മഞ്ഞുരുക്കം വർധിക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗതം, പ്രധാനമായും ചരക്കു കപ്പലുകൾ, വർധിക്കും. അതിനൊപ്പമാണ് ഈ മേഖലയിൽ കൂടുതലായി പര്യവേഷണങ്ങൾ നടക്കാൻ സാധ്യതയുണ്ട് എന്ന ഭീഷണിയും. ആര്‍ട്ടിക് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം പടിപടിയായി വർധിക്കാനിടയുണ്ടെന്നും കണക്കാക്കാക്കപ്പെടുന്നു. അതായത്, കാലാവസ്ഥാ വ്യതിയാനവും റഷ്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായകമായേക്കാൻ സാധ്യതയുണ്ട്...Ukraine . Russia

മഞ്ഞുരുക്കം വർധിക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗതം, പ്രധാനമായും ചരക്കു കപ്പലുകൾ, വർധിക്കും. അതിനൊപ്പമാണ് ഈ മേഖലയിൽ കൂടുതലായി പര്യവേഷണങ്ങൾ നടക്കാൻ സാധ്യതയുണ്ട് എന്ന ഭീഷണിയും. ആര്‍ട്ടിക് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം പടിപടിയായി വർധിക്കാനിടയുണ്ടെന്നും കണക്കാക്കാക്കപ്പെടുന്നു. അതായത്, കാലാവസ്ഥാ വ്യതിയാനവും റഷ്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായകമായേക്കാൻ സാധ്യതയുണ്ട്...Ukraine . Russia

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞുരുക്കം വർധിക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗതം, പ്രധാനമായും ചരക്കു കപ്പലുകൾ, വർധിക്കും. അതിനൊപ്പമാണ് ഈ മേഖലയിൽ കൂടുതലായി പര്യവേഷണങ്ങൾ നടക്കാൻ സാധ്യതയുണ്ട് എന്ന ഭീഷണിയും. ആര്‍ട്ടിക് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം പടിപടിയായി വർധിക്കാനിടയുണ്ടെന്നും കണക്കാക്കാക്കപ്പെടുന്നു. അതായത്, കാലാവസ്ഥാ വ്യതിയാനവും റഷ്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായകമായേക്കാൻ സാധ്യതയുണ്ട്...Ukraine . Russia

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർട്ടിക് സമുദ്രാതിർത്തി പങ്കിടുന്ന ഫിൻലൻഡും സ്വീഡനും– ഇതിൽ ഫിൻലൻഡ് 1300 കി.മീ. കര അതിർത്തി റഷ്യയുമായി പങ്കിടുന്നു – നാറ്റോ അംഗത്വത്തിനു തയാറെടുക്കുന്നതിനു മുമ്പു തന്നെ വലിയ തോതിലുള്ള സംഘർഷ മേഖലയാണ് ബാൾട്ടിക് സമുദ്ര തീരത്തുള്ള പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളായ എസ്തോണിയ, ലാത്വിയ, ലിത്വേനിയ എന്നിവ. ഇവ റഷ്യയുമായി അതിർത്തി പങ്കുവയ്ക്കുന്നവയാണ്. പോളണ്ടിന്റെയും ലിത്വേനിയയുടെയും ഇടയ്ക്ക് ബാൾട്ടിക്കിലേക്കു തുറക്കുന്ന കാലിനങ്‍ഗ്രാഡ് എന്ന ചെറുപ്രദേശം ഒഴിച്ചാൽ ഈ നാലു രാജ്യങ്ങളും ഇതിനകം നാറ്റോയിൽ അംഗങ്ങളാണ്. അതായത്, ഇവിടെയെല്ലാം നാറ്റോയുടെയും അമേരിക്കയുടെയും സൈന്യമുണ്ട്. കരിങ്കടലിന്റെ തീരത്തുള്ള യുക്രെയ്ൻ, ജോർജിയ, തുർക്കി, ബൾഗേറിയ, റൊമാനിയ എന്നിവയിൽ യുക്രെയ്നും ജോർജിയയും ഒഴിച്ചുള്ളവ നാറ്റോ അംഗങ്ങളാണ്. റഷ്യൻ ഭീഷണിയെ നേരിടാന്‍ നാറ്റോ കിഴക്കൻ യൂറോപ്പ് കേന്ദ്രമാക്കി രൂപീകരിച്ചിരിക്കുന്ന സൈനിക പദ്ധതിയുടെ ആസ്ഥാനം റൊമാനിയയാണ്. മിസൈൽ പ്രതിരോധ സംവിധാനങ്ങളടക്കം ഇവിടെയുണ്ട്. ഇതിനു പുറമേ ബാൾട്ടിക് മേഖലയിലെ യൂറോപ്പിനെ സംരക്ഷിക്കാനായി പോളണ്ടിലും ഒരുക്കുന്ന സമാനമായ സംവിധാനം പൂർത്തിയായി വരികയാണ്. വടക്ക് ആർട്ടിക് മേഖലയിലാകട്ടെ, നോർവെ ഇതിനകം തന്നെ നാറ്റോയുടെയും അമേരിക്കയുടേയും പരീക്ഷണ ശാലയാണ്. ചുരുക്കത്തിൽ റഷ്യയ്ക്ക് തങ്ങളുടെ പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, വടക്ക്, വടക്ക് പടിഞ്ഞാറ് മേഖലകളിലേക്കു നോക്കിയാൽ കാണുക ‘ശത്രു’ക്കളായ അമേരിക്കയുടെയും നാറ്റോയുടെയും മുഖമാണ്. ഈ സാന്നിധ്യം ശക്തിപ്പെടുത്തുക എന്നതാണ് ഇടയ്ക്കിടെയുള്ള സൈനിക പരിപാടികളുടെ ലക്ഷ്യം. അതിലൊന്നായിരുന്നു 2021 ജൂണ്‍ 28 മുതൽ ജൂലൈ 10 വരെ നടന്ന ‘സീ ബ്രീസ് –21’ എന്ന കര, വ്യോമ, നാവിക അഭ്യാസം.

യുക്രെയ്നെ ‘നാറ്റോ സ്റ്റാൻഡേർഡി’ലേക്ക് കൊണ്ടുവരാനുള്ള സീ ബ്രീസ്

ADVERTISEMENT

1993 ൽ അമേരിക്കയും യുക്രെയ്നും തമ്മിലുണ്ടാക്കിയ കരാറിനെ തുടർന്ന് 1997 ൽ ആരംഭിച്ചതാണ് ‘സീ ബ്രീസ്’ എന്ന നാവികാഭ്യാസ പരിപാടി. അതായത്, സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു തൊട്ടുപിന്നാലെ. കരിങ്കടലിന് സമീപത്തുള്ള രാജ്യങ്ങൾ, നാറ്റോ അംഗങ്ങൾ തുടങ്ങിയവരാണ് ഇതിൽ പങ്കെടുക്കുക. അമേരിക്കയും യുക്രെയ്നും ചേർന്നാണ് ആതിഥ്യമരുളുന്നത്. കോവിഡ് കാരണം കാര്യമായി നടക്കാതിരുന്ന 2020 ലെ അഭ്യാസത്തിനു പകരം 2021 ലെ നാവികാഭ്യാസത്തിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 32 രാജ്യങ്ങളാണ് പങ്കെടുത്തത്. 5000 സൈനികർ, 18 സ്പെഷൽ ഫോഴ്സസ്, 32 കപ്പലുകൾ, 40 വിമാനളും ഹെലികോപ്റ്ററുകളും എന്നിവ പങ്കെടുത്ത, കരിങ്കടൽ തീരത്തു നടന്ന ഈ അഭ്യാസത്തിന് മറ്റൊരു ലക്ഷ്യവും കൂടി ഉണ്ടായിരുന്നു. യുക്രെയ്നെ ‘നാറ്റോ സ്റ്റാൻഡേർഡി’ലേക്ക് കൊണ്ടുവരിക എന്നതായിരുന്നു അത്. നാറ്റോയിൽ അംഗമാകാനുള്ള ആഗ്രഹം യുക്രെയ്ൻ പരസ്യമായി പ്രകടിപ്പിക്കുകയും അതിനായുള്ള കരുക്കൾ നീക്കിത്തുടങ്ങുകയും ചെയ്തിരുന്നു. കരിങ്കടലിന്റെ തീരത്തു കിടക്കുന്ന റഷ്യ പക്ഷേ, ഈ അഭ്യാസത്തിലില്ല എന്നതാണ് ശ്രദ്ധേയം. 1998–ല്‍ മാത്രമാണ് റഷ്യ ഇതിൽ പങ്കെടുത്തത്. അതായത്, റഷ്യയുടെ അതിർത്തിയിൽ ശീതയുദ്ധകാലത്തെ എതിരാളികളെല്ലാം ചേർന്ന് ആ ദശകത്തിലെ തന്നെ ഏറ്റവും വലിയ സൈനികാഭ്യാസം നടത്തുന്നു, അതിന് വേദിയാക്കുന്നത് തങ്ങളുടെ തൊട്ടയൽരാജ്യവും.

പ്രതീകാത്മക ചിത്രം. (Photo - Shutterstock / M-SUR)

ഈ പരിപാടി സസൂക്ഷ്മം വീക്ഷിച്ചിരുന്ന റഷ്യ ഇടയ്ക്കിടെ കൊമ്പു കോർത്ത കാര്യമാണ് ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് പറഞ്ഞത്. എന്നാൽ നാവികാഭ്യാസത്തിനൊടുവിൽ അമേരിക്കൻ സൈനിക നേതൃത്വം വ്യക്തമാക്കിയത് ഇതിൽ റഷ്യയ്ക്ക് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വളരെ പ്രഫഷനലും സുതാര്യവുമായാണ് നാവികാഭ്യാസം നടത്തിയത് എന്നുമാണ്. കരിങ്കടൽ മേഖലയുടെ ‘സുരക്ഷിതത്വം ഉറപ്പാക്കാ’നാണ് തങ്ങളുടെ ഉദ്യമമെന്നും തുടർന്നും ഇക്കാര്യവുമായി മുന്നോട്ടു പോകുമെന്നും യു.എസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാെല ഒക്ടോബറിലായിരുന്നു അമേരിക്കൻ‌ പ്രതിരോധ സെക്രട്ടറിയുടെ യുക്രെയ്ൻ സന്ദർശനം. രണ്ടു മാസത്തിനുള്ളിൽ യുക്രെയ്ൻ അതിർത്തിയിലേക്ക് സൈന്യത്തെ അയച്ച റഷ്യ ൈവകാതെ യുദ്ധവും പ്രഖ്യാപിച്ചു.

ആ വർഷം ഏപ്രിലിൽ റഷ്യ ക്രൈമിയ മേഖലയിൽ അസാധാരണമായ ഒരു സൈനികാഭ്യാസം നടത്തിയിരുന്നു. അവരുടെ കരിങ്കടൽ നാവിക വ്യൂഹമായിരുന്നു അതിനു പിന്നിൽ. 10,000 സൈനികരും 40 പടക്കപ്പലുകളും അടങ്ങിയതായിരുന്നു സൈനികാഭ്യാസം. 2014 ൽ യുക്രെയ്നിൽനിന്ന് റഷ്യ പിടിച്ചെടുത്തതായിരുന്നു ക്രൈമിയ. അതുവരെ യുക്രെയ്ന്റെ ഏറ്റവും വലിയ നാവിക താവളവും ഇവിടെയായിരുന്നു. അസോവ് കടലിലേക്കും അവിടെനിന്ന് കരിങ്കടലിലേക്കും മെഡിറ്ററേനിയൻ മേഖലയിലേക്കും റഷ്യൻ ഭീഷണി കൂടാതെ പോകാനും വരാനും ക്രൈമിയ ഉണ്ടായിരുന്ന കാലത്ത് യുക്രെയ്ന് കഴിഞ്ഞിരുന്നു. അത് റഷ്യ പിടിച്ചെടുത്തതോടെ കരിങ്കടൽ തീരത്തുള്ള ഒഡേസയെയായിരുന്നു യുക്രെയ്ൻ ആശ്രയിച്ചിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു യുക്രെയ്ൻ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതും പലപ്പോഴും നാറ്റോ രാജ്യങ്ങളുടെ കപ്പലുകൾ ഉപയോഗിക്കുന്നതും ഇവിടമാണ്. ക്രൈമിയയിൽനിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒഡേസയും ഇപ്പോൾ റഷ്യ പിടിച്ചെടുക്കാൻ പോവുന്നു എന്നാണ് റിപ്പോർട്ടുകൾ. ഒഡേസയെ ‘തടവിലാക്കി’യതോടെ യുക്രെയ്നിൽ നിന്നുള്ള കയറ്റുമതി നിലച്ചെന്നും രണ്ടു മാസത്തിനുള്ളിൽ ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ ലോകം പട്ടിണിയിലാകാൻ പോകുന്നു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഒഡേസ കൂടി പോകുന്നതോടെ പുറത്തേക്ക് കടക്കാൻ മറ്റു രാജ്യങ്ങളിൽ കൂടി കരമാർഗം കടന്നു പോകേണ്ടി വരും യുക്രെയ്നിന്. ഒരർഥത്തിൽ കരിങ്കടലിൽ റഷ്യൻ ആധിപത്യം പൂർണമാകുകയും ചെയ്യും ഈ കാര്യങ്ങൾ സംഭവിച്ചാൽ.

എന്തിനാണ് നാറ്റോയിൽ കയറാനുള്ള ‘തിരക്കി’നു പിന്നിൽ?

ADVERTISEMENT

രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടെ സോവിയറ്റ് യൂണിയന്റെ ഭീഷണിയെ നേരിടാൻ അമേരിക്കയുടെയും ചില യൂറോപ്യൻ രാജ്യങ്ങളുടെയും നേതൃത്വത്തില്‍ 1949 ഏപ്രിൽ നാലിന് ഒപ്പുവച്ചതാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്‍ എന്ന നാറ്റോ. ഇതിലെ ആർട്ടിക്കിൾ അഞ്ച് അനുസരിച്ച് ഏതെങ്കിലും അംഗരാജ്യം ആക്രമിക്കപ്പെട്ടാൽ അത് എല്ലാ അംഗരാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുകയും സൈനിക നടപടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആക്രമിക്കപ്പെട്ട രാജ്യത്തെ സഹായിക്കുകയും വേണം. നാറ്റോയിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഇതായതു കൊണ്ടുതന്നെ ശക്തി കുറഞ്ഞ രാജ്യങ്ങളും സൈനിക സഹായം ആവശ്യമുള്ളവയുമെല്ലാം ഒരു ബലത്തിനായാണ് നാറ്റോയെ ആശ്രയിക്കുന്നത്. നാറ്റോ അംഗമല്ലാത്ത ഒരു രാജ്യത്തുണ്ടാകുന്ന പ്രശ്നത്തിൽ സൈനികമായി ഇടപെടാൻ പാടില്ല എന്നും സംഘടനയുടെ നിബന്ധനയിൽ പറയുന്നു എന്നതു െകാണ്ടാണ് അംഗമല്ലാത്ത യുക്രെയ്നെ സഹായിക്കാൻ നാറ്റോ ഇടപെടാത്തത്. എന്നാൽ അംഗരാജ്യങ്ങൾ ആയുധമടക്കം എല്ലാ സന്നാഹങ്ങളും ഒരുക്കി നൽകുന്നുമുണ്ട്.

സ്ലൊവാക്യയിൽ നാറ്റോ സൈന്യം. ചിത്രം: AFP

നാറ്റോ അവകാശപ്പെടുന്നത് യുക്രെയ്നിന്റെ ഭാഗമായിരുന്ന ക്രൈമിയ 2014 ൽ റഷ്യ അനധികൃതമായി പിടിച്ചെടുക്കുന്നതിനു മുമ്പ് യൂറോപ്പിന്റെ കിഴക്കൻ മേഖലയിൽ സൈനിക വിന്യാസം നടത്താൻ തങ്ങൾക്ക് യാതൊരു പദ്ധതിയുമുണ്ടായിരുന്നില്ല എന്നാണ്. 2016 ൽ വാഴ്സോയിൽ നടന്ന നാറ്റോ ഉച്ചകോടിയാണ്, നിലനിൽക്കുന്ന അസ്ഥിരതയും അരക്ഷിതാവസ്ഥയും പരിഗണിച്ച് നാറ്റോയുടെ സൈനിക സാന്നിധ്യം സഖ്യത്തിന്റെ കിഴക്കും തെക്കു കിഴക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത് എന്നും നാറ്റോ പറയുന്നു.

ഇതനുസരിച്ച് 2017 ൽ എസ്തോണിയ, ലാത്വിയ, ലിത്വേനിയ, പോളണ്ട് എന്നിവിടങ്ങളിൽ നാല് സൈനിക താവളങ്ങൾ രൂപീകരിക്കപ്പെട്ടു. തുടർന്ന് കാനഡ, ജർമനി, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ മറ്റ് നാറ്റോ രാജ്യങ്ങളെ അണിനിരത്തി ഈ രാജ്യങ്ങളിൽ സൈനിക താവളം രൂപീകരിച്ചു. ലാത്വിയയില്‍ കാനഡയുടെ നേതൃത്വത്തിലുള്ള സൈനികവ്യൂഹത്തിൽ അൽബേനിയ, ചെക്ക് റിപ്പബ്ലിക്, ഐസ്‌ലാൻഡ്, ഇറ്റലി, മോണ്ടിനെഗ്രോ, പോളണ്ട്, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള സൈനികരാണുള്ളത്. ബൽജിയം, ചെക്ക് റിപ്പബ്ലിക്, ഐസ്‍ലാൻഡ്, ലക്സംബർഗ്, നെതർലൻഡ്സ്, നോർവെ എന്നിവ ജർമനിയുടെ നേതൃത്വത്തിൽ ലിത്വേനിയയിൽ നാറ്റോ സൈനിക വ്യൂഹം ഒരുക്കിയിരിക്കുന്നു. എസ്തോണിയയിൽ യു.കെയുടെ നേതൃത്വത്തിലുള്ള സൈനിക വ്യൂഹത്തിൽ ഡെന്മാർക്ക്, ഫ്രാൻസ്, ഐസ്‍ലാൻഡ് എന്നിവയും പോളണ്ടിൽ യു.എസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ക്രൊയേഷ്യ, റൊമാനിയ, യുകെ എന്നിവയുമാണുള്ളത്.

അമേരിക്കയ്ക്ക് വീണുകിട്ടിയ അവസരം

ADVERTISEMENT

യൂറോപ്പിന്റെ കിഴക്കൻ മേഖലയിലുള്ള അമേരിക്കയുടെയും നാറ്റോയുടെയും സൈനിക വിന്യാസം മുഴുവൻ റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായാണ്. ഈ മേഖലയിലെ സൈനിക നിരീക്ഷണം, വിന്യാസം എന്നിവയൊക്കെ നിയന്ത്രിക്കുന്ന ഡിവിഷനൽ ഹെഡ്ക്വാർ‌ട്ടറുകളിൽ ഭൂരിഭാഗവും പോളണ്ടിലാണ്. ഇതാകട്ടെ, നാലു വർ‌ഷം മുൻപു തന്നെ നാറ്റോ വികസിപ്പിച്ചിട്ടുള്ളതാണ്. റഷ്യ അതിപ്രധാനമായി കാണുന്ന ബാൾട്ടിക് സമുദ്ര മേഖലയിലാണ് ഈ ‘എൻ‌ഹാൻസ്ഡ് ഫോർവേഡ് പ്രസൻസ്’ രൂപീകരിച്ചിട്ടുള്ളത്. ഇതിന് അനുസ‍‌ൃതമായാണ് യൂറോപ്പിൽ ക്രൊയേഷ്യ, റൊമേനിയ തുടങ്ങിയ രാജ്യങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലയിലെ സാന്നിധ്യവും. ഇതാകട്ടെ, 2016 യിൽ വാഴ്സോയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽത്തന്നെ തീരുമാനിച്ചതുമാണ്.

അതുപോലെയാണ് റഷ്യയുമായി അതിർത്തി പങ്കിടാത്ത, എന്നാൽ റഷ്യൻ ‘ഭീഷണി’യുണ്ടെന്ന് പറയപ്പെടുന്ന ഈ മേഖലയിൽ ‘ടെയ്‍ലേർഡ് ഫോർവേ‍ഡ് പ്രസൻസ്’ ഉള്ളത്. കിഴക്കൻ രാജ്യങ്ങളിലുള്ള സൈനിക താവളങ്ങളേക്കാൾ എണ്ണത്തിൽ കുറവും മറ്റുമായിരിക്കും ഈ സംവിധാനത്തിൽ. എന്നാൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോടെ, ഇക്കഴിഞ്ഞ മാർച്ചിൽ ബ്രസൽസില്‍ വച്ചു നടന്ന നാറ്റോ ഉച്ചകോടി ബൾഗേറിയ, ഹംഗറി, റൊമാനിയ, സ്ലൊവാക്യ എന്നിവിടങ്ങളിൽ നാല് സൈനിക താവളങ്ങൾ കൂടി തുറക്കാൻ തീരുമാനിച്ചിരുന്നു.

റഷ്യ എവിടെത്തിരിഞ്ഞാലും നാറ്റോ, അമേരിക്കൻ സൈന്യം

അമേരിക്കയുടെ 74,000 സൈനികർ വിവിധ യൂറോപ്യൻ രാജ്യങ്ങളിലായുണ്ടെന്നാണ് യു.എസ് കോൺഗ്രഷ്ണൽ റിസർച്ച് സർവീസിന്റെ കണക്ക്. എന്നാൽ ഇവർ മുഴുവനും ആക്ടീവല്ല. ഇതിൽ ജർമനിയിലാണ് 36,000 സൈനികരുള്ളത്. ഇറ്റലിയിൽ 12,000, ബ്രിട്ടനിൽ 9,000, സ്പെയിനിൽ 3,000, തുർക്കിയിൽ 1600 എന്നിങ്ങനെയും സൈനികരുണ്ട്. നാറ്റോ സേനയുടെ ഭാഗമായാണ് ഇവരെ ഇവിടെ വിന്യസിച്ചിട്ടുള്ളത്.

പോളണ്ടിൽ നാറ്റോയുടെ 1200 സൈനികരും അമേരിക്കയുടെ 5700 സൈനികരുമുണ്ട്. ലിത്വേനിയയിൽ നാറ്റയുെട 1200 പേരും അമേരിക്കയുടെ 450 പേരുമുണ്ട്. എസ്തോണിയയിൽ നാറ്റോയ്ക്കുള്ളത് 1200 പേരാണ്. ലാത്വിയയിലും സമാനമാണ് നാറ്റോ സൈന്യം. റൊമാനിയയിൽ 900 യുഎസ് സൈനികരുമുണ്ട്.

NEW YORK, NY - FEBRUARY 19: People hold signs and participate in a protest in Grand Central Station in the borough of Manhattan against war in Ukraine on February 19, 2022 in New York City. A coalition of antiwar, environmental, free speech, human rights and veterans groups joined forces to demonstrate against US/NATO war with Russia in Ukraine. Stephanie Keith/Getty Images/AFP (Photo by STEPHANIE KEITH / GETTY IMAGES NORTH AMERICA / Getty Images via AFP)

ബാൾക്കൻ രാജ്യങ്ങളിലും നാറ്റോ താവളങ്ങളുണ്ട്. കൊസോവോയിൽ 3500 ൈസനികരെ സമാധാന ദൗത്യത്തിന്റെ ഭാഗമായി നിലനിർത്തിയിട്ടുണ്ട്. മിക്ക ചെറിയ ബാൾക്കൻ രാജ്യങ്ങളുടെയും വ്യോമമേഖല സംരക്ഷിക്കുന്നതും നാറ്റോ ആണ്. സ്ലൊവേനിയയുടെ വ്യോമാതിർത്തി ഹംഗറിയും ഇറ്റലിയും ചേർന്നും അൽബേനിയയുടെയും മോണ്ടിനെഗ്രോയുടെയും ഗ്രീസും ഇറ്റലിയും ചേർന്നും വടക്കന്‍ മാസിഡോണിയ ഇറ്റലിയും സംരക്ഷിക്കുന്നു.

റൊമാനിയയുടെ കരിങ്കടൽ തീരമേഖലയിലും ലിത്വേനിയ, ലാത്വിയ എന്നിവയുടെ അതിർത്തി മേഖലയിലും നാറ്റോയുടെ വ്യോമ സംവിധാനങ്ങളുണ്ട്. റൊമാനിയയുടെ കിഴക്ക് കരിങ്കടൽ തീരം – ഇത് യുക്രെയ്നിന്റെ ഒഡേസ തുറമുഖ മേഖല തന്നെയാണ് – യുക്രെയ്ൻ അതിർത്തിയോട് ചേർന്ന സ്ഥലം മുതൽ നാലിടത്താണ് പോളണ്ടിൽ അമേരിക്കൻ സൈനികരുള്ളത്. അതുപോലെ റഷ്യയുടെ സഖ്യരാജ്യമായ ബലാറസ് അതിർത്തിയോട് ചേർന്ന് ലിത്വേനിയയിലും അമേരിക്കൻ സൈന്യമുണ്ട്.

എസ്തോണിയയിലും ലാത്വിയയിലും ലിത്വേനിയയുടെയും പോളണ്ടിന്റെയും ഇടയ്ക്കുള്ള റഷ്യന്‍ അധീന പ്രദേശമായ കാലിനങ്‍ഗ്രാഡിനോടു ചേർന്നും നാറ്റോ സൈനിക താവളങ്ങളും അവരുടെ സൈന്യവും സ്ഥിരമായി ഉണ്ട്. റൊമാനിയയിലും നാറ്റോയുടെ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനവും നിലവിലുണ്ട്. പോളണ്ടിലുള്ള മിസൈൽ‌ പ്രതിരോധ സംവിധാനം പൂർത്തിയായി വരുന്നു.

പോളണ്ടിനെക്കുറിച്ച് മിണ്ടാം

മിസൈൽ പ്രതിരോധ സംവിധാനം പോളണ്ടിൽ വിന്യസിക്കാനാണ് അമേരിക്ക ഒരുങ്ങുന്നതെങ്കിൽ തങ്ങൾ കാലിനങ്‍ഗ്രാഡിൽ ആണവായുധങ്ങൾ വിന്യസിക്കേണ്ടി വരുമെന്ന് റഷ്യ 2007 ൽ വ്യക്തമാക്കിയിരുന്നു. തങ്ങൾ കാലിനങ്‍ഗ്രാഡിൽ മിസൈൽ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം ഏറെക്കുറെ ഉറപ്പാണെന്ന് അടുത്ത വർഷം റഷ്യ ആവർത്തിച്ചു. എന്നാൽ അടുത്ത വർഷത്തോടെ ഈ പദ്ധതി വേണ്ടെന്നു വച്ചെങ്കിലും 2016 ൽ റഷ്യ തങ്ങളുടെ ഇസ്കന്ദർ‌ ആണവ മിസൈലുകൾ അവിടെ സ്ഥാപിക്കുക തന്നെ ചെയ്തു. ഇത് പതിവ് സൈനികാഭ്യാസത്തിന്റെ ഭാഗമായുള്ളതാണെന്നും മുമ്പും ഉണ്ടായിട്ടുണ്ടെന്നും റഷ്യ പറഞ്ഞങ്കിലും യൂറോപ്യൻ രാജ്യങ്ങളും നാറ്റോയും ആശങ്ക രേഖപ്പെടുത്തിയിരുന്നു. തുടർന്ന് അമേരിക്കയും ഇവിടെ മിസൈൽ പ്രതിരോധ സംവിധാനം തുടങ്ങുകയും ഇത് പൂർത്തിയായി വരികയുമാണ്.

പോളണ്ടിലേക്ക് എത്തുന്ന യുക്രെയ്ൻ അഭയാർഥികൾ.

രണ്ടാം ലോകമഹായുദ്ധക്കാലത്ത് സോവിയറ്റ് യൂണിയൻ ജർമനിയിൽനിന്ന് പിടിച്ചെടുത്ത സ്ഥലമാണ് കാലിനങ്‍ഗ്രാഡ്. (തത്വചിന്തകനായ ഇമ്മാനുവൽ കാന്റ് ജീവിച്ചതും 1804 ൽ മരിച്ചതും ഇവിടെയാണ്). ലിത്വേനിയയോ പോളണ്ടോ വഴി മാത്രമേ കരമാർഗം റഷ്യയ്ക്ക് ഇവിടെ എത്താൻ കഴിയൂ. എന്നാൽ ബാൾട്ടിക്ക് സമുദ്രത്തിലൂടെയുള്ള റഷ്യയുടെ പ്രധാന കവാടങ്ങളിലൊന്നു കൂടിയാണിത്. ഇവിടെ റഷ്യയുടെ കടന്നുകയറ്റം ഉണ്ടാകുന്നുണ്ടോ എന്നറിയാൻ പോളണ്ട് നിരീക്ഷണ ഗോപുരങ്ങൾ പണിയുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

നോർവെ, എസ്തോണിയ, ലാത്വിയ, ലിത്വേനിയ, പോളണ്ട് എന്നിങ്ങനെ തങ്ങളുടെ പടിഞ്ഞാറൻ മേഖലയിൽ റഷ്യ അതിർത്തി പങ്കു വയ്ക്കുന്ന രാജ്യങ്ങളിൽ അഞ്ചെണ്ണവും നാറ്റോ അംഗങ്ങളാണ്. ഫിൻലൻഡ്, ബെലാറസ്, യുക്രെയ്ൻ, ജോർജിയ, അസർബൈജാൻ എന്നിവയുമായും റഷ്യ അതിർത്തി പങ്കിടുന്നു. ഇതിൽ ഫിൻലന്‍ഡ് ആണ് ഇപ്പോൾ നാറ്റോയുടെ വാതിലിൽ മുട്ടുന്നത്. ബെലാറസ് റഷ്യയുടെ സാമന്ത രാജ്യവും ജോർജിയ റഷ്യ പിടിച്ചടക്കിയ ശേഷം മോചിപ്പിച്ച രാജ്യവുമാണ്. പക്ഷേ അമേരിക്കയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള രാജ്യം കൂടിയാണിത്. കാരണം, റഷ്യയേയും ഇറാനെയും ഒഴിവാക്കി അസർബൈജാനിൽ നിന്നുള്ള ഇന്ധനം തുർക്കിയിലേക്കും അവിടെനിന്ന് യൂറോപ്പിലേക്കും കൊണ്ടുവരണമെങ്കിൽ ഇടയ്ക്ക് ജോർജിയ ഉണ്ടാവണം. അസർബൈജാനിലെ ബാകുവിൽ നിന്ന് ജോർജിയയിലെ തബിലിസി വഴിയാണ് തുർക്കിയിലെ സീഹാനിലേക്ക് പൈപ്പ്‍ലൈൻ നീളുന്നത് എന്നതാണ് അമേരിക്കയുടെ ജോർജിയൻ പ്രേമത്തിനു പിന്നിൽ.

2004 ലാണ് എസ്തോണിയ, ലാത്വിയ, ലിത്വേനിയ എന്നീ ബാൾട്ടിക് രാജ്യങ്ങൾ നാറ്റോയില്‍ അംഗമാകുന്നത്. ഹംഗറിക്കും ചെക്ക് റിപ്പബ്ലിക്കിനുമൊപ്പം പോളണ്ടും 1999 ൽ അംഗമായി. 1997 മുതൽ നാറ്റോയിൽ അംഗമാകാൻ ഇവർക്ക് ക്ഷണമുണ്ടായിരുന്നു. ഇതിനു പുറമെ കസഖ്സ്ഥാൻ, ചൈന, മംഗോളിയ, വടക്കൻ കൊറിയ എന്നിങ്ങനെ റഷ്യയുടെ തെക്കു പടിഞ്ഞാറൻ മേഖലയിൽ അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമുണ്ട്. അമേരിക്കയും ജപ്പാനും സ്വീഡനുമായി സമുദ്രാതിർത്തിയും റഷ്യ പങ്കിടുന്നുണ്ട്. നോർവെയുമായി ആർട്ടിക്കിൽ സമുദ്രാതിർത്തിയും പങ്കിടുന്നുണ്ട്. ദക്ഷിണ കൊറിയയാണ് ഏഷ്യയിൽ നിന്ന് നാറ്റോയിൽ അംഗമായ ഏക രാജ്യം. ‌30 അംഗരാജ്യങ്ങളിൽ 27 എണ്ണവും പ്രധാനമായി യൂറോപ്പിലുള്ളതാണ്. ബാക്കിയുള്ളത് യുഎസും കാനഡയും.

റഷ്യ പറയുന്നതിലും ന്യായമില്ലേ?

റഷ്യ ആവർത്തിച്ചു പറയുന്ന കാര്യങ്ങളിലൊന്നാണ് 1990 ഫെബ്രുവരി ഒമ്പതിന് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന മിഖായേൽ ഗോർബച്ചേവിന് യുഎസ് വിദേശകാര്യ സെക്രട്ടറി ജയിംസ് ബേക്കർ നല്‍കിയ ഉറപ്പ്. ‘നാറ്റോ ഒരിഞ്ച് കിഴക്കോട്ട് വികസിപ്പിക്കില്ല’ എന്നായിരുന്നുവത്രേ ആ ഉറപ്പ്. ഇതാണ് നിരന്തരമായി ലംഘിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് റഷ്യ ആരോപിക്കുന്നത്. ഇക്കഴിഞ്ഞ കാലയളവിലെല്ലാം റഷ്യ ആക്രമിക്കുകയോ പിടിച്ചെടുക്കുകയോ ഒക്കെ ചെയ്ത പ്രദേശങ്ങളുടെ കാര്യത്തിൽ ന്യായമായി പറയുന്നതും നാറ്റോയും അമേരിക്കയും പ്രത്യക്ഷമായും പരോക്ഷമായും തങ്ങളെ വലയം ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ്.

സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ സ്വതന്ത്രമായ റഷ്യൻ റിപ്പബ്ലിക്കുകളിൽ മിക്കതിലും അതിന്റെ തുടക്കം മുതൽ അമേരിക്കയുടെയും നാറ്റോയുടെയും സാന്നിധ്യമുണ്ട്. ശീതയുദ്ധക്കാലത്ത് പാശ്ചാത്യ ലോകം സോവിയറ്റ് യൂണിയനെ മുൻനിർത്തി നടപ്പാക്കിയ സൈനികനയം ശീതയുദ്ധത്തിനു ശേഷം കൂടുതൽ സജീവമാകുകയായിരുന്നു എന്നു കാണാം. അതായത്, നാറ്റോയും – അമേരിക്ക പ്രത്യേകമായും – ആർട്ടിക്കിലെ നോർവെ, ഐസ്‍ലാൻഡ്, ബാള്‍ട്ടിക്കിലെ എസ്തോണിയ, ലാത്വിയ, ലിത്വേനിയ, പോളണ്ട്, കരിങ്കടൽ മേഖലയിലെ ജോർജിയ, യുക്രെയ്ൻ, മോൾഡോവ, തൊട്ടടുത്തു കിടക്കുന്ന റൊമാനിയ ഒക്കെ കേന്ദ്രീകരിച്ച് റഷ്യക്കെതിരെ പടയൊരുക്കം നടത്തുന്നുണ്ട്. ഈ രാജ്യങ്ങളെ റഷ്യൻ ഭീഷണിയില്‍ നിന്ന് സംരക്ഷിക്കാനാണ് എന്നതാണ് ഇതിന്റെ ന്യായം.

എന്നാൽ റഷ്യ പറയുന്നത്, മറ്റു രാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കാൻ തങ്ങൾ തയാറാണ്, പക്ഷേ ആ രാജ്യങ്ങൾ തങ്ങളെ ആക്രമിക്കുന്നതിന് അമേരിക്കയുടെ ചട്ടുകമാകാൻ പാടില്ല എന്നതാണ്. റഷ്യക്ക് സ്വന്തം രാജ്യം സംരക്ഷിക്കേണ്ടതുണ്ട് എന്നതു കൊണ്ട് തന്നെ തങ്ങളെ ലക്ഷ്യമാക്കി അയൽരാജ്യങ്ങളിൽ പടയൊരുക്കം നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല എന്നും പറയുന്നു. 2014 ക്രൈമിയ പിടിച്ചെടുക്കുന്നതിലേക്കും ഇപ്പോൾ യുക്രെയ്നെ ആക്രമിക്കുന്നതിലേക്കും നയിച്ചത് ഇതാണെന്ന് റഷ്യ പറയുന്നു. നാറ്റോയില്‍ ചേരാൻ യുക്രെയ്ൻ ഉദ്യമിച്ചതാണ് ആക്രമണത്തിന്റെ പെട്ടെന്നുള്ള കാരണമെന്നും റഷ്യ വിശദീകരിക്കുന്നു. യുക്രെയ്ൻ–റഷ്യ സംഘർഷത്തിന് ചരിത്രപരമായ കാരണങ്ങളുണ്ടു താനും. ഈ കാര്യങ്ങൾ നിൽക്കുമ്പോൾ യുക്രെയ്നെ റഷ്യക്കെതിരായി തിരിയാനും നാറ്റോയ്ക്കായി വാതിൽ തുറക്കാനും പ്രേരിപ്പിച്ചവർ എവിടെ എന്ന ചോദ്യം പലരും ഉയർത്തിയിരുന്നു. ആക്രമണം തുടങ്ങി മൂന്നാം ദിവസമാണ് യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള അപേക്ഷ യുക്രെയ്ൻ നൽകുന്നത്.

യഥാർഥത്തിൽ യുക്രെയ്നെ നാറ്റോയുടെ ഭാഗമാക്കാനും അതുവഴി റഷ്യയിൽനിന്ന് ‘സംരക്ഷിക്കാ’നും അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും തീരുമാനിച്ചിരുന്നോ? ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം യൂറോപ്യൻ യൂണിയനെ അഭിസംബോധന ചെയ്തുകൊണ്ട് ഇമ്മാനുവൽ മാക്രോ പറഞ്ഞ വാക്കുകൾ ഇങ്ങനെ– ‘‘യുക്രെയ്നെ നാറ്റോയിൽ അംഗമാക്കുന്ന പരിപാടിക്ക് വർഷങ്ങൾ, ചിലപ്പോൾ നിരവധി ദശകങ്ങൾ വേണ്ടി വരുമെന്ന് നമുക്കെല്ലാം അറിയാം. അതാണ് വാസ്തവം. അല്ലെങ്കിൽ പുതുതായി രാജ്യങ്ങളെ ചേർക്കുന്നതിന് നിലവിലുള്ള ‘സ്റ്റാൻഡേർഡി’ൽ വെള്ളം ചേർക്കണം. അതുകൊണ്ട് യുക്രെയ്നെ പെട്ടെന്ന് യൂറോപ്യൻ യൂണിയനിൽ അംഗമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ മാറ്റുന്നതിനു പകരം ഒരു ‘സമാന്തര യൂറോപ്യൻ സമൂഹം’ രൂപീകരിക്കുന്ന കാര്യം ആലോചിക്കുകയാണ് വേണ്ടത്’’, അതായത്, പരമ്പരാഗത യൂറോപ്യൻ രാജ്യങ്ങളുടെ ഒപ്പം ചേർക്കാൻ മാത്രം നിലവാരമില്ലാത്ത യുക്രെയ്നെയും അതുപോലുള്ള രാജ്യങ്ങളെയും മറ്റൊരു സംഘം രൂപീകരിച്ച് അതിൽ ഉൾപ്പെടുത്തുകയും അങ്ങനെ യൂറോപ്യൻ ഐക്യം നിലനിർത്തുകയും ചെയ്യുക എന്നാണ് മാക്രോ പറഞ്ഞത്. യുക്രെയ്നെ തത്കാലം നാറ്റോയിൽ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് ജര്‍മനി ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. മുമ്പും യുക്രെയ്ന്റെ കാര്യം ഉയർന്നു വന്നപ്പോൾ റഷ്യയെ അത് പ്രകോപിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ജർമനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

യുദ്ധത്തിൽ യുക്രെയ്നു പിന്തുണ അറിയിച്ച് ഇറ്റലിയിലെ മതിലുകളിലൊന്നിൽ വരച്ചിരിക്കുന്ന ചുമർ ചിത്രം. ചിത്രം: Pau BARRENA / AFP

യുദ്ധം അവസാനിപ്പിക്കുന്നതിന് ശക്തരായ ഏതെങ്കിലും രാജ്യങ്ങളുടെ ഇടപെടൽ ഉണ്ടായാൽ സാധ്യമാകുന്ന ഒന്നല്ലേ? യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക നേരിട്ട് ഇടപെടുകയല്ല, മറിച്ച് ഓരോ സമയത്തും യുക്രെയ്ൻ വിഷയത്തിൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയും– അതും പ്രസിഡന്റ് ജോ ബൈ‍ഡൻ ഉൾപ്പെടെ–യുക്രെയ്ന് ആവശ്യമായ ആയുധങ്ങൾ എത്തിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതായത്, റഷ്യ–യുക്രെയ്ൻ യുദ്ധം നീണ്ടു പോകുന്തോറും അമേരിക്ക ലക്ഷ്യം വച്ച അജൻഡകൾ കൂടുതൽ‍ വിജയിക്കുകയാണെന്ന് അമേരിക്കൻ വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതിന്റെ ഉപോത്പന്നങ്ങളിലൊന്നാണ് ഇതുവരെ തുടർന്ന നിഷ്പക്ഷത ഉപേക്ഷിച്ച് നാറ്റോയിൽ ചേരാനുള്ള ഫിൻലൻ‍ഡിന്റെയും സ്വീഡന്റെയും തീരുമാനം.

റഷ്യ നടത്തിയ ‘ഇടപെടലുകൾ’

നാറ്റോയും അമേരിക്കയും ഒരറ്റം മുതൽ മറ്റേ അറ്റം വരെ റഷ്യയെ വളഞ്ഞു കൊണ്ടിരിക്കുമ്പോൾ ലോകത്തെ ഏറ്റവും ഭൂവിസ്തൃതിയുള്ള ഈ രാജ്യം അയൽരാജ്യങ്ങളെ പിടിച്ചു നിർത്താനും അതുവഴി സ്വന്തം സുരക്ഷ ഉറപ്പാക്കാനുമായി നിരന്തരമെന്നോണം സൈനിക ഇടപെടലുകൾ നടത്തുന്നുണ്ട്.

ജോര്‍ജിയ

ജോര്‍ജിയയുടെ കാര്യം തന്നെയെടുക്കാം. 1921 ൽ സോവിയറ്റ് യൂണിയൻ പിടിച്ചടക്കിയ ശേഷം 1980 കളുടെ ഒടുവിലാണ് ജോർജിയൻ ദേശീയ പ്രക്ഷോഭം ശക്തമാകുന്നതും സോവിയറ്റ് യൂണിയനിൽനിന്ന് വിട്ട് സ്വതന്ത്ര്യം പ്രഖ്യാപിക്കുന്നതും. എന്നാൽ 1992 ൽ റഷ്യ ആക്രമിക്കുകയും പിന്നീട് നടന്ന ഒത്തുതീർപ്പിൽ റഷ്യ‍ൻ സഹായത്തോടെ വിമതരായി മാറിയ സൗത്ത് ഒസേഷ്യ എന്ന പ്രദേശം സ്വയംഭരണ പ്രദേശമായി മാറുകയും ചെയ്തു. ഇവിടെ ഇപ്പോൾ റഷ്യയുടെ സ്ഥിരം സൈനിക സാന്നിധ്യമുണ്ട്. റഷ്യയും തുർക്കിയും അർമീനിയയും അസർബൈജാനും ചേർന്ന ഏറെ തന്ത്രപ്രധാന മേഖലയിലാണ് ജോർജിയയുടെ സ്ഥാനമെന്നതു കൊണ്ടു തന്നെ ജോർജിയ റഷ്യയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. കരിങ്കടൽ തീരത്ത് തുർക്കി അതിർത്തിയായുള്ള രാജ്യം എന്നതും പ്രധാനമായിരുന്നു. ഒടുവിൽ ഈ മേഖലയിലും ‘വിമത നീക്കങ്ങൾ’ ഉണ്ടായി. അബ്ഖാസിയ എന്നൊരു പുതിയ സ്വയംഭരണ പ്രദേശവും ഉടലെടുത്തു. സംഘർഷം രൂക്ഷമാവുകയും 2008 ൽ റഷ്യ ജോർജിയ ആക്രമിക്കുകയും ചെയ്തു. തുടർന്നുണ്ടായ വെടിനിർത്തലിനു ശേഷവും അബ്ഖാസിയയും സൗത്ത് ഒസേഷ്യയും റഷ്യൻ അംഗീകാരമുള്ള രാജ്യങ്ങളായി തുടരുന്നു. സൗത്ത് ഒസേഷ്യയിലിരുന്ന് റഷ്യ തങ്ങളുടേതായ രീതിയിൽ ജോര്‍ജിയയിൽ ഇടപെടുന്നു.

വ്ളാഡിമിർ പുടിന്റെ ചുമർ ചിത്രം. കരിങ്കടൽ നഗരമായ യാൾട്ടയിൽനിന്നുള്ള ദൃശ്യം. ഫോട്ടോ: MAX VETROV / AFP

യുക്രെയ്ൻ

യുക്രെയ്നെ ആക്രമിക്കുന്നതിനു മുമ്പ് 2014 ലാണ് റഷ്യ കരിങ്കടൽ തീരത്തുള്ള തുറമുഖ പട്ടണമായ ക്രൈമിയ ആക്രമിച്ച് തങ്ങളോട് ചേർത്തത്. കരിങ്കടലിൽ തങ്ങൾക്കുള്ള ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യവും യുക്രെയ്നും ഒപ്പം അമേരിക്ക–നാറ്റോ സഖ്യവും തങ്ങൾക്കെതിരെ നീങ്ങാൻ ക്രൈമിയ ഉപയോഗിക്കുന്നു എന്നതുമാണ് ഇവിടം പിടിച്ചെടുക്കാൻ വ്ലാഡിമിർ പുട്ടിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. 2014 മുതൽ തങ്ങൾ വളമിട്ട് വളര്‍ത്തുന്ന യുക്രെയ്ന്റെ കിഴക്കൻ മേഖലയായ ‍ഡോൺബാസ് (ഡോണെട്സ്ക്, ലുഹാൻസ്ക് എന്നീ പ്രദേശങ്ങൾ ചേർന്നത്), ഇപ്പോഴത്തെ യുദ്ധത്തിൽ റഷ്യൻ പിടിയിലായ തുറമുഖ നഗരം മരിയുപോൾ എന്നിവയും യുക്രെയ്ൻ സൈന്യം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ഖർക്കീവും ചേർന്ന് വലിയൊരു പ്രദേശം ഇപ്പോൾ തന്നെ റഷ്യൻ അധീനതയിലായിക്കഴിഞ്ഞു. ക്രൈമിയ പിടിച്ചെടുത്ത സാഹചര്യത്തിൽ മറ്റൊരു തുറമുഖ നഗരമായ ഒഡേസയും പൂർണമായി റഷ്യൻ നിയന്ത്രണത്തിലായേക്കും. ഇതോടെ സംഭവിക്കുക കരിങ്കടലിലേക്കുള്ള യുക്രെയ്ന്റെ കവാടങ്ങൾ പൂർണമായി അടയുക എന്നതാണ്. അതോടൊപ്പം, ചോളം, ഗോതമ്പ്, സൂര്യകാന്തി എണ്ണ തുടങ്ങി യുക്രെയ്ൻ കയറ്റുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ നീക്കവും പ്രതിസന്ധിയിലാവും.

മോൾഡോവ

യുക്രെയ്ൻ യുദ്ധത്തിൽ ഒരു ഘട്ടം കഴിഞ്ഞാൽ മോൾഡോവയായിരിക്കും പുട്ടിന്റെ ലക്ഷ്യമെന്ന് പറയുന്നവർ പാശ്ചാത്യലോകത്തുണ്ട്. പടിഞ്ഞാറ് റൊമാനിയയും കിഴക്കും തെക്കും വടക്കും യുക്രെയ്നുമാണ് ഈ മുൻ സോവിയറ്റ് റിപ്പബ്ലിക്കിന്റെ അതിർത്തികൾ. രാജ്യം സ്വതന്ത്രമായപ്പോൾ മോൾഡോവൻ ദേശീയവാദവുമായി ബന്ധപ്പെട്ട് വേർപിരി‍ഞ്ഞവർ റഷ്യയുടെ സഹായത്തോടെ രൂപീകരിച്ച ട്രാൻസ്‍നിസ്ട്രിയയിൽ വലിയ താത്പര്യങ്ങളുണ്ട്. യുക്രെയ്നെ പോലെ യാതൊരു തരത്തിലും പ്രതിരോധിക്കാൻ ശേഷിയുള്ള രാജ്യമല്ല മോൾഡോവ, എങ്കിലും നാറ്റോയുമായുള്ള ‘സഹകരണ പരിപാടി’യുടെ അടിസ്ഥാനത്തിൽ 2014 മുതൽ കൊസോവോയിലുള്ള സമാധാന സേനയിലേക്ക് സൈനികരെ അയയ്ക്കുന്നുണ്ട്, റഷ്യയ്ക്ക് ഇപ്പോൾ ഇവിടെ 1200 വരുന്ന സൈന്യം സ്ഥിരമായുണ്ട്. സോവിയറ്റ് യൂണിയൻ ഇല്ലാതായപ്പോൾ മോൾഡോവയിൽ അവശേഷിച്ച സൈനിക ഉപകരണങ്ങളും വെടിക്കോപ്പുകളും അടക്കം സംരക്ഷിക്കാനെന്ന പേരിൽ അവിടെ തുടരുന്ന സൈന്യമാണിത്. അതുപോലെ സൈനിക താവളവും മറ്റ് താത്പര്യങ്ങളും റഷ്യയ്ക്ക് ഇവിടെയുണ്ട്. യുക്രെയ്നെ ആക്രമിച്ചതിൽ റഷ്യയെ മോൾഡോവ രൂക്ഷമായി വിമർശിക്കുകയും ഇക്കഴിഞ്ഞ മാർച്ച് ആദ്യം യൂറോപ്യൻ യൂണിയനിൽ അംഗമാകാൻ അപേക്ഷ നൽകുകയും ചെയ്തു.

കാലിൻങ്ഗാര്‍ഡ്

പോളണ്ടിനും ലിത്വേനിയയ്ക്കും ബാൾട്ടിക് കടലിനും ഇടയ്ക്ക് കിടക്കുന്ന, റഷ്യയുമായി ഭൂമിശാസ്ത്രപരമായി ബന്ധമില്ലാത്ത ഈ ചെറുപ്രദേശം റഷ്യയുടെ കൈവശമാണ്. ബാൾട്ടിക് കടലിലുള്ള റഷ്യയുടെ പ്രധാന തുറമുഖവും ഇതാണ്. ശീതകാലത്തും മഞ്ഞുറയാത്തതിനാൽ ഇതുവഴി കപ്പൽ ഗതാഗതം സാധ്യമാണ് എന്ന സവിശേഷതയുമുണ്ട്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് നാസി ജർമനിയിൽനിന്നു പിടിച്ചെടുത്തതാണ് മുൻ പ്രഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം. ഇന്ന് നാറ്റോയ്ക്കും അമേരിക്കയ്ക്കും എതിരായ യുദ്ധസന്നാഹങ്ങൾ കിഴക്കൻ യൂറോപ്പിൽ റഷ്യ ഒരുക്കുന്നതും ഇവിടം കേന്ദ്രീകരിച്ചാണ്. നാറ്റോ രാജ്യങ്ങൾ വഴി മാത്രമേ ഇവിടെ എത്താൻ കഴിയൂ എന്നതിനാൽ വീസ ഒഴിവാക്കണമെന്ന റഷ്യൻ ആവശ്യം യൂറോപ്യൻ യൂണിയൻ തള്ളിയിരുന്നു. അമേരിക്ക പോളണ്ടിൽ മിസൈൽ പ്രതിരോധ സംവിധാനം ഒരുക്കിയാൽ തങ്ങൾ കാലിനങ്‍ഗ്രാഡിൽ മിസൈലുകൾ വിന്യസിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകുകയും പിന്നാലെ അത് നടപ്പാക്കുകയും ചെയ്തിരുന്നു. ആദ്യം റൊമാനിയയിൽ മിസൈൽ പ്രതിരോധ സംവിധാനം ഉണ്ടാക്കിയ അമേരിക്ക പിന്നീട് പോളണ്ടിലും ഇതിന്റെ നിർമാണം പൂർത്തിയാക്കി വരികയാണ്. അതുകൊണ്ടു തന്നെ റഷ്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ് കാലിനങ്‍ഗ്രാഡ്.

റഷ്യൻ ആക്രമണത്തിൽ തകർന്ന യുക്രെയ്ൻ പ്രദേശം. ചിത്രം: AFP

നടക്കാതെ പോയ ആ കരാർ

സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി നാറ്റോയും റഷ്യയും തമ്മിൽ കഴിഞ്ഞ വർഷം ഒരു കരാറിൽ ഒപ്പു വയ്ക്കാൻ ആലോചിച്ചിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ കരാർ നിലവിൽ വന്നിരുന്നു എങ്കിൽ യുക്രെയ്നിലെ ആയിരങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയോ ലക്ഷക്കണക്കിന് പേർ അഭയാർഥികളാക്കപ്പെടുകയോ ഉണ്ടാവില്ലായിരുന്നു എന്നാണ് കരുതുന്നത്. ശീതയുദ്ധത്തിനു ശേഷം നാറ്റോയിൽ ചേർന്ന 12 രാജ്യങ്ങളിൽ നിന്നും നാറ്റോ സൈന്യം പിന്മാറുക എന്നതായിരുന്നു കരാറിലെ പ്രധാന ഇനം. എന്നാൽ ഈ കരാർ നടപ്പായില്ല. എന്തുകൊണ്ട് നടപ്പായില്ല? അതിനു പിന്നിൽ ആർ‌ട്ടിക്കിലെ വലിയ തോതിലുള്ള ഊർജ–ഇന്ധന മേഖലയ്ക്ക് പങ്കുണ്ടോ? ആരാണ് കുളം കലക്കുന്നത്?

ആർട്ടിക് എന്ന ഊർജമേഖലയിലെ വമ്പന്മാർ

ഒരേ സമയം കാലാവസ്ഥാ വ്യതിയാനം എന്ന ദുരന്തത്തെ ലോകം അഭിമുഖീകരിക്കുമ്പോൾത്തന്നെ ഇതിന്റെ ‘ഗുണഫലം’ കാര്യങ്ങൾ വഷളാക്കുന്ന മേഖലകളിലൊന്നാണ് ആർട്ടിക് സമുദ്രവും ചുറ്റുമുള്ള മേഖലകളും. ചൂടു കൂടുന്നതിന് അനുസരിച്ച് മേഖലയിലെ മഞ്ഞുരുക്കം കൂടുകയും ഗതാഗതം സാധ്യമാവുകയും ചെയ്യുന്ന പ്രതിഭാസമാണ് ഇപ്പോഴുള്ളത്. അതിന്റെ ഒരുദാഹരണമായിരുന്നു 2103 ൽ നോർഡിക് ഒാറിയോൺ എന്ന ചരക്കു കപ്പൽ ആർട്ടിക് മുറിച്ചു കടന്ന് 1850 കി.മീ. സഞ്ചരിച്ച് വാൻകൂവറിൽനിന്ന് ഫിൻലൻഡിലെ പാരി തുറമുഖത്തെത്തിയത്. സാധാരണ പാനമ കനാൽ വഴി പോകേണ്ടിയിരുന്ന ദൂരത്തിൽ വലിയ കുറവാണ് ഇങ്ങനെ ഉണ്ടായത്. അതുപോലെ 2017 ൽ റഷ്യൻ എണ്ണക്കപ്പലായ ക്രിസ്റ്റഫെ ഡി മാർഗെറി ഐസ് നീക്കം ചെയ്യുന്ന സംവിധാനത്തിന്റെ സഹായമില്ലാതെ തന്നെ നോർവെയിൽ നിന്ന് ദക്ഷിണ കൊറിയ വരെ സഞ്ചരിച്ചതും ഇതിന്റെ ഉദാഹരണമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷനൽ അഫയേഴ്സിന്റെ കണക്കനുസരിച്ച് ആർട്ടിക് മേഖലയിൽ മാത്രം 90 ബില്യൻ ബാരൽ പെട്രോളിയം ശേഖരമുണ്ട്. അമേരിക്കൻ ജിയോളജിക്കൽ സർവെ പറയുന്നത്, ലോകത്തെ പ്രകൃതിവാതകത്തിന്റെ അഞ്ചിലൊന്ന് ആർട്ടിക്കിലെ മഞ്ഞുപാളികൾക്കടിയിൽ ഉണ്ടെന്നാണ്. വിവിധ ലോഹങ്ങളാലും സമ്പന്നമാണ് ഇവിടം.

അന്റാർട്ടിക്ക മേഖലയിൽ കാണപ്പെടുന്ന ലെപ്പേർഡ് സീൽ (Image Courtesy - ViktoriaIvanets / Shutterstock)

കാലാവസ്ഥാ വ്യതിയാനം, സാമ്പത്തികമേഖല, സാമൂഹിക നീതി എന്നിവയുമായി ബന്ധപ്പെട്ട റീക്ലെയിം ഫിനാൻസ് എന്ന സന്നദ്ധ സംഘടന പറയുന്നത് നിലവിൽ 599 പെട്രോളിയം, വാതക പാടങ്ങളാണ് ഉത്പാദനം നടത്തുന്നതോ അതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതോ അല്ലെങ്കിൽ ഇന്ധന ശേഖരം കണ്ടുപിടിച്ചതോ ആയ അവസ്ഥയില്‍ ആർട്ടിക് മേഖലയിലുള്ളത് എന്നാണ്. നിലവിൽ 24 കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നതിൽ 20 എണ്ണമാണ് ഇതിലെ 99.3 ശതമാനം ഇന്ധനശേഖരവും കൈകാര്യം ചെയ്യുന്നത്. ഗ്യാസ്പ്രോം എന്ന റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയാണ് ഇതിൽ ഒന്നാമത്, അമേരിക്കയിലെ കൊണോകോഫിലിപ്സ്, ഫ്രാൻസിലെ ടോട്ടൽഎനർജീസ്, നോർവെയുടെ ഇക്വിനോർ, യുകെ–ഡച്ച് കമ്പനി ഷെൽ എന്നിവയൊക്കെ ഇവിടുത്തെ പ്രധാന സാന്നിധ്യമാണ്. 2017–ൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഈ മേഖലകൾ സന്ദർശിച്ചിരുന്നു.

ഊർജ സമ്പത്തും സൈനിക നീക്കങ്ങളും തമ്മിൽ ബന്ധമുണ്ടോ?

ആർട്ടിക് മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള രാജ്യാന്തര ഫോറമാണ് ആർട്ടിക് കൗൺസിൽ. റഷ്യ, അമേരിക്ക, കാനഡ, ഐസ്‍ലൻഡ്, ഫിൻലന്‍ഡ്, നോർവെ, ഡെന്മാർക്ക്, സ്വീഡൻ തുടങ്ങിയവയാണ് ഇതിലെ അംഗങ്ങൾ. ചില രാജ്യങ്ങൾ നിരീക്ഷകരായും ഉണ്ട്. നിലവിൽ റഷ്യയ്ക്കാണ് കൗൺസിലിന്റെ ചെയർമാൻ പദവി. എന്നാൽ യുക്രെയ്നെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മറ്റ് ഏഴു രാജ്യങ്ങളും കൗണ്‍സിൽ യോഗങ്ങളിൽ പങ്കെടുക്കുന്നില്ല. എന്നാൽ റഷ്യയാകട്ടെ മുന്നോട്ടു വയ്ക്കുന്നത് മറ്റൊരു കാര്യമാണ് – ആർട്ടിക്കിൽ വർധിച്ചു വരുന്ന നാറ്റോ സാന്നിധ്യം.

നാറ്റോയുടെ സൈനിക പരിപാടികളുടെ രാജ്യാന്തരവത്ക്കരണത്തിന്റെ ഭാഗമായി ആർട്ടിക്ക് പോലുള്ള മേഖലകളിൽ ആർട്ടിക്കിന്റെ ഭാഗമല്ലാത്ത നാറ്റോ രാജ്യങ്ങളുടെ ഇടപെടലുകൾ ആശങ്കയുണ്ടാക്കുന്നതാണെന്ന് ആർട്ടിക് കൗണ്‍സിലിന്റെ നിലവിലെ ചെയർമാന്‍ നിക്കോളായി കൊർച്ചുനോവ് പറയുകയുണ്ടായി. സുരക്ഷാ പ്രശ്നങ്ങൾക്കു പുറമെ ആർട്ടിക്കിലെ പരിസ്ഥിതിക്കും ഇത് ദോഷമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക് രാജ്യങ്ങളിൽ പ്രമുഖമായ നോർവെയിൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷം നാറ്റോ നടത്തിയ വമ്പൻ സൈനികാഭ്യാസം കൂടി സൂചിപ്പിച്ചാണ് കൊർച്ചുനോവ് ഇക്കാര്യം പറഞ്ഞത്. ആർട്ടിക് സമുദ്രത്തിനരുകിൽ റഷ്യയുമായി അതിർത്തി പങ്കുവയ്ക്കുന്നിടത്താണ് ‘കോൾഡ് റെസ്പോൺസ്’ എന്ന, 27 രാജ്യങ്ങളും 30,000 സൈനികരും പങ്കെടുത്ത സൈനിക പരിപാടി നാറ്റോ നടത്തിയത്.

ആർട്ടിക് കൗണ്‍സിലിലെ എട്ടംഗങ്ങളിൽ അഞ്ചു പേരും നാറ്റോ അംഗങ്ങളാണ്. ഇതിൽ ഉൾപ്പെടാതിരുന്ന സ്വീഡനും ഫിൻലൻഡും കൂടി നാറ്റോയിൽ ചേരുന്നതോടെ നാറ്റോ അംഗമല്ലാത്ത ഏക രാജ്യമായി ഈ മേഖലയിൽ റഷ്യ മാറും. ചുരുക്കത്തിൽ ആർട്ടിക് മേഖലയിലെ തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതിന് റഷ്യ കൂടുതൽ ശ്രമം നടത്തേണ്ടി വരും. നോർവെയുടെ വടക്കൻ മേഖലയിൽ നടത്തിയ ‘കോൾഡ് റെസ്പോൺസ്’ പരിപാടിയിൽ സ്വീഡനും ഫിൻലൻഡും പങ്കെടുത്തതിലും റഷ്യ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും നാറ്റോയിൽ അംഗമാകാനുള്ള തീരുമാനത്തിലേക്കെത്തിയത്.

നോർവെയുടെ ആശങ്കകളും നാറ്റോയുടെ സാധ്യതകളും

ആർട്ടിക്കിൽ അതിർത്തി പങ്കുവയ്ക്കുന്ന നോർവെയും റഷ്യയും തമ്മില്‍ ശീതയുദ്ധക്കാലത്തിനു ശേഷം ബന്ധം മെച്ചപ്പെട്ടിരുന്നു എന്നാൽ 2014 ലെ റഷ്യയുടെ ക്രൈമിയ പിടിച്ചെടുക്കലിനു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ സംജാതമാകുന്ന സാഹചര്യവുണ്ടായി. നാറ്റോയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടിടത്താണ് നോർവെ സ്ഥിതി ചെയ്യുന്നത്. വടക്കൻ മേഖലയിലെ നാറ്റോ പ്രവർത്തനങ്ങൾ മുഴുവൻ നോർവെ കേന്ദ്രീകരിച്ചാണ്. നോർവെ റഷ്യയുമായി വലിയ തോതിൽ സമുദ്രാതിർത്തി പങ്കിടുന്നു എന്നതും പ്രധാനമാണ്. അതുകൊണ്ടുതന്നെ റഷ്യ യൂറോപ്യൻ മേഖലയിൽ നടത്തുന്ന ഏതിടപെടലും തങ്ങളെയായിരിക്കും രൂക്ഷമായി ബാധിക്കുക എന്നാണ് നോർവെ കരുതുന്നത്. നോർവെയുടെ കിഴക്കേ അറ്റത്ത് റഷ്യയുമായി അതിർത്തി പങ്കുവയ്ക്കുന്ന ആർട്ടിക്കിലെ മഹ്മാസ്കി (Murmansk)ലെ സൈനിക സന്നാഹങ്ങൾ കൂട്ടുന്നതും ആധുനികവത്ക്കരിക്കുന്നതും നോർവെയെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഇവിടെയാണ് പ്രകൃതിവിഭവങ്ങളുടെ വൻ ശേഖരം ഉള്ളത് എന്നതും മഞ്ഞുരുക്കം കൂടുതലാണ് എന്നതും പ്രധാനമാകുന്നത്. മഞ്ഞുരുക്കം വർധിക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗതം, പ്രധാനമായും ചരക്കു കപ്പലുകൾ, വർധിക്കും. അതിനൊപ്പമാണ് ഈ മേഖലയിൽ കൂടുതലായി പര്യവേഷണങ്ങൾ നടക്കാൻ സാധ്യതയുണ്ട് എന്ന ഭീഷണിയും. ആര്‍ട്ടിക് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം പടിപടിയായി വർധിക്കാനിടയുണ്ടെന്നും കണക്കാക്കാക്കപ്പെടുന്നു. അതായത്, കാലാവസ്ഥാ വ്യതിയാനവും റഷ്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായകമായേക്കാൻ സാധ്യതയുണ്ട്.

English Summary: Why Finland and Sweden's move to join NATO is significant amid Russia's Ukraine War? Part 2