ബാൽ താക്കറെയുടെ മരണത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ നേതൃത്വ പ്രതിസന്ധിയിലൂടെയാണ് ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ശിവസേന ഇപ്പോൾ കടന്നു പോകുന്നത്. ഷിൻഡെയ്ക്കു മുഖ്യമന്ത്രിസ്ഥാനം കൂടി കിട്ടിയതോടെ ഒരു കാന്തത്തിലേക്കെന്ന പോലെ ശിവസേന പ്രവർത്തകർ അദ്ദേഹത്തിലേക്ക് ആകർഷിക്കപ്പെടുമെന്ന ഭയവും താക്കറെമാർക്കുണ്ട്. അതേസമയം സംസ്ഥാനത്തെ പുതിയ നീക്കങ്ങൾ ബിജെപിക്കും അതിന്റേതായ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.. Eknath Shinde

ബാൽ താക്കറെയുടെ മരണത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ നേതൃത്വ പ്രതിസന്ധിയിലൂടെയാണ് ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ശിവസേന ഇപ്പോൾ കടന്നു പോകുന്നത്. ഷിൻഡെയ്ക്കു മുഖ്യമന്ത്രിസ്ഥാനം കൂടി കിട്ടിയതോടെ ഒരു കാന്തത്തിലേക്കെന്ന പോലെ ശിവസേന പ്രവർത്തകർ അദ്ദേഹത്തിലേക്ക് ആകർഷിക്കപ്പെടുമെന്ന ഭയവും താക്കറെമാർക്കുണ്ട്. അതേസമയം സംസ്ഥാനത്തെ പുതിയ നീക്കങ്ങൾ ബിജെപിക്കും അതിന്റേതായ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.. Eknath Shinde

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാൽ താക്കറെയുടെ മരണത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ നേതൃത്വ പ്രതിസന്ധിയിലൂടെയാണ് ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ശിവസേന ഇപ്പോൾ കടന്നു പോകുന്നത്. ഷിൻഡെയ്ക്കു മുഖ്യമന്ത്രിസ്ഥാനം കൂടി കിട്ടിയതോടെ ഒരു കാന്തത്തിലേക്കെന്ന പോലെ ശിവസേന പ്രവർത്തകർ അദ്ദേഹത്തിലേക്ക് ആകർഷിക്കപ്പെടുമെന്ന ഭയവും താക്കറെമാർക്കുണ്ട്. അതേസമയം സംസ്ഥാനത്തെ പുതിയ നീക്കങ്ങൾ ബിജെപിക്കും അതിന്റേതായ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.. Eknath Shinde

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി രണ്ടു സുപ്രധാന ലക്ഷ്യങ്ങളുണ്ട് ബിജെപിക്കു മുന്നിൽ, രണ്ടും സംഭവിക്കുക 2024ൽ. അതിൽ മുൻപന്തിയിലുള്ളത് ലോക്സഭാ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിർണായകം. രണ്ടാമതായി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപി നടത്തിയ വലിയൊരു പരീക്ഷണത്തിന്റെ ഫലമാണ് അന്നു കാത്തിരിക്കുന്നത്. ആ ലക്ഷ്യങ്ങളിലേക്ക് ഹിന്ദുത്വ ആശയത്തിന്റെ കൈപിടിച്ചു മുന്നോട്ടു പോകുമ്പോൾ ഒരു കാരണവശാലും ബിജെപിക്കു വിട്ടുകളയാന്‍ സാധിക്കാത്ത സംസ്ഥാനമാണു മഹാരാഷ്ട്ര. അതിനാലാണ്, അവസരം ലഭിച്ചപ്പോൾ സംസ്ഥാനത്തു ബിജെപി കയറിക്കളിച്ചതും, സകലരെയും ഞെട്ടിച്ചു കൊണ്ട് ഏക്‌നാഥ് ഷിൻഡെയെന്ന ശിവസേന നേതാവിനെ മുഖ്യമന്ത്രിസ്ഥാനത്തേക്കു നിർദേശിച്ചതും. എന്താണ് ബിജെപിയുടെ ഈ ആപ്രതീക്ഷിത നീക്കത്തിനു പിന്നിൽ? ശിവസേന സ്ഥാപകൻ ബാൽ താക്കറെ 1966ൽ പാർട്ടി സ്ഥാപിക്കുമ്പോൾ മഹാരാഷ്ട്രയുടെ രാഷ്ട്രീയം ദേശീയ തലത്തിലേക്ക് ഉയർത്തുകയെന്നതായിരുന്നു ലക്ഷ്യം. അതിന് അദ്ദേഹം പിന്തുടർന്നതാകട്ടെ തീവ്ര ഹിന്ദുത്വത്തിന്റെയും ദേശീയവാദത്തിന്റെയും പാതയും. ഒരുപക്ഷേ ബിജെപിക്കും മേലെയായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദുത്വവാദം. 2019ൽ കോൺഗ്രസ്–എൻസിപി സഖ്യത്തോടൊപ്പം ചേർന്നപ്പോൾ ബാൽ താക്കറെയുടെ ഹിന്ദുത്വ വാദത്തിൽനിന്ന് മകൻ ഉദ്ധവ് താക്കറെ വ്യതിചലിച്ചെന്നാണ് ഏക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള വിമതർ കുറ്റപ്പെടുത്തിയത്. തീവ്ര ഹിന്ദുത്വത്തെയും മറാഠ ‘മണ്ണിന്റെ മക്കൾ’ വാദത്തെയും എന്നും ഒപ്പം നിർത്തിയ വിമത സംഘമാണ് ഇപ്പോൾ ബിജെപിക്ക് ഒപ്പമെത്തിയിരിക്കുന്നത്. നേരത്തേ ശിവസേനയെന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു സഖ്യം മാത്രമായിരുന്നു. (1998ൽ വാജ്പേയി സർക്കാരിനെയും 2014ൽ നരേന്ദ്ര മോദി സർക്കാരിനെയും ശിവസേന പിന്തുണച്ചിരുന്നു) എന്നാൽ ഇപ്പോഴത് ബിജെപിക്ക് ഏറെക്കുറെ ‘സ്വന്ത’മായിരിക്കുന്നു, ഒരുപക്ഷേ അവർ ബിജെപിയുടെ കൂടുതൽ നിയന്ത്രണത്തിലായിരിക്കുന്നു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പ് ഈ പുതു കൂട്ടുകെട്ടിന്റെ ലിറ്റ്മസ് ടെസ്റ്റായും മാറും. അതിന് വിമതർ മാത്രമല്ല ശിവസേന അണികളും തങ്ങൾക്കൊപ്പം നിൽക്കണമെന്നത് ബിജെപി ഉറപ്പാക്കിയിരുന്നു. ഷിൻഡെയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയാൽ അത് എളുപ്പം സാധിക്കുമെന്നും ബിജെപിക്കറിയാം.

ഏക്‌നാഥ് ഷിൻഡെ. ചിത്രം: Twitter

∙ എന്തുകൊണ്ട് ഷിൻഡെ?

ADVERTISEMENT

മറാഠകളാണ് മഹാരാഷ്ട്രയിൽ ഏറെയും. മറാഠകളുമായി ചേർന്നു നിൽക്കുന്ന എൻസിപിയും ശിവസേനയുമായും ബന്ധം സ്ഥാപിക്കാനാണ് അവർക്ക് എന്നും താൽപര്യം. മറാഠകളിലെ പ്രമുഖരായ 96 കുലി വിഭാഗക്കാരനാണ് ഷിൻഡെ. അതിനാൽത്തന്നെ മറാഠകളെ ഒപ്പം നിർത്താൻ ബിജെപിക്കും എളുപ്പം സാധിക്കും. വരുംനാളുകളിൽ, ആരാണ് യഥാർഥ ശിവസേന എന്ന തർക്കവും ഉടലെടുക്കും. അത് തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിലെത്തുമ്പോൾ ഷിൻഡെ പക്ഷത്തിന് മുൻതൂക്കമുണ്ടാകേണ്ടതും അത്യാവശ്യമാണ്. നിലവിൽ ഷിൻഡെയ്ക്ക് ഒപ്പമുള്ള എംഎൽഎമാരുടെ എണ്ണം നോക്കുമ്പോൾ (ഇനി വരാനിരിക്കുന്നവരുടെയും) തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിലും അദ്ദേഹത്തിനായിരിക്കാം മുൻതൂക്കം.

ഇതൊരു വലിയ, തന്ത്രപ്രധാനമായ നീക്കമാണ്. അതിന്റെ ഭാഗമായാണ് ഷിൻഡെയെ ബിജെപി മുഖ്യമന്ത്രിസ്ഥാനത്തേക്കു നിർദേശിച്ചത്. ശിവസേനയെ തളർത്തുകയെന്നതാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. താക്കറെ കുടുംബത്തിന്റെ കൈകളിൽനിന്ന് ആ പാർട്ടിയെ മോചിപ്പിക്കുകയെന്നതും.

‘‘മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് താക്കറെ കുടുംബത്തിനു മുന്നിൽ ഇപ്പോഴുള്ളത്. ശിവസേനയുടെ മുദ്രാവാക്യങ്ങളും അതിന്റെ അണികളെയും ഉപയോഗിച്ചാണ് ബിജെപിയുടെ പുതിയ വെല്ലുവിളി. ഒപ്പം ഒരു മറാഠ മുഖ്യമന്ത്രിയെയും അവർ മുന്നോട്ടു നിർത്തുന്നു. അത് താക്കറെമാരിൽനിന്ന് ശിവസേനയെ മോചിപ്പിക്കാനാണ്. പക്ഷേ ഇത് എത്രമാത്രം വിജയിക്കുമെന്നറിയില്ല. കാരണം, മഹാരാഷ്ട്രയുടെ മനസ്സിൽ താക്കറെ കുടുംബമെന്നാൽ ശിവസേനയാണ്...’’– സഞ്ജയ് പറയുന്നു. ശിവസേനയെക്കുറിച്ച് പിഎച്ച്ഡി പഠനത്തിന്റെ ഭാഗമായി ഗവേഷണം നടത്തിയ നിരീക്ഷകനും കൂടിയാണ് സഞ്ജയ്.

വിമതർ അസമിലെ ഗുവാഹത്തിയിലേക്കു കടന്ന സമയത്ത് ഉദ്ധവ് ഉയർത്തിയ വാദത്തിന്റെ മുനയൊടിക്കാനും ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ബിജെപിക്കു സാധിച്ചു. ഒരു ശിവസേന പ്രവർത്തകൻ തന്നെ മുഖ്യമന്ത്രിയാവുമെങ്കിൽ താൻ സ്ഥാനമൊഴിയാൻ തയാറാണെന്നായിരുന്നു ഉദ്ധവിന്റെ വാക്കുകൾ. അക്കാര്യത്തിൽ ബിജെപിക്കും വിമതർക്കും ഉറപ്പു നൽകാനാകുമോയെന്നും ചോദിച്ചും. അതുപോലെത്തന്നെ സംഭവിക്കുകയും ചെയ്തിരിക്കുന്നു. 288 പേരുള്ള മണ്ഡലത്തിൽ 145 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ഒപ്പം 170 എംഎൽഎമാരുണ്ടെന്നാണ് ബിജെപി അവകാശവാദം.

അതേസമയം, ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ‘താക്കറെമാരുടെ ശിവസേന’യെ എഴുതിത്തള്ളുന്നില്ല ബിജെപി. മാത്രവുമല്ല, നിലവിൽ പ്രശ്നം കോടതിയുടെ പരിഗണനയിലുമാണ്. എങ്ങനെയായിരിക്കും ‘ഇരു ശിവസേനകളും’ തമ്മിലുള്ള പോരാട്ടമെന്ന് അറിയാനുള്ള കൗതുകവും ബിജെപിക്കുണ്ട്. അതില്‍ ആരായിരിക്കും വിജയിക്കുക എന്നറിയാനും. വിജയം ഷിൻഡെയുടെ ശിവസേനയ്ക്കായിരിക്കണമെന്ന ബിജെപിയുടെ സ്വാഭാവിക ആഗ്രഹത്തിന്റെ പരിണതഫലം കൂടിയായിരുന്നു ഷിൻഡെയുടെ മുഖ്യമന്ത്രി പദം.

ശിവസേന റാലിയിൽ ഏക്‌നാഥ് ഷിൻഡെ. ചിത്രം: Twitter
ADVERTISEMENT

∙ ‘താനെ താക്കറെ’യുടെ അനുയായി

മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയാണ് എക്നാഥ് സംബാജി ഷിൻഡെ. ഡ്രൈവറായി നടന്നവരെ പിടിച്ച് ഉന്നതങ്ങളിലെത്തിച്ചത് ശിവസേനയാണെന്ന് അടുത്തിടെ ശിവസേന നേതാക്കൾ ഷിൻഡെയെപ്പറ്റി പറഞ്ഞിരുന്നു. അതു സത്യവുമാണ്. ഓട്ടോഡ്രൈവറായിരുന്നു അദ്ദേഹം. പിന്നീട് ശിവസേനയ്ക്കൊപ്പം ചേർന്നാണ് പാർട്ടി പ്രവർത്തനത്തിൽ കരുത്തനായത്. മഹാവികാസ് അഘാഡി സർക്കാരിൽ നഗരവികസന–പൊതുമരാമത്ത് മന്ത്രിയായിരുന്നു. താനെയിൽ 2004ലായിരുന്നു ആദ്യ മത്സരവും ജയവും. കോപ്രി–പച്പക്‌വാഡി മണ്ഡലത്തിൽനിന്ന് 2009 മുതൽ തുടർച്ചയായി മൂന്നു തവണ എംഎൽഎ. ഒരിക്കൽപ്പോലും തന്റെ ഭൂതകാലം മറച്ചുവയ്ക്കാനും അദ്ദേഹം ശ്രമിച്ചിട്ടില്ല. മാത്രവുമല്ല, അവസരം കിട്ടുമ്പോഴെല്ലാം ബാൽ താക്കറെയോടും ശിവസേനയോടുമുള്ള കൂറ് അദ്ദേഹം ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു.

1964 ഫെബ്രുവരി 9നാണ് ഷിൻഡെയുടെ ജനനം. 1966ലാണ് ബാൽ താക്കറെ ശിവസേന രൂപീകരിക്കുന്നത്. 1967ൽ താനെ മുനിസിപ്പാലിറ്റിയിൽ പാർട്ടി വൻ വിജയം സ്വന്തമാക്കി. അതു പതിയെ മറ്റിടങ്ങളിലേക്കും പടർന്നു. 1971ൽ ബോംബെയിൽ ശിവസേന മേയറുണ്ടാകുന്ന നിലയിലേക്കെത്തി കാര്യങ്ങൾ. ശിവസേനയുടെ ഈ വളർച്ചയ്ക്കു സമാന്തരമായിട്ടായിരുന്നു ഷിൻഡെയുടെയും ജീവിതം ബാല്യം കടന്ന് കൗമാരത്തിലേക്കും പിന്നെ യുവത്വത്തിലേക്കും പ്രവേശിച്ചത്. സ്കൂൾ പഠനത്തിനു ചേർന്നെങ്കിലും ഷിൻഡെയ്ക്ക് പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെയാണ് തൊഴിൽ തേടി താനെയിലേക്കു പോകുന്നത്.

അക്കാലമാകട്ടെ മഹാരാഷ്ട്രയുടെ തെരുവുകളിൽ ശിവസേന പ്രവർത്തകർ അരങ്ങുവാണിരുന്ന നാളുകൾ. മണ്ണിന്റെ മക്കൾ വാദം മുഴക്കി മഹാരാഷ്ട്രയ്ക്കു വേണ്ടി രൂപം കൊണ്ട പാർട്ടി ഹിന്ദുത്വ വാദത്തിലേക്കു വഴിമാറിയ സമയം കൂടിയായിരുന്നു അത്. 1987ൽ വിലെ പാർലെയിലേക്കു നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഹിന്ദുത്വത്തിന്റെ പേരു പറഞ്ഞുതന്നെ ശിവസേന സ്ഥാനാർഥിക്കു വേണ്ടി ബാൽ താക്കറെ വോട്ടു പിടിച്ചു. ശിവസേന സ്ഥാനാർഥി ഡോ.രമേശ് യശ്വന്ത് പ്രഭു ജയിക്കുകയും ചെയ്തു. തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഭാകര്‍ കാശിനാഥ് പക്ഷേ പരാതിയുമായി മുന്നോട്ടു പോയി. ആറു വർഷത്തേക്ക് ബാൽ താക്കറെയ്ക്ക് വോട്ടു പോലും ചെയ്യാൻ സാധിക്കാത്ത വിധം തിരഞ്ഞെടുപ്പു കമ്മിഷനും സുപ്രീം കോടതിയും നടപടിയെടുക്കുകയും ചെയ്തു.

ADVERTISEMENT

താനെയിൽ ശിവസേനയുടെ നെടുംതൂണായിരുന്ന ആനന്ദ് ദിഘെയ്ക്കൊപ്പം ചേർന്നതാണ് ഷിൻഡെയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ‘താനെ താക്കറെ’ എന്നായിരുന്നു ദിഘെയുടെ വിളിപ്പേര്. 1980കളിൽ, ഒരിക്കൽ ഡ്രൈവറായി ദിഘെയ്ക്കൊപ്പം പോയതായിരുന്നു ഷിൻഡെ. പിന്നീട് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും ദിഘെയ്ക്കൊപ്പം ‘ടോപ്ഗിയറിൽ’ മുന്നോട്ടു പോയി. വിശ്വസ്തനാണു ഷിൻഡെയെന്ന് ഏറെ വൈകാതെ ദിഘെ തിരിച്ചറിഞ്ഞു. തന്റെ രാഷ്ട്രീയ ഗുരുവിനു വേണ്ടി എന്തു ചെയ്യാൻ വരെ തയാറായിരുന്നു ഷിൻഡെ. താനെയിലെ സാധാരണക്കാരുടെ ശിവസേന നേതാവായിരുന്നു ദിഘെ. എന്തു പരാതിയുമായും, ആർക്കും എപ്പോഴും സമീപിക്കാം. അതിന്റെ ഭാഗമായുള്ള പ്രശ്ന പരിഹാര ദർബാറുകളിലും ദിഘെയ്ക്കൊപ്പം ഷിൻഡെ സജീവ സാന്നിധ്യമായി. അപ്പോഴേക്കും ഷിൻഡെയുടെ വേഷവും ദിഘെയ്ക്കു സമാനമായിരുന്നു. വൈകാതെ ദിഘെ പ്രഖ്യാപിക്കുകയും ചെയ്തു–‘എന്റെ പിൻഗാമിയായിരിക്കും ഷിൻഡെ’ എന്ന്.

ആനന്ദ് ദിഘെ, ഏക്നാഥ് ഷിൻഡെ (ചിത്രം: Facebook/Twitter)

താനെ–പാൽഘർ മേഖലയിൽ പാർട്ടിയുടെ അടിത്തറ ശക്തമാക്കാനും ഷിൻഡെ മുന്നിട്ടുനിന്നു. 2001ൽ അപ്രതീക്ഷിതമായി കാറപകടത്തിൽ ദിഘെയുടെ മരണം. പിന്നീട് താനെയിൽ ഷിൻഡെയുടെ നാളുകളായിരുന്നു. താക്കറെമാരോളം തന്നെ ശക്തനായും വൈകാതെ അദ്ദേഹം മാറി. ശിവസേനയ്ക്കു വേണ്ടി ഷിൻഡെ തെരുവിൽ പോരാടിയതിന്റെ ചരിത്രം പലവിധ കേസുകളായി മഹാരാഷ്ട്രയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ട്. പാർട്ടി പ്രകടനങ്ങൾക്കിടെ മാരകായുധങ്ങൾ ഉപയോഗിച്ചതിനും കലാപശ്രമത്തിനുമെല്ലാം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതൊന്നും പക്ഷേ മുന്നോട്ടുള്ള യാത്രയിൽ തടസ്സമായില്ല.

∙ അന്നേ തുടങ്ങി ഷിൻഡെ–ഫഡ്‌നാവിസ് ബന്ധം

1997ലാണ് ആദ്യമായി ഷിൻഡെ തിരഞ്ഞെടുപ്പ് നേരിടുന്നത്. താനെ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ജയവും സ്വന്തമാക്കി. 2001ൽ കോർപറേഷൻ മേധാവിയായി. 2004ൽ ആദ്യമായി എംഎൽഎ; താനെയിൽനിന്നായിരുന്നു ജയം 2005ൽ അദ്ദേഹം ശിവസേനയുടെ താനെ ജില്ലാ തലവനായി. അതിനോടകം തന്റെ ശക്തികേന്ദ്രമാക്കി താനെയെ അദ്ദേഹം മാറ്റിക്കഴിഞ്ഞു. താനെയിലെ കല്യാൺ മണ്ഡലത്തിലെ ലോക്സഭാ എംപിയാണ് ഷിൻഡെയുടെ മകൻ ഡോ. ശ്രീകാന്ത്. 2014ൽ മൂന്നു മാസത്തോളം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട് ഷിൻഡെ. ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയ്ക്കൊപ്പം ചേരാതെ ശിവ സേന മാറിനിന്ന സമയത്തായിരുന്നു അത്. പക്ഷേ അധികം വൈകാതെ ബിജെപി സർക്കാരിനൊപ്പം സേന ചേർന്നു. ഷിൻഡെ പൊതുമരാമത്ത് മന്ത്രിയുമായി.

സത്യപ്രതിജ്ഞാ ചടങ്ങിൽ ഏക്‌നാഥ് ഷിൻഡെ, ദേവേന്ദ്ര ഫഡ്‌നാവിസ്. ചിത്രം: Twitter

അക്കാലത്തുതന്നെ മുഖ്യമന്ത്രി ഫഡ്നാവിസുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു അദ്ദേഹം. ആ ബന്ധം ശക്തമാണെന്നതിന്റെ വ്യക്തമായ സൂചനയും 2016ൽ ലഭിച്ചു. സഖ്യകക്ഷിയായിട്ടും, ആ വർഷം നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ എല്ലായിടത്തും ബിജെപി ശിവസേനയ്ക്കെതിരെ മത്സരിച്ചു. ഒരിടത്തൊഴികെ, അത് താനെയായിരുന്നു– ഷിൻഡെയുടെ ശക്തികേന്ദ്രം. 2018ൽ ശിവസേന നിയമസഭാ കക്ഷി നേതാവായി അദ്ദേഹം ഉയർന്നു. 2019ൽ മഹാവികാസ് അഘാഡി സഖ്യം രൂപപ്പെട്ടപ്പോൾ അവിടെയും ഷിൻഡെയ്ക്കു മന്ത്രിസ്ഥാനം ലഭിച്ചു. ഇത്തവണ പൊതുമരാമത്തിനൊപ്പം നഗരവികസന വകുപ്പും ലഭിച്ചു. മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന ശിവസേന നേതാവുമായിരുന്നു അദ്ദേഹം. അപ്പോഴും ഫഡ്നാവിസുമായുള്ള ഷിൻഡെയുടെ ബന്ധം തുടർന്നു. സേന നേതാക്കളെല്ലാം സംശയത്തോടെയാണ് അതിനെ നോക്കിക്കണ്ടതും. ഫഡ്നാവിസ് തന്റെ മേൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം വെറുതെയാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയാകാനുള്ള തീരുമാനത്തിനു പിന്നാലെ ഷിൻഡെ ട്വീറ്റ് ചെയ്തത്.

∙ പാർട്ടിയും പ്രവർത്തകരും ആർക്കൊപ്പം?

മഹാസഖ്യത്തിൽ മന്ത്രിയായിരിക്കെത്തന്നെ താനെയിലും മറ്റിടങ്ങളിലും പാർട്ടി പ്രവർത്തകർക്കിടയിലെ നിർണായക സ്വാധീനശക്തിയാകാനും ഷിൻഡെ ശ്രമിച്ചിരുന്നു. സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ വരെ വിശേഷദിവസങ്ങളിൽ അദ്ദേഹം സന്ദർശനത്തിനെത്തി. പ്രവർത്തകരുമായുള്ള ബന്ധം ശക്തമായിത്തന്നെ മുന്നോട്ടുകൊണ്ടു പോവുകയെന്നതാണ് ഷിൻഡെയ്ക്കു മുന്നിലെ വലിയ വെല്ലുവിളി. വിമതർക്കൊപ്പം അസമിലേക്കു പോയ സമയത്ത് സംസ്ഥാനം മുഴുവൻ യാത്ര ചെയ്ത് പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും കാണുകയാണ് ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ ചെയ്തത്. പ്രവർത്തകർ കൈവിട്ടു പോകാതിരിക്കാനായിരുന്നു ആ ശ്രമങ്ങളെല്ലാം. മഹാരാഷ്ട്രയിലേക്കു തിരികെയെത്തിയ ഷിൻഡെയും ലക്ഷ്യം വയ്ക്കുന്നത് അണികൾ തനിക്കൊപ്പം നിൽക്കണമെന്നാണ്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഇനി അക്കാര്യം അദ്ദേഹത്തിന് എളുപ്പം സാധിക്കുകയും ചെയ്യും. തെരുവിലിറങ്ങിയും വെയിലു കൊണ്ടും പാർട്ടിക്കൊപ്പം നിന്ന് അതിനെ വളർത്തിയതിന്റെ ശക്തമായ പിൻബലവും ഷിൻഡെയ്ക്കുണ്ടെന്നത് ഉദ്ധവിനും ആദിത്യയ്ക്കും വ്യക്തവുമാണ്.

വിമതർക്കൊപ്പം ഗുവാഹത്തിയിലേക്കു മാറുന്നതിനു മുൻപായി നടന്ന ശിവസേനയുടെ 56–ാം ജന്മദിനാഘോഷ ചടങ്ങിൽ ഉദ്ധവ് താക്കറെയ്ക്കും ആദിത്യയ്ക്കുമൊപ്പം ഏക്‌നാഥ് ഷിൻഡെ. ചിത്രം: Twitter

2012ൽ ബാൽ താക്കറെയുടെ മരണത്തിനു പിന്നാലെയുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ശിവസേന ഇപ്പോൾ കടന്നു പോകുന്നത്. മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെ, സെൻട്രൽ മുംബൈയിലെ പാർട്ടി ആസ്ഥാനമായ സേന ഭവനിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്ന് ഉദ്ധവ് വ്യക്തമാക്കിയിരുന്നു. തനിക്കൊപ്പം ആരെല്ലാം ഉണ്ടാകുമെന്ന കണക്കുകൂട്ടലും ഇതിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നു. ഇതോടൊപ്പം ആദിത്യയും, ശിവസേനയുടെ അടിത്തറ ബലപ്പെടുത്താനുള്ള ശ്രമത്തിലാണ്. എന്നാൽ മുഖ്യമന്ത്രിസ്ഥാനം കൂടി കിട്ടിയതോടെ ഒരു കാന്തത്തിലേക്കെന്ന പോലെ ശിവസേന പ്രവർത്തകർ ഷിൻഡെയിലേക്ക് ആകർഷിക്കപ്പെടുമെന്ന ഭയവും താക്കറെമാർക്കുണ്ട്.

56 വർഷത്തെ ചരിത്രത്തിനിടെ ഞെട്ടിച്ച പല നീക്കങ്ങളിലൂടെയും സേന കടന്നുപോയിട്ടുണ്ട്. 1991ൽ ഛഗൻ ഭുജ്പാലും 2005ൽ നാരായചൺ റാണെയും 2006ൽ രാജ് താക്കറെയും പാർട്ടി വിട്ടതാണ് ഇതിനു മുൻപേയുണ്ടായ ഞെട്ടലുകൾ. ശിവ സേനയുടെ മുഖമായിരുന്നു ഈ നേതാക്കളെല്ലാം. എന്നാൽ അതൊന്നും പാർട്ടിയുടെ അടിത്തറയ്ക്ക് ഇളക്കം തട്ടുന്ന വിധത്തിലായിരുന്നില്ല. അതാണു പക്ഷേ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. താനെ, കൊങ്കൺ, മറാത്ത്‌വാഡ മേഖലകളാണ് സേനയുടെ സുപ്രധാന ശക്തികേന്ദ്രങ്ങള്‍. അവിടങ്ങളിൽനിന്നുള്ള എംഎൽഎമാരാണ് ഷിൻഡെയ്ക്കൊപ്പം ചേർന്നിരിക്കുന്നത്. ഇതാണ് ഉദ്ധവിന്റെയും ആദിത്യയുടെയും ആശങ്ക ശക്തമാക്കുന്നതും. പ്രത്യേകിച്ച് ഈ വർഷം അവസാനം മുംബൈ കോർപറേഷൻ തിരഞ്ഞെടുപ്പും വരികയാണ്. മൂന്നു പതിറ്റാണ്ടായി ശിവസേന അധികാരം കയ്യാളിയിരിക്കുന്ന ആ ഇടത്തേക്കാണ് ഷിൻഡെ പക്ഷവുമായെത്തി ബിജെപി ഇടിച്ചുകയറാനൊരുങ്ങുന്നത്.

ഏക്‌നാഥ് ഷിൻഡെ, ദേവേന്ദ്ര ഫഡ്‌നാവിസ്. ചിത്രം: PTI

∙ പിണക്കത്തിലാണോ ഫഡ്‌നാവിസ്?

അതേസമയം സംസ്ഥാനത്തെ പുതിയ നീക്കങ്ങൾ ബിജെപിക്കും അതിന്റേതായ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. സന്തോഷം നിറഞ്ഞ മുഖമുള്ള ഒരു ഫഡ്ഡാവിസിനെയാണോ ഷിൻഡെയ്ക്കൊപ്പം കണ്ടതെന്ന ചോദ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ ബിജെപിയുടെ മുഖമായ, മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്ന ഫഡ്നാവിസിന് അവസാന നിമിഷം എന്തു സംഭവിച്ചുവെന്നത് ഇപ്പോഴും അവ്യക്തം. ആരംഭത്തിൽ അദ്ദേഹം പറഞ്ഞത്, താൻ മന്ത്രിസഭയുടെ പോലും ഭാഗമാകുന്നില്ലെന്നായിരുന്നു. എന്നാൽ സത്യപ്രതിജ്ഞയുടെ സമയമായതോടെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസ് എത്തി.

അധികാരത്തിനായല്ല, ആദർശത്തിനായാണ് ഞങ്ങളുടെ പോരാട്ടം. 2019ൽ ബിജെപിയും ശിവസേനയും ഒന്നിച്ചാണു മത്സരിച്ചത്. മികച്ച വിജയം നേടിയിട്ടും ബാലാ സാഹെബ് (ബാൽ താക്കറെ) എതിർത്തവരോടൊപ്പമാണ് ശിവസേന ചേർന്നത്. ഇതിൽ അവരുടെ എംഎൽഎമാർക്കുള്ള അതൃപ്തിയാണു പുറത്തുവന്നത്.

നിലവിൽ സ്വതന്ത്രർ ഉൾപ്പെടെ അൻപതിനടുത്ത് എംഎൽഎമാരാണ് ഷിൻഡെയ്ക്ക് ഒപ്പമുള്ളത്. ബിജെപിക്കാകട്ടെ 106 പേരും. ഷിൻഡെയ്ക്കൊപ്പം വന്ന വിമതർക്കും അനുയോജ്യ സ്ഥാനങ്ങൾ നൽകേണ്ടത് ആത്യാവശ്യമാണ്. വലിയ പാർട്ടിയായ ബിജെപിയിലെ നേതാക്കളെ മാറ്റി, ഇപ്പോൾ കയറിവന്ന ‘ചെറു പാർട്ടി’ നേതാക്കൾക്ക് സ്ഥാനങ്ങൾ വാരിക്കോരി കൊടുത്താൽ ഐക്യച്ചരട് പൊട്ടാൻ അധികം താമസം വേണ്ടെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

മഹാരാഷ്ട്രയിലെ ചതുരംഗക്കളം ആകെ മാറിമറിഞ്ഞിരിക്കുന്നു. പെട്ടെന്നൊരു വിജയം ഉദ്ധവിനു സാധ്യമല്ല. പക്ഷേ ബാൽ താക്കറെ സൃഷ്ടിച്ച ശിവ സേനയുടെ പ്രതിച്ഛായ ഉദ്ധവിനൊപ്പം തുടരും. സേനയെ വഞ്ചിച്ച വിമതനായേ ഷിൻഡെ വിലയിരുത്തപ്പെടുകയുള്ളൂ. ശിവസേനയുടെ തകർച്ചയായി പക്ഷേ ഇപ്പോഴത്തെ സംഭവവികാസങ്ങളെ കാണാനാകില്ല. പാർട്ടി വീണ്ടും ശക്തി പ്രാപിക്കും. ഇപ്പോഴത്തേത് ആദർശത്തിന്റെ പേരിലല്ല, അധികാരത്തിന്റെ പേരിലുള്ള പോരാട്ടമാണ്. താനെയ്ക്ക് അപ്പുറത്തേക്ക് ഷിൻഡെയുടെ വിശ്വാസ്യത വളരില്ല. പക്ഷേ മഹാരാഷ്ട്രയിലും ഒരുപക്ഷേ അതിനുമപ്പുറത്തേക്കും ഉദ്ധവിന്റെ വിശ്വാസ്യത ഉയരും

അതിനിടെ ഷിൻഡെയെ വളർത്താനും ശിവസേനയെ ഇല്ലാതാക്കാനുമാണോ ബിജെപി ഒപ്പം നിർത്തിയിരിക്കുന്നതെന്ന ചോദ്യവും ശക്തമാണ്. ആരു പറഞ്ഞിട്ടാണ് അവസാന നിമിഷത്തിൽ ഉപമുഖ്യമന്ത്രിയാകാൻ ഫഡ്നാവിസ് തയാറായതെന്ന ചോദ്യത്തിനും ഇതുവരെ കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല, അതിപ്പോഴും നിഗൂഢം. സമാനമായ ഗൂഢ ലക്ഷ്യങ്ങൾ ബിജെപി അണിയറയിലൊരുക്കുന്നുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നു. ശിവസേനയെ തളർത്തുകയെന്ന ലക്ഷ്യമാണ് അതിൽ മുൻപന്തിയിലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ എങ്ങനെ? ഷിൻഡെയെയും സംഘത്തെയും ഒപ്പം കൂട്ടി വിശാല ഹിന്ദുത്വത്തിന്റെ വലിയ ‘ഒറ്റക്കൂട്ടുകെട്ടാണോ’ മഹാരാഷ്ട്രയിൽ ഭാവിയിൽ ബിജെപി ലക്ഷ്യമിടുന്നത്? അത് ശിവസേനയുടെ അന്ത്യം കുറിക്കുമോ? വരുംനാളുകളിൽ ഇതിന്റെയെല്ലാം ഉത്തരം ലഭിക്കുന്നതിനനുസരിച്ചിരിക്കും ഉദ്ധവിന്റെ തളർച്ചയും വളർച്ചയും.

English Summary: Is BJP Looks to Weaken Shiv Sena by Picking Eknath Shinde as Maharashtra CM