ടത്?

ഞാനൊരു കിടപ്പുരോഗിയാണെങ്കിൽ മനസ്സിലാക്കാം. 24 മണിക്കൂറും ഓടി നടന്നു പ്രവർത്തിക്കുന്ന ആളല്ലേ? സിപിഎമ്മിലും സിപിഐയിലും പൊതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നത്. ബോധപൂർവം ഒഴിവാക്കപ്പെട്ടു എന്ന തോന്നൽ അപ്പോൾ ആർക്കും ഉണ്ടാകില്ല. മാറുന്നവർക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ അവസരം നൽകും. ഇവിടെ എംപിയും മന്ത്രിയും എല്ലാം ആയി. എന്നാൽ പിന്നെ ഒഴിവാക്കിയേക്കാം, ഒന്നും ആകേണ്ട എന്നാണോ?

കെ.കരുണാകരന്റെ അനുയായി ആയിരുന്ന താങ്കൾ പിന്നീട് എ.കെ.ആന്റണിയുമായി നല്ല ബന്ധത്തിലായി. ആന്റണി പക്ഷേ താങ്കളെ കൈവിട്ടോ?

അങ്ങനെയില്ല. എ.കെ. ആന്റണിയുടെ രീതികൾ എല്ലാവർക്കും അറിയാമല്ലോ. അദ്ദേഹം വഴിവിട്ട് ഒന്നും ചെയ്യാറില്ല. അതേ സമയം ചെയ്ത കാര്യങ്ങൾ ചെണ്ട കൊട്ടി പറയാറുമില്ല. അദ്ദേഹം എന്നെ പല നിർണായകഘട്ടങ്ങളിലും സഹായിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധിക്കൊപ്പം കെ.വി.തോമസ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം.

രാഹുൽ ഗാന്ധിക്ക് എന്തെങ്കിലും തെറ്റിദ്ധാരണ താങ്കളോട് ഉണ്ടോ? സോണിയാ ഗാന്ധിക്കുള്ള അടുപ്പം ഇല്ലല്ലോ?

അങ്ങനെ തോന്നിയിട്ടില്ല. എനിക്ക് ചിലരോടുള്ള അതേ അടുപ്പം, ബന്ധം എന്റെ മക്കൾക്ക് ഉണ്ടാകണമെന്നില്ലല്ലോ. രാജീവ്ജിയും സോണിയാജിയും ആയി ഹൃദയബന്ധം എനിക്കുണ്ടായി. അതേ അടുപ്പം മക്കൾ കാണിക്കണമെന്നില്ല. അതെല്ലാം സ്വാഭാവികമാണ്. ഇനി രാഹുൽഗാന്ധിക്ക് ഒരു അനിഷ്ടമുണ്ടെന്ന ധാരണ വച്ചാണോ എന്നോടുള്ള സമീപനം വേണ്ടത്? ഞാൻ ആരാണ്, എന്താണ് എന്നല്ലേ നേതൃത്വം നോക്കേണ്ടത്. എന്റെ സംഭാവനകൾ ഗുണകരമാണോ എന്നല്ലേ ആലോചിക്കേണ്ടത്? ഒരു കാലത്തും സംഭവിക്കാത്തതു പോലെ ഭരിച്ചിരുന്ന പാ‍ർട്ടി ഇവിടെ വീണ്ടും അധികാരത്തിൽ വന്നില്ലേ? ആ യാഥാർഥ്യം ഉൾക്കൊള്ളണം.

കേരളത്തിലെ നേതൃമാറ്റത്തിൽ തൃപ്തനാണോ?

വി.ഡി.സതീശൻ എന്റെ വിദ്യാർഥിയായിരുന്നു. അയാൾ പ്രതിപക്ഷ നേതാവ് ആയതിൽ വലിയ സന്തോഷമുണ്ട്. എന്നോട് സതീശൻ‍ മാന്യത കാണിക്കാറുണ്ട്. ഒടുവിൽ തിരുവനന്തപുരത്തുള്ളപ്പോൾ ‘എംഎൽഎ ക്വാർട്ടേഴ്സിൽ വന്നു കാണട്ടെ’ എന്നു ചോദിച്ചപ്പോൾ ‘മാഷ് എവിടെയാണ് ഉള്ളത്, ഞാൻ അവിടെ വരാം’ എന്നു പറഞ്ഞ് അങ്ങോട്ട് വന്നു. രണ്ടു തവണയും അങ്ങനെ വന്നു കണ്ടു. കെ.സുധാകരനും അതുപോലെ അടുപ്പമുള്ള ആളാണ്. എല്ലാവരും നൽകുന്ന പരിഗണനയിൽ എനിക്ക് സന്തോഷമുണ്ട്.

മാഷിന്റെ കാര്യം സോണിയാജിയോട് പ്രത്യേകം പറയേണ്ട കാര്യമുണ്ടോ എന്നാണ് ഡൽഹിയിൽ ഉള്ളവരെല്ലാം ചോദിക്കുന്നത്. എന്നെ എങ്ങനെ വിനിയോഗിക്കും എന്ന തീരുമാനമെടുക്കേണ്ടതു പാർട്ടിയാണ്. ഒന്നുമില്ലെങ്കിലും വിരോധമില്ല. ഞാൻ നാലഞ്ചു പത്രങ്ങളിൽ എഴുതുന്നുണ്ട്. ട്രസ്റ്റുമായി ബന്ധപ്പെട്ട് ഒരു പാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ‘കുമ്പളങ്ങിയിൽനിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന എന്റെ ജീവിത യാത്ര എഴുതാനുള്ള ഒരുക്കത്തിലാണ്.

ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഒരു ഗ്രൂപ്പിന്റെ ഭാഗമല്ലാതായത് ദോഷം ചെയ്തു എന്ന ഖേദമുണ്ടോ?

ഒട്ടുമില്ല. ഞാൻ ഗ്രൂപ്പ് വിരുദ്ധനല്ല, പക്ഷേ അമിതമായ ഗ്രൂപ്പിസത്തിന് എതിരാണ്. ഗ്രൂപ്പിന്റെ പേരിൽ ഒരു ക്വാളിറ്റിയും ഇല്ലാത്തവർ പദവികളിലേക്ക് വരുന്നത് കോൺഗ്രസിനെയാണ് ബാധിക്കുന്നത്. പ്രവർത്തിക്കുകയൊന്നും വേണ്ട, സോഷ്യൽമീഡിയയിൽ നിറഞ്ഞുനിന്നാൽ മതിയെന്ന സ്ഥിതിയുണ്ട്. ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ ഇപ്പോഴും താക്കോൽ പദവിയിൽ ഉണ്ടാകുമായിരുന്നു. എന്നാൽ ഗ്രൂപ്പിന് അതീതമായി നല്ല ബന്ധം എല്ലാവരുമായും കാത്തുസൂക്ഷിച്ച് പ്രവർത്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയനുമായി താങ്കൾ നിരന്തര സമ്പർക്കത്തിലാണെന്ന് ആരോപിക്കുന്നവരുണ്ട്...

ഞങ്ങൾ നല്ല ബന്ധത്തിലാണ്. അത് ഇപ്പോൾ തുടങ്ങിയതല്ല. നേരത്തേ മുതലുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയായശേഷം നാട്ടിലെ പല പ്രശ്നങ്ങളും ശ്രദ്ധയിൽ പെടുത്താറുണ്ട്. അത് അദ്ദേഹം ഗൗരവത്തോടെ എടുക്കുകയും പരിഹരിക്കാൻ നോക്കുകയും ചെയ്യാറുണ്ട്. അതിന്റെ പേരിൽ ദേശാഭിമാനിയിൽ വന്ന ഒരു വാർത്തയുടെ തലക്കെട്ടിന്റെ പേരിൽ വരെ ചിലർ എനിക്കെതിരെ തിരിഞ്ഞു. എല്ലാ പത്രങ്ങളിലും അതേ വാർത്തയുണ്ട്. ദേശാഭിമാനിയിൽ തലക്കെട്ട് ഇടുന്നത് ഞാനാണോ?

ജയ്ഹിന്ദിന്റെയും വീക്ഷണത്തിന്റെയും ചുമതല താങ്കളെ ഏൽപിച്ചെങ്കിലും അത് ഏറ്റെടുത്തില്ല. പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ നിർവഹിക്കുന്നതും കടമ അല്ലേ? പദവികൾ മാത്രം ആഗ്രഹിച്ചാൽ മതിയോ?

ആ രണ്ടു ചുമതലയും ഞാൻ ഏറ്റെടുത്തതാണ്. കമ്പനി സെക്രട്ടറിയോട് അന്വേഷിച്ചപ്പോൾ ഭീമമായ ബാധ്യത ഉണ്ടെന്നു മനസ്സിലായി. അത് സ്റ്റാറ്റ്യൂട്ടറി ബാധ്യതയാണ്. നിറവേറ്റിയില്ലെങ്കിൽ ഏറ്റെടുക്കുന്ന ആളുടെ പിടലിക്ക് വരും. ഈ ഘട്ടത്തിൽ അതിനു പ്രയാസമുണ്ട്. ബാധ്യതകൾ മാറ്റിയെടുക്കാൻ സഹായിക്കണം എന്നാണ് നേതൃത്വത്തോട് ഞാൻ പറഞ്ഞത്. അങ്ങനെ ചെയ്യാമെന്നു പറഞ്ഞെങ്കിലും അതുണ്ടായില്ല. അല്ലാതെ അതു നടത്തില്ല എന്നു ഞാൻ പറഞ്ഞില്ല.

മത മേലധ്യക്ഷന്മാരുമായി താങ്കൾക്ക് നല്ല ബന്ധമുണ്ട്. അവർ കോൺഗ്രസുമായി അകൽച്ചയിലാണോ?

അവർക്ക് വ്യത്യസ്തമായ സമീപനങ്ങൾ വന്നു. ഒരു കാലഘട്ടത്തിൽ കോൺഗ്രസായിരുന്നു ഇവിടെയും പുറത്തും ശക്തി. ഇപ്പോൾ ദേശീയതലത്തിൽ ബിജെപിയാണ്. കേരളത്തിൽ ക്രൈസ്ത സഭകൾക്ക് സിപിഎമ്മുമായി ഒരിക്കലും ബന്ധം ഉണ്ടായിരുന്നില്ല. പക്ഷേ പിണറായി വിജയൻ വന്ന ശേഷം സഭകൾക്ക് പഴയ അകൽച്ചയില്ല. നേരിട്ടു മുഖ്യമന്ത്രിയെ വിളിക്കാം കാര്യങ്ങൾ പറയാം എന്നാണ് അവർ പറയുന്നത്. എങ്കിലും കോൺ‍ഗ്രസും അവരും തമ്മിലെ ബന്ധം ദൃഢം തന്നെയാണ്.

കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ് താങ്കൾ എന്നുതന്നെയാണ് പലരും കരുതുന്നത്. ഇനിയും വലിയ വാർത്തകൾ സൃഷ്ടിക്കുമോ?

ഞാൻ കോൺഗ്രസിനെതിരെ ഒന്നും ചെയ്യില്ലല്ലോ. പരസ്യമായി ഒന്നും ചെയ്തിട്ടുമില്ല. എനിക്കെതിരെ വാർത്തകൾ സൃഷ്ടിക്കപ്പെടുകയാണ്. എനിക്ക് സുഹൃദ് ബന്ധങ്ങൾ ഒഴിവാക്കാൻ കഴിയില്ല. അതിന് അർഥം ഞാൻ കോൺഗ്രസ് വിട്ടു പോകാൻ അവരുമായെല്ലാം ആലോചിക്കുന്നുവെന്നല്ല. ആ വ്യത്യാസം മനസ്സിലാക്കണം.‌‌

English Summary: Cross Fire Exclusive Interview with Congress Leader and Former Central Minister KV Thomas