രാഷ്ട്രീയ സാധ്യതകളുടെ വിത്തെറിഞ്ഞ മണ്ണിൽ വിളകൊയ്യാൻ കാത്തിരിക്കുകയാണ് പഞ്ചാബ്; വിത്തെറിഞ്ഞതിൽ ഒരുപാടുപേരുണ്ട്, വിളവെടുക്കുക ആരാണെന്നതു സസ്പെൻസാണ്. പഞ്ചാബിൽ തിരഞ്ഞെടുപ്പ് വിജയം കൊയ്തുകൂട്ടാൻ അരയും തലയും മുറുക്കി നിൽക്കുകയാണ് ... | Punjab Assembly Election 2022 | Modi | BJP | Manorama News

രാഷ്ട്രീയ സാധ്യതകളുടെ വിത്തെറിഞ്ഞ മണ്ണിൽ വിളകൊയ്യാൻ കാത്തിരിക്കുകയാണ് പഞ്ചാബ്; വിത്തെറിഞ്ഞതിൽ ഒരുപാടുപേരുണ്ട്, വിളവെടുക്കുക ആരാണെന്നതു സസ്പെൻസാണ്. പഞ്ചാബിൽ തിരഞ്ഞെടുപ്പ് വിജയം കൊയ്തുകൂട്ടാൻ അരയും തലയും മുറുക്കി നിൽക്കുകയാണ് ... | Punjab Assembly Election 2022 | Modi | BJP | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രീയ സാധ്യതകളുടെ വിത്തെറിഞ്ഞ മണ്ണിൽ വിളകൊയ്യാൻ കാത്തിരിക്കുകയാണ് പഞ്ചാബ്; വിത്തെറിഞ്ഞതിൽ ഒരുപാടുപേരുണ്ട്, വിളവെടുക്കുക ആരാണെന്നതു സസ്പെൻസാണ്. പഞ്ചാബിൽ തിരഞ്ഞെടുപ്പ് വിജയം കൊയ്തുകൂട്ടാൻ അരയും തലയും മുറുക്കി നിൽക്കുകയാണ് ... | Punjab Assembly Election 2022 | Modi | BJP | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രീയ സാധ്യതകളുടെ വിത്തെറിഞ്ഞ മണ്ണിൽ വിളകൊയ്യാൻ കാത്തിരിക്കുകയാണ് പഞ്ചാബ്; വിത്തെറിഞ്ഞതിൽ ഒരുപാടുപേരുണ്ട്, വിളവെടുക്കുക ആരാണെന്നതു സസ്പെൻസാണ്. പഞ്ചാബിൽ തിരഞ്ഞെടുപ്പ് വിജയം കൊയ്തുകൂട്ടാൻ അരയും തലയും മുറുക്കി നിൽക്കുകയാണ് രാഷ്ട്രീയ കക്ഷികളെല്ലാം. ഒമിക്രോണിന്റെ വരവോടെ ആശങ്കയുടെ കോവിഡ് മേഘങ്ങൾ മേലെ നിറയുന്നുണ്ടെങ്കിലും രാഷ്ട്രീയ ആവേശത്തിനൊട്ടും കുറവില്ല. ദേശീയ, സംസ്ഥാന നേതാക്കൾ ഒറ്റക്കെട്ടായി അണിയറനീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്നു. ഭരണകക്ഷിയായ കോൺഗ്രസ് വാഴുമോ വീഴുമോ എന്നതുതന്നെയാണ് നിർണായക ചോദ്യം.

കോവിഡ് കേസുകൾ വർധിച്ചതോടെ പഞ്ചാബിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. സ്കൂളുകൾ തുറക്കില്ലെന്നും രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്നും സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. സ്കൂളുകൾ, കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. ക്ലാസുകൾ ഓൺലൈനാക്കും. തിയറ്റർ, ബാർ, റസ്റ്ററന്റ്, മ്യൂസിയം, മൃഗശാലകൾ എന്നിവിടങ്ങളിൽ 50 ശതമാനം ആളുകൾക്കു മാത്രമാകും പ്രവേശനം. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു യാതൊരു തടസ്സവുമില്ലെന്നതാണു ശ്രദ്ധേയം.

ADVERTISEMENT

∙ 42,750 കോടിയുമായി മോദി

കോൺഗ്രസിൽനിന്നു പഞ്ചാബ് ഭരണം പിടിക്കാനുള്ള കഠിനശ്രമമാണു ബിജെപി നടത്തുന്നത്. കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസുമായി ബിജെപി സഖ്യത്തിലാണ്. ഇരുപാർട്ടികളും ഒന്നിച്ചു മത്സരിക്കുമെന്നാണു സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര ശെഖാവത്ത് പറയുന്നത്. കോൺഗ്രസിൽനിന്നും അകാലിദളിൽ നിന്നുമുള്ളവരെ ഉൾപ്പെടുത്തി, ബ്രാഹ്മണ– ബനിയ പാർട്ടിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനും ബിജെപി ശ്രമിക്കുന്നു.

തിരഞ്ഞെടുപ്പ് അനുകൂലമാക്കാൻ വമ്പൻ പ്രചാരണമാണു ബിജെപി ഒരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പഞ്ചാബിലും താരപ്രചാരകൻ. ജനുവരി അഞ്ചിനു സംസ്ഥാനത്തു വൻ വികസന പദ്ധതികൾക്കു മോദി തറക്കല്ലിടും. വിവിധ പദ്ധതികളിലായി ആകെ 42,750 കോടി രൂപയുടെ വികസനമാണു സംസ്ഥാനത്തു വരികയെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഡൽഹി– അമൃത്സർ–കത്ര എക്സ്‌പ്രസ്‌വേ, മുകേരിയൻ–തൽവാര ബ്രോഡ്‌ഗേജ് റെയിൽവേലൈൻ, ഫിറോസ്പുരിൽ പിജിഐ സാറ്റലൈറ്റ് സെന്റർ, കപൂർത്തലയിലും ഹോഷിയാപുരിലും രണ്ട് പുതിയ മെഡിക്കൽ കോളജ് തുടങ്ങിയവയാണ് പദ്ധതികൾ.

നരേന്ദ്ര മോദി

∙ വിധി നിർണയിക്കാൻ ദലിത് വിഭാഗങ്ങൾ

ADVERTISEMENT

ഇന്ത്യയിൽ ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ ദലിതരുള്ള സംസ്ഥാനമാണു പഞ്ചാബ്– 32%. പക്ഷേ, രാഷ്ട്രീയ പാർട്ടികളിലെ എണ്ണപ്പെട്ട നേതാക്കളായി ദലിത് വിഭാഗത്തിൽനിന്നുള്ളവർ വളരെ കുറവ്. എന്നാൽ ഇത്തവണ ദലിത് വിഭാഗത്തെ വലിയ വോട്ടുബാങ്കായാണു രാഷ്ട്രീയക്കാർ കാണുന്നത്. അമരിന്ദറിനെ മാറ്റി പകരം ദലിത് സിഖ് വിഭാഗത്തിലെ ചരൺജിത് സിങ് ഛന്നിയെ മുഖ്യമന്ത്രിയായി കോൺഗ്രസ് നിയമിച്ചത് ഈ വോട്ടുബാങ്ക് കൂടി ലക്ഷ്യമിട്ടാണ്. പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണയ്ക്കുന്നവരാണു ദലിത് വിഭാഗങ്ങൾ. ആം ആദ്മി പാർട്ടി (എഎപി) അവർക്കിടയിലേക്കു കടന്നുകയറിയപ്പോഴാണ് ഛന്നിയെ മുഖ്യമന്ത്രിയാക്കി കോൺഗ്രസ് പ്രതിരോധിച്ചത്.

ദരിദ്ര ചുറ്റുപാടുകളിൽനിന്ന് ഉയർന്നുവന്ന ഛന്നിയുടെ പ്രതിഛായ ആംആദ്മിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുമെന്നു കോൺഗ്രസ് ക്യാംപ് വിശ്വസിക്കുന്നു. ആഭ്യന്തര പ്രശ്നങ്ങളിൽ വലയുന്ന കോൺഗ്രസിന്റെ തുറുപ്പുചീട്ടാണ് ഇപ്പോൾ ഛന്നി. ‘‘2011ലെ സെൻസസ് പ്രകാരം, 39 ജാതികളിൽ 2 ജാതി ഗ്രൂപ്പുകളാണ് എസ്‍സി ജനസംഖ്യയുടെ 80 ശതമാനമുള്ളത്. രണ്ടു ഗ്രൂപ്പും 40 ശതമാനം വീതം. നാലു ജാതികളാണ് ഈ രണ്ട് ഗ്രൂപ്പുകളിലായുള്ളത്. പ്രധാന രാഷ്ട്രീയ പാർട്ടികളിലായി ഏകദേശം ഇതേ ശതമാനക്കണക്കിലാണ് ഇവർ ഉൾപ്പെട്ടിട്ടുള്ളതും. 34 സംവരണ സീറ്റുകളുണ്ടായിട്ടും ജാതി, മത വിഭജനങ്ങൾ ശക്തമായതിനാൽ നല്ലൊരു നേതൃത്വം രൂപപ്പെട്ടില്ല.’’– പഞ്ചാബ് യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസിലെ ഷഹീദ് ഭഗത് സിങ് ചെയറിലെ പ്രഫസർ റോങ്കി റാം ചൂണ്ടിക്കാട്ടി.

ചരൺജിത് സിങ് ഛന്നി

‘‘കാർഷിക സമ്പദ് വ്യവസ്ഥയാണു പഞ്ചാബിന്റേത്. ഭൂമി സ്വന്തമായുള്ള എസ്‌സി വിഭാഗക്കാർ കുറവാണ്. അതുതന്നെയാണു ശക്തരായ എസ്‌സി നേതാക്കൾ വളർന്നു വരാത്തതിനു പിന്നിലെ മുഖ്യകാരണം. കൃഷിഭൂമി സ്വന്തമായുണ്ട് എന്നതാണു ജാട്ട് സിഖുകൾക്കു ഗുണകരമായത്. ജാട്ട് സിഖുകാരുടെ കൃഷിഭൂമികളിലെ ജോലിക്കാരായാണു വലിയൊരു വിഭാഗം എസ്‍സി വിഭാഗം ജനങ്ങളും ജീവിച്ചിരുന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ ജാതി–മത വിഭജനങ്ങളും രാഷ്ട്രീയ ശക്തിയായി എസ്‍‌സി വിഭാഗക്കാർ വരുന്നതിനു തടസ്സമായി.’’– പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രഫസർ അശുതോഷ് കുമാർ ദേശീയ മാധ്യമത്തോടു പറഞ്ഞു.

ദലിതർ വോട്ടുബാങ്ക് ആണെന്ന് ആദ്യമായി തിരിച്ചറിയുന്നത് 1992ൽ ബിഎസ്‌പിയാണ്. ആ സമയത്തെ തിരഞ്ഞെടുപ്പിൽ 16 ശതമാനം വോട്ടും ഒൻപതു സീറ്റും ബിഎസ്‌പി സ്വന്തമാക്കി. എന്നാൽ, 2017ൽ ബിഎസ്പിയുടെ വോട്ടുവിഹിതം 1.5 ശതമാനമായി ഇടിഞ്ഞു. കോൺഗ്രസ്, അകാലിദൾ ഉൾപ്പെടെയുള്ള പാർട്ടികൾ എസ്‍സി വിഷയങ്ങളിൽ കാര്യമായി ഇടപെട്ടിരുന്നില്ലെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഛന്നി മുഖ്യമന്ത്രിയായതാണ് അവർ ഉദാഹരണമായി പറയുന്നത്. അമരിന്ദറിനു പകരം ആദ്യം അംബിക സോണിയെയാണു തീരുമാനിച്ചത്. അംബിക നിരസിച്ചപ്പോൾ സുനിൽ ഝാക്കർ, സുഖ്‌ജിന്ദർ രൺധാവ എന്നിവരെ ആലോചിച്ചു. അതിനും ശേഷമാണ് മുഖ്യമന്ത്രിപദം ഛന്നിയെ തേടിയെത്തിയത്.

ADVERTISEMENT

∙ ഛന്നി വന്നു, ചരിത്രം വഴിമാറി

പഞ്ചാബിലെ ആദ്യ ദലിത് സിഖ് മുഖ്യമന്ത്രിയാണു ഛന്നി. എതിരാളികളെപ്പോലും അമ്പരപ്പിക്കുന്ന വേഗത്തിലാണു സംസ്ഥാനത്തു ഛന്നി സ്വാധീനമുണ്ടാക്കിയത്. മണ്ണിന്റെ മകൻ എന്ന നിലയിലും സൗജന്യ വൈദ്യുതി, സ്ഥിരം തൊഴിൽ, പട്ടയം എന്നീ കാര്യങ്ങൾ വാഗ്ദാനം ചെയ്തും ഛന്നി ജനപ്രിയനായി. എന്നാൽ, കോൺഗ്രസിനുള്ളിലെ കടുത്ത തമ്മിലടി തിരഞ്ഞെടുപ്പ് പ്രചാരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഒരു വിഭാഗം നേതാക്കളാകട്ടെ പാർട്ടിവിട്ട് അമരിന്ദർ– ബിജെപി സഖ്യത്തിൽ ചേരാനുള്ള നീക്കത്തിലാണ്. നില ഭദ്രമാക്കുന്നതിന്റെ ഭാഗമായി ഇടതുപക്ഷവുമായും കോൺഗ്രസ് സഖ്യമുണ്ടാക്കിയേക്കുമെന്നു സൂചനയുണ്ട്.

ഛന്നിയെ മുൻനിർത്തി പഞ്ചാബിൽ ഭരണത്തുടർച്ച നേടണമെന്ന ആഗ്രഹത്തിലൂന്നിയാണു കോൺഗ്രസ് ഹൈക്കമാൻഡ് തന്ത്രമൊരുക്കുന്നത്. എന്നാൽ, ഹൈക്കമാൻഡിനെ കൂസാതെ തന്നിഷ്ടത്തിനു കാര്യങ്ങൾ നടത്തുകയാണു പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു. സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ, പ്രതിവർഷം 8 സൗജന്യ എൽപിജി സിലിണ്ടർ എന്നിവയാണു സിദ്ദുവിന്റെ പ്രധാന വാഗ്ദാനങ്ങൾ. അഞ്ചാംതരം പാസാകുന്ന പെൺകുട്ടികൾക്ക് 5,000 രൂപ തുടങ്ങി പ്ലസ്ടു പാസാകുന്നവർക്ക് 20,000 രൂപ വരെ സമ്മാനമായി നൽകുമെന്നും പ്രഖ്യാപിച്ചു.

കോളജിൽ പോകുന്ന വിദ്യാർഥികൾക്ക് ഇരുചക്ര വാഹനം, വിദേശത്തു പോകുന്ന വിദ്യാർഥികൾക്ക് ടാബ്‌ലറ്റ്, വനിതാ സംരംഭകർക്ക് 2 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം എന്നിവയും സിദ്ദു വാഗ്ദാനം ചെയ്തു. അപ്രതീക്ഷിതമായതിനാൽ സിദ്ദുവിന്റെ പ്രഖ്യാപനം കോൺഗ്രസുകാരെയും അമ്പരപ്പിച്ചു. പ്രകടനപത്രികാ കമ്മിറ്റിയുടെ തലവൻ‌ പ്രതാപ് സിങ് ബജ്‌വ കരടുരൂപം പോലും തയാറാക്കുന്നതിനു മുൻപേയാണ് സിദ്ദു ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.

വനിതാ വോട്ടർമാരെ ആകർഷിക്കാൻ, 18 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് മാസംതോറും 1000 രൂപ നൽകുമെന്ന് എഎപി പ്രഖ്യാപിച്ചിരുന്നു. അതിനെ വെല്ലുന്ന നീക്കം നടത്തിയെന്നാണു സിദ്ദുവിന്റെ വിശ്വാസം. ദലിത് വോട്ട് സ്വന്തമാക്കാമെന്ന സ്വപ്നത്തിനു ഛന്നിയുടെ വരവ് മങ്ങലേൽപിച്ചെങ്കിലും മുന്നേറാമെന്ന പ്രതീക്ഷയിൽതന്നെയാണ് ആംആദ്മി പാർട്ടി. ദലിത് ഉപമുഖ്യമന്ത്രിയാണ് അകാലിദൾ–ബിഎസ്പി സഖ്യത്തിന്റെ വാഗ്ദാനം. ഭൂരിപക്ഷം ലഭിച്ചാൽ ദലിത് വിഭാഗത്തിൽനിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കുമെന്നു ബിജെപിയും മുൻപു പറഞ്ഞിട്ടുണ്ട്.

നവജ്യോത് സിങ് സിദ്ദു

ഇതേവരെ സമ്പന്ന ഭൂവുടമ വിഭാഗക്കാരായ ജാട്ട് സിഖുകാർക്കായിരുന്നു സംസ്ഥാന രാഷ്ട്രീയത്തിൽ മേൽക്കൈ. പ്രായം ചെന്ന രണ്ടു പാർട്ടികളുടെ പോരാട്ടമാണു ദീർഘകാലമായി സംസ്ഥാനം കണ്ടിരുന്നത്. 135 വർഷമായ കോൺഗ്രസും 101 വർഷമായ അകാലിദളും. രണ്ടു ധ്രുവങ്ങളിലായി നിറഞ്ഞുനിന്ന അമരിന്ദർ സിങ് (79), പ്രകാശ് സിങ് ബാദൽ (94) എന്നീ രണ്ടു മുൻ മുഖ്യമന്ത്രിമാരുടെയും നിറംമങ്ങി. ഇത്തവണ ചതുഷ്കോണ മത്സരത്തിനാണു പഞ്ചാബ് ഒരുങ്ങുന്നത്. കോൺഗ്രസ്, അകാലിദൾ– ബിഎസ്പി സഖ്യം, ആംആദ്മി പാർട്ടി, ബിജെപി– പഞ്ചാബ് ലോക് കോൺഗ്രസ് എന്നിവയാണ് ഏറ്റുമുട്ടുക.

∙ വിത്തും കൈക്കോട്ടുമായി കർഷകർ

ഇതിനിടെ കേന്ദ്രം കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്കെതിരായ സമരം വിജയിച്ചതിന്റെ ആവേശത്തിലാണു കർഷകർ. വിജയാരവം ആവർത്തിക്കാനുറച്ച്, പഞ്ചാബ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 22 കർഷക സംഘടനകളുടെ സഖ്യം തീരുമാനിച്ചു. കർഷക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷത്തോളം സമരം ചെയ്ത 32 സംഘടനകളിൽ 22 എണ്ണമാണു സംയുക്ത സമാജ് മോർച്ച രൂപീകരിച്ചത്. മത്സരിക്കാനുള്ള തീരുമാനത്തിന് 3 സംഘടനകൾ കൂടി പിന്തുണയും നൽകിയിട്ടുണ്ട്.

സമരം ചെയ്തിരുന്ന കർഷകരുടെ വിജയാവേശം.

ഭാരതീയ കിസാൻ യൂണിയൻ നേതാവ് ബൽബീർ സിങ് റെജേവാളിന്റെ നേതൃത്വത്തിൽ 117 സീറ്റിലും മത്സരിക്കാനാണു തീരുമാനം. സമരത്തിനു നേതൃത്വം കൊടുത്ത സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) സംസ്ഥാനത്തെ ഏറ്റവും വലിയ കർഷക സംഘടനയായ ഭാരതി കിസാൻ യൂണിയനും മത്സരിക്കില്ലെന്ന അറിയിച്ചു. അതേസമയം, തിരഞ്ഞെടുപ്പിൽ പോരാടാൻ കർഷകനേതാവ് ഗുർനാം സിങ് ചദുനി പുതിയ പാർട്ടി രൂപീകരിച്ചു. സംയുക്ത കിസാൻ മോർച്ചയിലെ പ്രമുഖ നേതാവായ ഗുർനാം, ഭാരതീയ കിസാൻ യൂണിയന്റെ ഹരിയാനയിലെ പ്രസിഡന്റാണ്.

കർഷകസമരം ഏറ്റവും ബാധിച്ചത് അകാലിദളിനെയും ബിജെപിയെയും ആയിരുന്നു. ഇരുപാർട്ടികൾക്കും സഖ്യം പിരിയേണ്ടിവന്നു. സമരം വിജയമായതോടെ രാഷ്ട്രീയ യോഗങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് കർഷകർ പിൻവലിച്ചിട്ടുണ്ട്. അതു പാർട്ടികൾക്ക്, പ്രത്യേകിച്ചും എൻഡിഎ മുന്നണിക്ക് വലിയ ആശ്വാസമാണ്. നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണു കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറായതെന്നാണു നിരീക്ഷണം. മണ്ണിൽ പൊന്ന് വിളയിക്കുമെന്ന നെഞ്ചുറപ്പുള്ളവരാണു പഞ്ചാബിലെ കർഷകർ. കാലവും കാലാവസ്ഥയും നോക്കി വിത്തുവിതയ്ക്കാൻ അറിയാമെന്നു കർഷകർ പറയുമ്പോൾ നെഞ്ചാളുന്നത് രാഷ്ട്രീയക്കാർക്കാണ്.

English Summary: Punjab Assembly Election 2022: Political parties ambitions and campaign strategies